ഇനി വാട്‌സാപ്പ് സ്റ്റാറ്റസ് വീഡിയോ 15 സെക്കന്റ് മാത്രം

58

കൊവിഡിനെ തടയാൻ ലോക്ക് ഡൗൺ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചതോടെ ആളുകളുടെ ഇന്റർനെറ്റ് ഉപഭോഗത്തിലും വൻ വർധനയാണ് ഉണ്ടായത്. വിഡിയോ കാണലും സമൂഹ മാധ്യമങ്ങളുടെ ഉപയോഗവും വളരെയധികം കൂടി. സന്ദേശമയക്കാനും വിഡിയോ കോൾ ചെയ്യാനും ഉപയോഗിക്കുന്ന വാട്‌സാപ്പ് ഇത്തരത്തിൽ ഉള്ള ഉപയോഗം വർധിച്ചതോടെ ചില പരിഷ്‌കാരങ്ങൾ ആപ്പിൽ വരുത്താൻ നിർബന്ധിതരായിരിക്കുകയാണ്. വാട്‌സാപ്പിൽ ട്രാഫിക് വളരെയധികം ഉയർന്നിരിക്കുകയാണ്. അതിനാൽ സെർവർ ഡൗൺ ആകുന്നത് അടക്കമുള്ള പ്രശ്‌നങ്ങളാണ് നേരിടേണ്ടി വരുന്നത്. എന്നാൽ സെർവർ സംവിധാനത്തെ കാര്യക്ഷമമായി ഉപയോഗിക്കാൻ ട്രാഫിക് കുറക്കാനുള്ള നടപടികളാണ് വാട്‌സാപ്പ് നിർമാതാക്കൾ എടുത്തിരിക്കുന്നത്. തുടർന്ന് വാട്‌സാപ്പിന്റെ ഫീച്ചറുകളിൽ ഒന്നായ സ്റ്റാറ്റസിന്റെ ദൈർഘ്യം കുറച്ചിരിക്കുകയാണ്. വിഡിയോ സ്റ്റാറ്റസുകളുടെ ദൈർഘ്യം പകുതിയായിട്ടാണ് അധികൃതർ കുറച്ചത്. നേരത്തെ 30 സെക്കന്റ് വിഡിയോ വരെ ഒരു സ്റ്റാറ്റസിൽ നൽകാൻ സാധിക്കുമായിരുന്നു. എന്നാൽ ഇനി മുതൽ 15 സെക്കന്റ് മാത്രമേ സ്റ്റാറ്റസിന് ദൈർഘ്യമുണ്ടാകുകയുള്ളൂ. ഏറ്റവുമധികം ആളുകൾ മെസേജിംഗിന് വേണ്ടി വാട്‌സാപ്പ് ഉപയോഗിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ലോക് ഡൗണിനെ തുടർന്ന് താത്കാലികമായാണ് കമ്പനി ഇത്തരത്തിലൊരു പരിഷ്‌കാരം വരുത്തുന്നത്.