ഇ അഹമ്മദ് സ്മാരക ദേശീയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

ദുബൈ/ ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര മന്ത്രിയും മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷനുമായിരുന്ന ഇ. അഹമ്മദിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തുന്ന രണ്ടാമത് ദേശീയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഇ ടി മുഹമ്മദ് ബഷീര്‍ എം പി, ഡോ. എം കെ മുനീര്‍ എം എല്‍ എ, അഡ്വ. പി വി സൈനുദ്ധീന്‍ എന്നിവര്‍ അംഗങ്ങളായ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.

പശ്ചിമബംഗാളിലെ കൃഷ്ണനഗറില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗം മഹുവ മൊയ്ത്ര എം പി, ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ പ്രശാന്ത് രഘുവംശം, ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൗദിയ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എന്‍ കെ മുസ്തഫ, എന്നിവര്‍ക്കാണ് ഈ വര്‍ഷത്തെ പുരസ്‌കാരങ്ങള്‍.

ഫാഷിസ്റ്റ് വിരുദ്ധചേരിയിലെ ശക്തയായ പോരാളികൂടിയായ മഹുവ മൊയ്ത്ര, അമേരിക്കന്‍ മള്‍ട്ടിനാഷണല്‍ ബാങ്കായ ജെപി മോര്‍ഗന്‍ ചെയ്‌സില്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കറായാണ് കരിയര്‍ തുടങ്ങുന്നത്. രാജ്യം ശ്രദ്ധിക്കുന്ന ഉജ്ജ്വല പ്രഭാഷകയാണ്. തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ ദേശീയ വക്താവായിരുന്നു കുറച്ചു കാലം. സാമ്പത്തിക വിഷയങ്ങളില്‍ അവഗാഹമുള്ള മഹുവ മൊയ്ത്ര, ഭരണകൂട ഭീകരതക്കും പൗരത്വ ബില്ലിനും എതിരെ നടത്തിയിട്ടുള്ള പാര്‍ലമെന്റ് പ്രസംഗങ്ങള്‍ ലോക മാധ്യമങ്ങള്‍ പ്രാധാന്യപൂര്‍വം റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.

രണ്ടുപതിറ്റാണ്ടായി ദേശീയ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് പ്രശാന്ത് രഘുവംശം. ഏഷ്യനെറ്റ് ന്യൂസിന്റെ സീനിയര്‍ കോര്‍ഡിനേറ്റിംഗ് എഡിറ്ററായി ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്നു. അരികുവല്‍ക്കരിക്കപ്പെട്ടവരുടെ വാര്‍ത്തകള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന പ്രശാന്ത്, ജസ്റ്റിസ് എ കെ സിക്രി നയിക്കുന്ന ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി അംഗമാണ്.

ജീവ കാരുണ്യ രംഗത്ത് നല്‍കുന്ന മികച്ച സംഭാവനകള്‍ പരിഗണിച്ചാണ് എന്‍ കെ മുസ്തഫയ്ക്ക് ജീവകാരുണ്യ വിഭാഗത്തിലുള്ള പുരസ്‌കാരം നല്‍കുന്നത്.

അമ്പതിനായിരത്തി ഒന്ന് രൂപയും ഫലകവും പ്രശസ്തി പത്രവും ഉള്‍പ്പെടുന്ന അവാര്‍ഡുകള്‍ മാര്‍ച്ച് 6 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ദുബൈ അല്‍ ബറാഹയിലെ വുമണ്‍സ് അസോസിയേഷന്‍ ഹാളില്‍ വെച്ച് നടക്കുന്ന പ്രൗഢമായ ചടങ്ങില്‍ വിതരണം ചെയ്യുമെന്ന് സംഘാടകരായ ദുബൈകണ്ണൂര്‍ ജില്ലാ കെഎംസിസി ഭാരവാഹികള്‍ അറിയിച്ചു. ദേശീയ നേതാക്കളും ജനപ്രതിനിധികളും അറബ് പ്രമുഖരും മാധ്യമസാംസ്‌കാരിക രംഗത്തെ അതിഥികളും ചടങ്ങില്‍ സംബന്ധിക്കും. ഒന്നാമത് എഡിഷന്‍ ഡല്‍ഹിയില്‍ കോണ്‍സ്റ്റിട്യൂഷന്‍ ക്ലബില്‍ വെച്ചായിരുന്നു കഴിഞ്ഞ വര്‍ഷം സംഘടിപ്പിക്കപ്പെട്ടത്.