ടോക്കിയോ: ഒടുവില്‍ ജപ്പാന് യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുന്നു. ജൂലൈ 24ന് ആരംഭിക്കാനിരിക്കുന്ന ഒളിംപിക്സ് മാറ്റിവെക്കേണ്ടി വരുമെന്ന സൂചന ആദ്യമായി നല്കി ജപ്പാന് ഒളിംപിക് മന്ത്രി. ഇന്നലെ പാര്‍ലമെന്റിലാണ് ആദ്യമായി ഒളിംപിക്സ് മാറ്റിവെക്കുന്ന കാര്യത്തെക്കുറിച്ച് ജപ്പാന് സംസാരിച്ചത്. കോറോണ വൈറസ്ബാധ ശക്തമായി മാറുന്ന സാഹചര്യത്തില്‍ ഈ വര്‍ഷം അവസാനത്തേക്ക് ഗെയിംസ് മാറ്റുന്ന കാര്യമാണ് ആലോചിക്കുന്നത്. ഈ കാര്യത്തില്‍ അന്തിമ തീരുമാനം രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടേതാണ്. ജപ്പാന് സംഘാടകരോ, രാജ്യാന്തര ഒളിംപിക് കമ്മിറ്റിയോ ഇത് വരെ ഒളിംപിക്സ് മാറ്റുന്ന കാര്യത്തെക്കുറിച്ച് സംസാരിച്ചിട്ടില്ല. ഇപ്പോഴും നിശ്ചിത തിയ്യതികളില്‍ തന്നെ ഗെയിംസ് നടത്തുമെന്നാണ് അവര്‍ പറയുന്നത്. പക്ഷേ സാഹചര്യങ്ങള്‍ പ്രതികൂലമാണെന്നും ചിലപ്പോള്‍ ശക്തമായ തീരുമാനമെടുക്കേണ്ടി വരുമെന്നുമാണ് ഒളിംപിക്സ് മന്ത്രി സൈകോ ഹാഷിമോട്ടോ പറഞ്ഞത്. മാറ്റുകയാണെങ്കില്‍ 2020 അവസാനത്തില്‍ പുതിയ തിയ്യതികള്‍ പ്രഖ്യാപിക്കേണ്ടി വരും. 2020 വരെ ജപ്പാന് സംഘാടകര്‍ ഐ.ഒ.സിയുമായി കരാറിലുള്ളത്. ഇന്നലെ ജപ്പാന് പാര്‍ലമെന്റില്‍ ഇതുമായി ബന്ധപ്പെട്ട് കാര്യമായ ചര്‍ച്ചകള്‍ നടന്നിരുന്നു.
കോറോണ ജപ്പാനെ കാര്യമായി ബാധിച്ചിട്ടുണ്ട്. 980 പേര്‍ക്കാണ് ഇത് വരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 706 പേര് ഡയമണ്ട് പ്രിന്‍സ് എന്ന ആഡംബര കപ്പലിലെ ആളുകളാണ്. ഒരു തവണ രോഗം വന്ന് ഭേദമായ സ്ത്രീക്ക് വീണ്ടും രോഗം വന്ന കേസും ജപ്പാനിലുണ്ട്. പക്ഷേ അയല്‍ രാജ്യമായ ചൈന രോഗത്തില്‍ വിഷമിക്കുമ്പോള്‍, രോഗബാധ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കുമ്പോള്‍ മല്‍സരങ്ങളിലേക്ക് ടീമുകളെ ലഭിക്കുക പ്രയാസമാണ്. ഒളിംപിക്സ് മല്‍സരങ്ങള്‍ക്ക് സാക്ഷിയാവാന്‍ കാണികള്‍ എത്തുമോ എന്ന സംശയവും ബാക്കി നില്ക്കുന്നു. മുന്‍ നിശ്ചയ പ്രകാരം തന്നെ ഗെയിംസ് നടത്താനാണ് ഇപ്പോള്‍ തീരുമാനം. എന്നാല്‍ രോഗ വ്യാപനം ശക്തമാവുന്ന സാഹചര്യം വന്നാല്‍ മാറ്റി വെക്കേണ്ടി വരും. അത് തീരുമാനിക്കേണ്ടത് ഐ.ഒ.സിയാണ്-മന്ത്രി വ്യക്തമാക്കി. ഗെയിംസ് മാറ്റിവെക്കേണ്ടി വന്നാല്‍ അത് സാമ്പത്തികമായി വലിയ തിരിച്ചടിയാവും. കോടികള്‍ ചെലവഴിച്ചാണ് ജപ്പാന് ഭരണകൂടം ഗെയിംസിന് ഒരുങ്ങുന്നത്. ഒളിംപിക്സിന് ശേഷം വരുന്ന പാരലിംപിക്സിനുമായും വന്‍ തുക ചെലവാണ്.