ആസ്റ്റര്‍ ഹോംസ്: 100 വീടുകളുടെ താക്കോല്‍ ദാനം മുഖ്യമന്ത്രി നിര്‍വഹിച്ചു

47

‘സാമൂഹിക-സേവന രംഗങ്ങളില്‍ ആസ്റ്റര്‍ ഗ്രൂപ് പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം’

ദുബൈ/കൊച്ചി: കേരളത്തിലുണ്ടായ മഹാ പ്രളയത്തില്‍ ഭവന രഹിതതര്‍ക്കായി ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയറിന്റെ സാമൂഹിക പ്രവര്‍ത്തന വിഭാഗമായ ആസ്റ്റര്‍ വളണ്ടിയേഴ്‌സിന്റെ ‘ആസ്റ്റര്‍ ഹോംസ്’ ഭവന നിര്‍മാണ സംരംഭം ആഭിമുഖ്യത്തില്‍ നിര്‍മിച്ച 100 വീടുകളുടെ താക്കോല്‍ ദാനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കേരള പുനര്‍നിര്‍മാണ പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ച 250 വീടുകളിലെ ആദ്യ ഘട്ടം നിര്‍മാണം പൂര്‍ത്തിയായതാണിവ. സാമൂഹിക-സേവന രംഗങ്ങളില്‍ ആസ്റ്റര്‍ ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഡോ. ആസാദ് മൂപ്പന്‍ മനുഷ്യ സ്‌നേഹിയായ സംരംഭകനാണെന്നത് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടാണ്. പ്രളയ കാലത്ത് ആസ്റ്റര്‍ വളണ്ടിയേഴ്‌സ് നേതൃത്വത്തില്‍ നടന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധേയമയാിരുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
മേയര്‍ സൗമിനി ജെയിനിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഭവന നിര്‍മാണത്തില്‍ പങ്കാളിയായ റോട്ടറി ഇന്റര്‍നാഷണലിനെയും ദുരിത ബാധിതര്‍ക്ക് ഭൂമി നല്‍കിയവരെയും മുഖ്യമന്ത്രി ആദരിച്ചു. 2018ലെ മഹാ പ്രളയത്തില്‍ സര്‍വതും നഷ്ടപ്പെട്ട വലിയ ജനവിഭാഗത്തിന് വീട് നിര്‍മിച്ചു നല്‍കാമെന്ന വാഗ്ദാനം നിറവേറ്റാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് ചടങ്ങില്‍ സംസാരിച്ച ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷന്‍ മാനേജിംഗ് ട്രസ്റ്റി ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. വാഗ്ദാനം ചെയ്ത 250 വീടുകളില്‍ 100ലേറെ വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ആസ്റ്റര്‍ വളണ്ടിയേഴ്‌സിന് കഴിഞ്ഞിട്ടുണ്ട്.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി നിര്‍മിക്കുന്ന 250 വീടുകളില്‍ ബാക്കി വീടുകളുടെ നിര്‍മാണ പ്രവൃത്തികള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്. അവ ഒരു വര്‍ഷത്തിനകം പൂര്‍ത്തീകരിച്ച് ഭവന രഹിതര്‍ക്ക് കൈമാറാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രളയം ഏറ്റവും കൂടുതല്‍ നാശം വിതച്ച ജില്ലകളായ വയനാട്ടില്‍ 45ഉം എറണാകുളത്ത് 33ഉം ആലപ്പുഴ, കോട്ടയം ജില്ലകളില്‍ 7 വീതവും കോഴിക്കോട്ട് 4ഉം പത്തനംതിട്ടയില്‍ 5ഉം വീടുകളാണ് ആദ്യ ഘട്ടത്തില്‍ കൈമാറിയത്. 2019ലെ ഉരുള്‍പൊട്ടല്‍ നാശം വിതച്ച മലപ്പുറം ജില്ലയിലെ കവളപ്പാറ, വയനാട് ജില്ലയിലെ പുത്തുമല എന്നിവിടങ്ങളിലും മറ്റ് സ്ഥലങ്ങളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മറ്റ് സന്നദ്ധ സംഘടനകളും വ്യക്തികളും സംഭാവന നല്‍കിയ സ്ഥലങ്ങളില്‍ ഗ്രൂപ് ഹൗസിംഗ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആസ്റ്റര്‍ ഹോംസ് വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്നും ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.
ഹൈബി ഈഡന്‍ എംപി, എംഎല്‍എമാരായ ടി.ജെ വിനോദ്, എസ്.ശര്‍മ, വി.ഡി സതീശന്‍, ഇബ്രാഹിംകുഞ്ഞ്, അന്‍വര്‍ സാദത്ത്, ജില്ലാ കലക്ടര്‍ എസ്.സുഹാസ്, ഹാബിറ്റാറ്റ് ഗ്രൂപ് ചെയര്‍മാന്‍ ജി.ശങ്കര്‍, ആസ്റ്റര്‍ ഇന്ത്യാ സിഇഒ ഡോ. ഹരീഷ് പിള്ള, ആസ്റ്റര്‍ മെഡ്‌സിറ്റി സിഇഒ കമാന്‍ഡര്‍ ജെല്‍സണ്‍ കവലക്കാട്ട് ചടങ്ങില്‍ പങ്കെടുത്തു.

ഫോട്ടോ-
പ്രളയ ബാധിതര്‍ക്കായി ആസ്റ്റര്‍ വളണ്ടിയേഴ്‌സ് നിര്‍മിച്ച വീടുകളുടെ താക്കോല്‍ ദാനം മുഖ്യമ്രന്തി പിണറായി വിജയന്‍ നിര്‍വഹിക്കുന്നു. ജില്ലാ കലക്ടര്‍ എസ്.സുഹാസ്, അന്‍വര്‍ സാദത്ത് എംഎല്‍എ, മേയര്‍ സൗമിനി ജെയിന്‍, വി.ഡി സതീശന്‍ എംഎല്‍എ, ഡോ. ആസാദ് മൂപ്പന്‍, ഹൈബി ഈഡന്‍ എംപി, വി.കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എ, ടി.ജെ വിനോദ് എംഎല്‍എ, ആര്‍ക്കിടെക്റ്റ് ജി. ശങ്കര്‍ സമീപം