അബുദാബിയില്‍ ലോ കോസ്റ്റ് എയര്‍ലൈന്‍ തുടങ്ങുന്നു

ദുബൈ: 2020 വര്‍ഷത്തില്‍ അബുദാബിയില്‍ ലോ കോസ്റ്റ് എയര്‍ലൈന്‍ തുടങ്ങുന്നു. അബുദാബി ഡവലപ്പ്‌മെന്റ് ഹോള്‍ഡിംഗ് കമ്പനിയും യൂറോപ്പിലെ വളരെ വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന എയര്‍ലൈനായ വിസ് എയര്‍ ഹോല്‍ഡിംഗ്‌സ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ചെലവ് കുറഞ്ഞ ഈ എയര്‍ലൈന്‍ സര്‍വീസ് 2020 അവസാനത്തോടെ സര്‍വീസ് നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. യുഎഇയുടെ തലസ്ഥാനത്ത് ഒരു ലോ കോസ്റ്റ് എയര്‍ലൈന്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ടുള്ള കരാര്‍ ഈ മേഖലയിലെ നാഴികകല്ലായി മാറും. വിസ് എയര്‍ അബുദാബിയുടെ സര്‍വീസ് ഈ വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ തുടങ്ങും. കുറഞ്ഞ നിരക്കില്‍ മികച്ച സൗകര്യങ്ങളോടെ യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യ എന്നീ മേഖലകളിലേക്ക് സര്‍വീസ് നടത്താനാണ് പദ്ധതി. വിസ് എയര്‍ അബുദാബി രാജ്യത്ത് കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കപ്പെടും. പുതിയ കമ്പനിയിലേക്കുള്ള ജീവനക്കാരെ ഉടന്‍ തന്നെ റിക്രൂട്ട് ചെയ്യും. ഈ സര്‍വീസ് തുടങ്ങുന്നതോടെ അബുദാബിയിലേക്ക് കൂടുതല്‍ സന്ദര്‍ശകരെ എത്തിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. അബുദാബിയുടെ വിനോദസഞ്ചാര മേഖലക്ക് പുതിയ എയര്‍ലൈന്‍ കൂടുതല്‍ കരുത്ത് പകരുമെന്ന് എഡിഡിഎച്ച് സിഇഒ; മുഹമ്മദ് ഹസ്സന്‍ അല്‍സുവൈദി പറഞ്ഞു. കഴിഞ്ഞ വര്‍ഷം എമിറേറ്റില്‍ വിനോദസഞ്ചാര രംഗത്ത് 11.35 മില്യന്‍ ആളുകളാണ് എത്തിയത്. പുതിയ സര്‍വീസ് അബുദാബി ഏവിയേഷന്‍ മേഖലയില്‍ കുതിപ്പിന് വഴിയൊരുക്കുമെന്ന് വിസ് എയര്‍ ഹോള്‍ഡിംഗ്‌സ് സിഇഒ; ജോസഫ് വറാദി പറഞ്ഞു.