ഐസൊലേഷന്‍ ബെഡ് സൗകര്യം 84,000 പേരില്‍ ഒരാള്‍ക്ക് മാത്രം

ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയംനടത്തിയ വിവര ശേഖരണപ്രകാരം, നിലവിലെ സൗകര്യങ്ങള്‍ അനുസരിച്ച് ഐസൊലേഷന്‍ ബെഡ് സൗകര്യം നല്‍കാന്‍ സാധിക്കുന്നത് രാജ്യത്തെ 84000 പേരില്‍ ഒരാള്‍ക്ക് മാത്രം.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ വിവരശേഖരണത്തിലാണ് ഇത് വ്യക്തമായതെന്ന് ദേശീയ പോര്‍ട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.36,000 ഇന്ത്യക്കാരില്‍ ഒരാള്‍ക്കു മാത്രമേ ക്വാറന്റൈന്‍ ബെഡ് സൗകര്യം നല്‍കാന്‍ സാധിക്കൂ. 11,600 ഇന്ത്യക്കാര്‍ക്കായി ഉള്ളത് ഒരു ഡോക്ടറാണ്. ഒരു ആശുപത്രിക്കിടക്കയാണ് 1826 ഇന്ത്യക്കാര്‍ക്കായി ഉള്ളത്. മാര്‍ച്ച് 17 വരെയുള്ള കണക്കാണിത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടത്തിയ വിവരശേഖരണത്തിന്റെ വെളിച്ചത്തിലാകാം പ്രധാനമന്ത്രി നരേന്ദ്ര മോദി ജനത കര്‍ഫ്യൂവിനും സാമൂഹിക അകലം പാലിക്കലിനും ആഹ്വാനം ചെയ്തതെന്ന് ആരോഗ്യമേഖലയിലെ വിദഗ്ധര്‍ പറയുന്നു.കോവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാം സ്റ്റേജിലാണ് നാം ഇപ്പോഴുള്ളത്. ഈ ഘട്ടത്തില്‍ സാമൂഹിക അകലം പാലിക്കല്‍ ഏറെ ഗുണകരമാണ്. മൂന്നാം സ്റ്റേജില്‍ അടച്ചിടല്‍ നടത്തേണ്ടി വരും.
സാമൂഹിക അകലം പാലിക്കുന്നത് കൊറോണ വൈറസ് വ്യാപനത്തിന്റെ തോത് കുറയ്ക്കാനും ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്കു മേലുള്ള സമ്മര്‍ദം കുറയ്ക്കാനും സഹായിക്കും. ഭാവിക്കു വേണ്ടിയുള്ള നല്ല നടപടിയാണ് ജനത കര്‍ഫ്യൂ. നിലവില്‍ ലഭ്യമായ വിവരങ്ങള്‍ പ്രകാരം, സര്‍ക്കാര്‍ ശരിയായ വിധത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് കരുതുന്നു ഐ.സി.എം.ആര്‍. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജി ഡയറക്ടര്‍ അനുരാഗ് അഗര്‍വാള്‍ പറഞ്ഞു.