അമ്മയോളം പുണ്യം മറ്റെന്താണ്…. മാതാവിന്റെ കാല്‍ക്കീഴിലാണ് സ്വര്‍ഗം… കൃസ്്റ്റിയാനോ റൊണാള്‍ഡോ ലോകം അറിയപ്പെടുന്ന ഫുട്ബോളറാണ്. ലോകത്താകമാനം കോടിക്കണക്കിന് ആരാധകരുള്ള എല്ലാവരുടെയും പ്രിയപ്പെട്ട ഫുട്ബോളര്. പ്രായത്തെ തോല്‍പ്പിക്കുന്ന പ്രതിഭാ വിലാസവുമായി മൈതാനങ്ങളെ ഇളക്കിമറിക്കുന്ന ഫുട്ബോളര്. കാലില്‍ പന്ത് കിട്ടിയാല്‍ പിന്നെ അദ്ദേഹത്തിന്റെ കുതിപ്പ് തടയാന്‍ പലപ്പോഴും പ്രതിയോഗികള്ക്ക്് കഴിയാറില്ല. പോര്‍ച്ചുഗല്‍ താരത്തിന്റെ ഈ കുതിപ്പിന്റെ രഹസ്യം അദ്ദേഹത്തിന്റെ മാതാവാണ്. 65 കാരിയായ ഡോലോറസ് അവെരിയോ. കഴിഞ്ഞ ഞായറാഴ്ച്ച റൊണാള്‍ഡോ മാഡ്രിഡിലെ സാന്‍ഡിയാഗോ ബെര്ണബുവിലായിരുന്നു. എല്‍ ക്ലാസിക്കോ ആസ്വദിക്കാന്‍. തന്റെ പഴയ ടീം റയല്‍ മാഡ്രിഡ് രണ്ട് ഗോളിന് ജയിച്ചത് മാത്രമായിരുന്നില്ല അദ്ദേഹത്തിന്റെ ആഹ്ലാദം. റയലിന്റെ ആദ്യ ഗോള്‍ നേടിയ വിനീഷ്യസ് ജൂനിയര്‍ ഗോള്‍ നേട്ടത്തിന് ശേഷം ആഹ്ലാദം പ്രകടിപ്പിച്ചത് തന്റെ സ്റ്റൈല്‍ കടമെടുത്തായിരുന്നു എന്നതും പോര്ച്ചുഗലുകാരന് നല്‍കിയത് വലിയ ആഹ്ലാദമായിരുന്നു. മാഡ്രിഡില്‍ നിന്നും ഇറ്റലിയില്‍ തിരിച്ചെത്തിയ ഉടനാണ് മാതാവിനെ ആസ്പത്രിയിലാക്കിയ കാര്യം അദ്ദേഹമറിയുന്നത്. പക്ഷാഘാതത്തെ തുടര്‍ന്ന് തന്റെ ജന്മദ്വീപായ മദേരയിലെ ആസ്പത്രിയിലായിരുന്നു അമ്മയെ അഡ്മിറ്റ് ചെയ്തത്. ടൂറിനില്‍ നിന്നും സ്വന്തം പ്രൈവറ്റ് വിമാനത്തില്‍ പെണ് സുഹൃത്ത് ജോര്‍ജീന റോഡ്രിഗസ്, മകന് കൃസ്റ്റിയാനിഞ്ഞോ (കൃസ്റ്റിയാനോ റൊണാള്‍ഡോ ജൂനിയര്‍) എന്നിവര്‍ക്കൊപ്പം ആസ്പത്രിയിലെത്തി. രണ്ട് നാള് അമ്മക്ക് അരികിലായിരിക്കും പ്രിയ പുത്രന്. അമ്മ സുഖം പ്രാപിച്ചുവരുന്നതായും ഇപ്പോള്‍ പ്രയാസങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഡോക്ടര്‍മാര്‍ക്കും അമ്മക്കായി പ്രാര്‍ത്ഥിച്ചവര്‍ക്കുമെല്ലാം നന്ദി പറഞ്ഞ താരം ഇപ്പോള്‍ അല്‍പ്പം സ്വകാര്യതയാണ് ആവശ്യമെന്നും ആരും അസ്പത്രിയിലേക്ക് വരേണ്ടെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. തലച്ചോറിലേക്ക് പോവുന്ന ഞരമ്പില്‍ രക്തം ക്ലോട്ട് ചെയ്തതാണ് പ്രശ്നമായതെന്നും ഇപ്പോള്‍ ആരോഗ്യം മെച്ചപ്പെട്ട് വരുന്നതായും ഡോക്ടര്‍മാര്‍ സ്ഥീരികരിച്ചു. മകന് മാതാവിനൊപ്പം കൂടുതല്‍ ദിവസമുണ്ടാവും. കോറോണ വൈറസ് ബാധ കാരണം ഇറ്റാലിയന്‍ സിരിയ എ യില്‍ മല്‍സരങ്ങളെല്ലാം തല്ക്കാലം നിര്‍ത്തിവെച്ചിരിക്കയാണ്.