
കൊച്ചി: കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ സ്വദേശങ്ങളിലേക്ക് മടങ്ങുന്നത് തൊഴില്‍ മേഖലയെ കൂടുതല്‍ പ്രതിസന്ധിയിലാക്കി.
തിരക്ക് ഗണ്യമായി കുറഞ്ഞെങ്കിലും ഈ തൊഴിലാളികളെ ആശ്രയിച്ചായിരുന്നു ഹോട്ടലുകള്‍ അടക്കമുള്ള പല വ്യവസായ രംഗങ്ങളും പ്രവര്‍ത്തിച്ചിരുന്നത്. കേരളത്തില്‍ കൊറോണ വൈറസ് ബാധ പടരുന്നതിനിടെ പലരും സ്വന്തം നാട്ടിലേക്ക് തിരിച്ചുപോവുന്നത് തൊഴില്‍ മേഖലയെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. എറണാകുളത്തു നിന്ന് കഴിഞ്ഞ ഒരാഴ്ചയായി അയ്യായിരത്തോളം മറുനാടന്‍ തൊഴിലാളികളാണ് നാട്ടിലേക്ക് മടങ്ങിയത്. കഴിഞ്ഞ ദിവസങ്ങളില്‍ ചില ട്രെയിനുകള്‍ റദ്ദാക്കിയതോടെയാണ് തിരികെ പോവുന്നവരുടെ തിരക്ക് അല്‍പമെങ്കിലും കുറഞ്ഞത്. സംസ്ഥാനത്ത് ഏറ്റവും അധികം അന്യസംസ്ഥാന തൊഴിലാളികള്‍ വന്നിറങ്ങുന്ന ആലുവ റെയില്‍വേ സ്‌റ്റേഷനിലാണ് മടങ്ങിപ്പോകുന്നവരുടെയും വലിയ തിരക്ക് അനുഭവപ്പെട്ടത്. ആലുവക്കടുത്തുള്ള പെരുമ്പാവൂരിലാണ് ഏറ്റവും കൂടുതല്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നതും ജോലി എടുക്കുന്നതും. എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനിലും തിരക്കിന് കുറവില്ല. ദീര്‍ഘദൂര ട്രെയിനുകളില്‍ എ.സി കമ്പാര്‍ട്ട്‌മെന്റ് ഒഴികെ എല്ലാ കോച്ചുകളിലും വന്‍ തിരക്ക് കാരണം സാധാരണ യാത്രക്കാരും ദുരിതത്തിലാവുകയാണ്. ഇതര സംസ്ഥാന തൊഴിലാളികള്‍ അടക്കമുള്ള യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഇന്നലെ എറണാകുളം ജങ്ഷനില്‍ നിന്ന് സാന്ദ്രഗച്ചിയിലേക്ക് റെയില്‍വേ സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തി.
രണ്ടോ മൂന്നോ മാസങ്ങള്‍ക്ക് ശേഷം ഇനി മടങ്ങിയെത്തുവാനാണ് പലരുടെയും തീരുമാനം. നിര്‍മാണ മേഖലയില്‍ തൊഴില്‍ എടുക്കുന്നവരാണ് തിരികെ പോവുന്നവരില്‍ ഭൂരിഭാഗവും. നിലവില്‍ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ഭൂരിഭാഗം നിര്‍മാണ പ്രവര്‍ത്തനങ്ങളും ഇതരസംസ്ഥാനക്കാരായ നിര്‍മാണ തൊഴിലാളികളെ ആശ്രയിച്ച് മുന്നോട്ട് പോകുന്നവയാണ്. തൊഴിലാളികളുടെ കുറവ് അനുഭവപ്പെടുന്നതോടെ നേരത്തെ തന്നെ പ്രതിസന്ധിയിലായിരുന്ന നിര്‍മാണ മേഖല കൂടുതല്‍ പ്രതിസന്ധിയിലായി. ഹോട്ടല്‍ മേഖലയിലും പ്രതിസന്ധി സമാനമാണ്. കൊച്ചി നഗരത്തിലെ ഒട്ടുമിക്ക ചെറുകിട ഹോട്ടലുകളിലും പാചകത്തിന് ആളില്ലാതായി. ഇതോടെ പല കടകളും പ്രവര്‍ത്തന സമയം വെട്ടിച്ചുരുക്കിയിരിക്കുകയാണ്. ചില ഹോട്ടലുകള്‍ താല്‍ക്കാലികമായി അടച്ചിട്ടു. രാത്രികാലങ്ങളില്‍ സജീവമായിരുന്ന ഒട്ടുമിക്ക കടകളിലെയും ഭൂരിഭാഗം തൊഴിലാളികളും ഇതരസംസ്ഥാനക്കാരായിരുന്നു. നിലവില്‍ ഇത്തരം കടകളെല്ലാം തൊഴിലാളികളുടെയും ഉപഭോക്താക്കളുടെയും കുറവിനെ തുടര്‍ന്ന് താല്‍ക്കാലികമായി അടച്ചിരിക്കുകയാണ്.