ഒരു മരണംകൂടി;രാജ്യത്ത് കോവിഡ് ബാധിതര്‍ 606

27
കോവിഡ് 19 വ്യാപനം തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി രാജ്യം മുഴുവന്‍ സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചതോടെ പട്ടിണിയിലായ തെരുവു ജീവിതങ്ങള്‍ക്ക് ഇരുചക്ര വാഹനത്തില്‍ ഭക്ഷണപ്പൊതി എത്തിച്ചു നല്‍കുന്ന വളണ്ടിയര്‍മാര്‍. പട്‌ന നഗരത്തില്‍ നിന്നുള്ള ദൃശ്യം.
എന്‍.പി.ആറും സെന്‍സസും മാറ്റിവെച്ചു
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് 19 ബാധയെതുടര്‍ന്ന് ഒരാള്‍കൂടി മരിച്ചു. തമിഴ്‌നാട്ടിലെ മധുരയിലാണ് 54കാരന്‍ കോവിഡ് ബാധയെതുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ചത്.  തമിഴ്‌നാട്ടിലെ ആദ്യ കോവിഡ് മരണം കൂടിയാണിത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് മരണം 10 ആയി. 10 പേര്‍ മരിച്ചതായി കഴിഞ്ഞ ദിവസം തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ മുംബൈയില്‍ മരിച്ച ഒരാളുടെ അന്തിമ പരിശോധനാ ഫലത്തില്‍ കോവിഡ് 19 നെഗറ്റീവ് ആയതിനെതുടര്‍ന്ന് മൊത്തം മരണ സംഖ്യ 10 തന്നെയായി പുനര്‍നിര്‍ണയിക്കുകയായിരുന്നു. അതേസമയം ആശങ്ക വര്‍ധിപ്പിച്ചുകൊണ്ട് രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇന്നലെ രാത്രി വരെയുള്ള കണക്കുകള്‍ പ്രകാരം 606 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, ബിഹാര്‍, മിസോറാം, കേരളം എന്നീ സംസ്ഥാനങ്ങളിലെല്ലാം ഇന്നലെ പുതിയ കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാന്‍ സര്‍ക്കാര്‍ എല്ലാ നടപടിയും സ്വീകരിച്ചിട്ടുണ്ടെന്നും ഭയചകിതരാവരുതെന്നും ഡല്‍ഹി മുഖ്യമന്ത്രി അര്‍വിന്ദ് കെജ്‌രിവാള്‍ വ്യക്തമാക്കി. രോഗവ്യാപനം ചെറുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം രാജ്യത്തൊട്ടാകെ സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചിരുന്നു. ഏപ്രില്‍ 15 വരെ 21 ദിവസത്തേക്കാണ് അവശ്യ സേവനങ്ങളെ മാത്രം ഒഴിവാക്കിക്കൊണ്ടുള്ള സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ രാജ്യ തലസ്ഥാനത്ത് ഉള്‍പ്പെടെ അവശ്യ സാധനങ്ങള്‍ക്കു വേണ്ടി ജനം പരക്കംപാച്ചില്‍ തുടങ്ങിയതോടെയാണ് കെജ്‌രിവാളിന്റെ പ്രസ്താവന. അവശ്യ സാധന ലഭ്യത സംബന്ധിച്ച് ആശങ്ക വേണ്ടെ ന്നും ഇതിനായി എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയും വ്യക്തമാക്കി. വിലക്ക് ലംഘിച്ച് അകാരണമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും പ്രധാനമന്ത്രി താക്കീതു ചെയ്തു.
അതിനിടെ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍(എന്‍.പി.ആര്‍), സെന്‍സസ് 2021ന്റെ ഒന്നാം ഘട്ടം എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് ഏപ്രില്‍ ഒന്നില്‍ നിന്ന് സെപ്തംബര്‍ 30ലേക്ക് മാറ്റി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. കോവിഡ് 19 വ്യാപനം ചെറുക്കുന്നതിനായി രാജ്യമൊട്ടുക്കും സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി.
2020 ഏപ്രില്‍ 20 കാലയളവില്‍ സെന്‍സസിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. ജനസംഖ്യാ രജിസ്റ്ററുമായി ബന്ധപ്പെട്ട വിവര ശേഖരണം 2021 ഫെബ്രുവരി ഒമ്പതു മുതല്‍28 വരെ നടത്താനും 2021 മാര്‍ച്ചില്‍ സെന്‍സസ്, ജനസംഖ്യാ വിവരങ്ങള്‍ ഒരുമിച്ച് പുതുക്കാനുമായിരുന്നു പദ്ധതി. എന്നാല്‍ കോവിഡ് വ്യാപനം തടയുന്നതിനായി ഏപ്രില്‍ 15 വരെ പ്രധാനമന്ത്രി രാജ്യത്ത് സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടികള്‍ മാറ്റിവെക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഇതിനിടെ കോവിഡ് 19 വ്യാപനം തടയുന്നതിനായി രാജ്യവ്യാപക   അടച്ചിടല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ എല്ലാ ബി.പി.എല്‍ കുടുംബങ്ങള്‍ക്കും മൂന്നു രൂപക്ക് അരിയും രണ്ടു രൂപക്ക് അരിയും നല്‍കാന്‍ തീരുമാനിച്ചതായി കേന്ദ്രപ്രകാശ് ജാവദേക്കര്‍ പറഞ്ഞു. മൂന്നു മാസത്തേക്കാ ണിത്. 80 കോടി ജനങ്ങള്‍ക്ക് പ്ര യോജനം ലഭിക്കും. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടതെന്നും ജാവദേക്കര്‍ പറഞ്ഞു.