കൊറോണ ഭീതിയകറ്റാം
കണ്ണൂര്‍: യാത്രാനുഭവങ്ങള്‍ പങ്കുവെക്കുന്ന ബ്ലോഗുകളിലൂടെ ശ്രദ്ധേയനായ മല്ലു ട്രാവലര്‍ ഷാക്കിര്‍ സുബ്ഹാന് ഇത്തവണയെത്തിയത് വേറിട്ടൊരു യാത്രയുടെ അനുഭവ കഥയുമായാണ്. എയര്‍പോര്‍ട്ടില്‍ നിന്നും ഐസൊലേഷന്‍ വാര്‍ഡിലേക്കുള്ള യാത്രയാണ് പുതിയബ്ലോഗിന് ആധാരമായത്.
കൊറോണ കാലത്ത് ലോകം ചുറ്റിയ യാത്രക്കാരനാണ് കണ്ണൂര്‍ സ്വദേശി ഷാക്കിര്‍. അസര്‍ ബൈജാനില് നിന്നും ദുബൈ വഴിയായിരുന്നു ഷാക്കിര്‍ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയത്. അവിടെ നിന്ന് സ്വയം സന്നദ്ധമായി ആരോഗ്യ വകുപ്പിനെ അറിയിച്ചാണ് ഷാക്കിര്‍ ഐസൊലേഷന്‍ വാര്‍ഡിലെത്തിയത്. ജില്ലാ ആസ്പത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്ന ഷാക്കിറിന്റെ ഫലം നെഗറ്റീവാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഐസൊലേഷന്‍ വാര്‍ഡിന്റെ നേര്‍ചിത്രം പ്രേക്ഷകനു നല്‍കുന്നതോടൊപ്പം കൊറോണയുടെ കാര്യത്തിലെ അനാവശ്യ ഭീതിയും വ്യാജ വാര്‍ത്തകളും ഒഴിവാക്കണമെന്നും ആവശ്യപ്പെടുന്നു.
രോഗബാധയുള്ള രാജ്യങ്ങളില്‍ നിന്നും വരുന്ന ആളുകള്‍ ആരോഗ്യ വകുപ്പിനെ കബളിപ്പിച്ച് രക്ഷപ്പെടുന്ന സാഹചര്യത്തില്‍ ഷാക്കിറിന്റെ പ്രവര്‍ത്തി മാത്യകാപരമാണെന്നാണ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ പറഞ്ഞത്. ഐസൊലേഷന്‍ വാര്‍ഡില്‍ തനിക്ക് ലഭിച്ച പരിരക്ഷയില്‍ ഷാക്കിര്‍ സന്തോഷം രേഖപ്പെടുത്തി.