ഇനി അവശേഷിക്കുന്നത് ഖുര്‍ആനും മൂന്ന് ആടുകളും

32
കലാപകാരികള്‍ തകര്‍ത്ത വീട്ടില്‍ സല്‍മ

എല്ലാം കലാപകാരികള്‍ കൊള്ളയടിച്ചു ഭീതിയൊഴിയാതെ ഫരീഖയും മകളും

ന്യൂഡല്‍ഹി: സംഘ്പരിവാര്‍ അക്രമികള്‍ ആസൂത്രിതമായി നടത്തിയ കലാപത്തില്‍ സര്‍വസ്വവും കൊള്ളയടിക്കപ്പെട്ട വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ മുസ്തഫാബാദിലെ താല്‍ക്കാലിക ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന 55കാരി ഫരീഖക്ക് ഇനി ആകെ അവശേഷിക്കുന്നത് ഒരു ഖുര്‍ആനും മൂന്ന് ആടുകളും മാത്രമാണ്. സ്ത്രീകളും കുട്ടികളുമടക്കം 700 പേരുള്ള ചമന്‍പാര്‍ക്ക് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന ഫരീഖയെ ആശ്വസിപ്പിക്കാന്‍ 33കാരിയായ മകള്‍ സല്‍മ ആവുന്നത് ശ്രമിക്കുന്നുണ്ട്.
പതിവ് പോലെ സാധനങ്ങള്‍ വാങ്ങി ശിവ് വിഹാറില്‍ നിന്നും മുസ്തഫാബാദിലേക്ക് പുറപ്പെട്ട താന്‍ കലാപകാരികളില്‍ നിന്നും ഏറെ ബുദ്ധിമുട്ടിയാണ് രക്ഷപ്പെട്ടതെന്ന് സല്‍മ പറയുന്നു. മുന്നോട്ട് വെച്ച ഓരോ അടിയിലും ആരുടെയെങ്കിലും ആക്രമണത്തിന് ഇരയാകുമെന്ന ഭീതിയിലാണ് നടന്നത്. എന്നാല്‍ ഭാഗ്യവശാല്‍ ആക്രമണങ്ങളില്‍ നിന്നും രക്ഷപ്പെട്ടു. വീട്ടില്‍ എത്തിയപ്പോള്‍ തന്റെ വീടിന് കുഴപ്പമൊന്നുമില്ലെന്ന് കണ്ട് ആശ്വസിച്ചു. പക്ഷേ അകത്തേക്ക് കേറിയപ്പോഴാണ് അറിയുന്നത് ഇനി വീട്ടില്‍ ഒന്നുമില്ലെന്ന്. എല്ലാം കലാപകാരികള്‍ കൊള്ളയടിച്ചു. ഒരു പോസ്റ്റില്‍ കെട്ടിയിട്ടിരുന്ന തങ്ങളുടെ മൂന്ന് ആടുകളും, ഒരു ഖുര്‍ആനും മാത്രമാണ് വീട്ടില്‍ അവശേഷിച്ചത്. അതുമായി അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. ഇനി ഒരിക്കല്‍ കൂടി വീട്ടിലേക്ക് തിരിച്ചു പോകാന്‍ സല്‍മ ആഗ്രഹിക്കുന്നില്ല. അവിടേക്ക് മടങ്ങിയാല്‍ ഇനി പരിഹാസവും കൊലവിളികളും വീണ്ടും കേള്‍ക്കേണ്ടി വരുമെന്നാണ് അവര്‍ പറയുന്നത്.
സമാധാനപരമായി പതിറ്റാണ്ടുകളോളം ഒരുമിച്ച് കഴിഞ്ഞവരാണ് പ്രദേശത്തെ ഹിന്ദുക്കളും മുസ്്‌ലിംകളും. പെരുന്നാളിന് തങ്ങളുടെ വീട്ടില്‍ അയല്‍വാസികളായ ഹിന്ദുക്കളെല്ലാം എത്താറുണ്ട്. എന്നാല്‍ അവരെല്ലാം ഇപ്പോള്‍ തങ്ങളെ തള്ളിപ്പറയുന്നു. അയല്‍ക്കാരായ മുതിര്‍ന്നവര്‍ തങ്ങളെ കണ്ടപ്പോള്‍ തല താഴ്ത്തുകയായിരുന്നെന്നും യുവാക്കളും കുട്ടികളുമടക്കം വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുകയും പ്രദേശത്ത് നിന്നും ഓടിപ്പോകാന്‍ ആവശ്യപ്പെടുകയുമായിരുന്നു. കൂട്ടത്തില്‍ ഒരാള്‍ അവിടെ നിന്നും തങ്ങള്‍ പോകാന്‍ കൂട്ടാക്കിയില്ലെങ്കില്‍ ആടുകളെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയതായും അവര്‍ പറഞ്ഞു. ഹോക്കി സ്റ്റിക്കുകളും, വാളുകളുമായി ഹെല്‍മറ്റും മുഖംമൂടികളും ധരിച്ചെത്തിയ യുവാക്കള്‍ ജയ് ശ്രീറാം വിളികളോടെ പ്രദേശത്തെ വീടുകളിലേക്കെല്ലാം പെട്രോള്‍ ബോംബുകള്‍ എറിയുകയായിരുന്നു. പേരക്കുട്ടിയെ പരീക്ഷ കഴിഞ്ഞ് സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് കൊണ്ടു വരുമ്പോഴാണ് കലാപം ആരംഭിച്ചത്. പെണ്‍കുട്ടികളുടെ ഡ്രസ്സില്‍ അക്രമികള്‍ പിടിച്ചു വലിച്ചതായും ഫരീഖയും സല്‍മയും കണ്ണീരോടെ പറയുന്നു.
നിങ്ങള്‍ കെജ് രിവാളിനാണ് വോട്ടു ചെയ്തത്. നിങ്ങള്‍ക്ക് ആസാദീ വേണമോ, പോയി കെജ് രിവാളിനെ വിളിക്കൂ എന്ന് വിളിച്ചു പറഞ്ഞാണ് അക്രമി സംഘം വീട്ടിലെത്തിയത്. സമീപത്തെ പള്ളിക്ക് അക്രമികള്‍ തീയിട്ടതോടെ രാത്രിയോടെ ഫരീഖയും 12 അംഗ കുടുംബവും രക്ഷപ്പെടുകയായിരുന്നു. ചെരിപ്പ് പോലും ഇടാതെ ജീവനും കൊണ്ട് രക്ഷപ്പെടുകയായിരുന്നുവെന്ന് അവര്‍ പറയുന്നു.
പ്രദേശത്തെ പലരേയും പോലെ ഞങ്ങള്‍ക്കും ഈ ക്യാമ്പാണ് ഇപ്പോള്‍ വീട്. ഒന്നാം തീയതി പൊലീസിന്റെ സാന്നിധ്യത്തില്‍ സല്‍മ വീട്ടിലേക്ക് പോയിരുന്നു. തങ്ങളുടെ ഉടമസ്ഥതയിലുണ്ടായിരുന്ന മുഹമ്മദ് സാലിം ബേക്കറി നിന്ന സ്ഥലത്ത് കെട്ടിടത്തിന്റെ കല്ലുകള്‍ മാത്രമേ ഉള്ളൂ. ബേക്കറി കൊള്ളയടിച്ച ശേഷം കെട്ടിടത്തിന് കലാപകാരികള്‍ തീയിടുകയായിരുന്നു. കെട്ടിടത്തിന്റെ തറ വരെ കുത്തിപ്പൊളിച്ചിട്ടുണ്ട്. വീട്ടില്‍ ആഭരണങ്ങള്‍ വെച്ചിരുന്ന പെട്ടിയെല്ലാം തുറന്ന് കിടപ്പുണ്ട്. ആഭരണങ്ങളും പണവും വസ്ത്രവുമടക്കം വീട്ടിലുണ്ടായിരുന്ന വിലപിടിപ്പുള്ളതെല്ലാം കൊള്ളയടിക്കപ്പെട്ടു. പണവും ആഭരണങ്ങളുമെല്ലാം ഒരു ബന്ധുവിന്റെ വിവാഹത്തിനായി സൂക്ഷിച്ചു വെക്കാന്‍ ഏല്‍പിച്ചതായിരുന്നു. വിവാഹം പോലും ഇപ്പോള്‍ ചോദ്യ ചിഹ്നമാണെന്ന് സീനത്ത് പറഞ്ഞു. പൊലീസില്‍ പരാതി നല്‍കിയിട്ടും ഒരു പ്രതികരണം പോലുമില്ല. സര്‍ക്കാര്‍ തങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണം. വീടുകളിലേക്ക് മടങ്ങാന്‍ മതിയായ സംരക്ഷണവും – സല്‍മ കൂട്ടിച്ചേര്‍ത്തു.