
കോഴിക്കോട്-അല്‍ ഐന്‍ വിമാനം യാത്രക്കാരെ തിരികെ കൊണ്ടുപോയി
അബുദാബി: കൊറോണ വൈറസ് അതിരൂക്ഷതയിലേക്ക് മാറുകയും വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്ത സാഹചര്യത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാര്‍ക്ക് ആശ്വാസമായി മാറി. വിവിധ രാജ്യങ്ങളില്‍ നിന്നും യുഎഇയിലേക്ക് യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് നിരവധി എയര്‍ലൈനുകള്‍ ഇന്നലെ ഉച്ചക്ക് ശേഷം സര്‍വീസുകള്‍ കാന്‍സല്‍ ചെയ്തിരുന്നു. ഇന്ത്യയിലെ സ്വകാര്യ എയര്‍ലൈനുകള്‍ പലതും സര്‍വീസുകള്‍ റദ്ദാക്കിയപ്പോള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഈ രംഗത്ത് പ്രശംസനീയ സേവനമാണ് കാഴ്ച വെച്ചത്. കാന്‍സല്‍ ചെയ്ത വിമാനങ്ങളില്‍ പോകാനിരുന്നവര്‍ യാത്ര ചെയ്യാനാവാതെ വിഷമിക്കുകയും ചെയ്തു.
എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ഇന്നലെ പൂര്‍ണമായും ഒഴിഞ്ഞ സീറ്റുകളുമായി നാട്ടില്‍ നിന്നെത്തി ഇവിടെ നിന്നുള്ള യാത്രക്കാര്‍ക്ക് പോകാന്‍ അവസരമൊരുക്കുകയായിരുന്നു. നാട്ടില്‍ നിന്നും യാത്രക്കാര്‍ വരുന്നത് പൂര്‍ണമായും വിലക്കിയതിനെ തുടര്‍ന്ന് ഒരു യാത്രക്കാരന്‍ പോലുമില്ലാതെ ഒഴിഞ്ഞ സീറ്റുകളുമായാണ് ഇന്നലെ ഉച്ചക്ക് ശേഷമുള്ള വിമാനങ്ങള്‍ യുഎഇയിലെ വിവിധ വിമാനത്താവളങ്ങളില്‍ എത്തിയത്. യാത്രക്കാര്‍ തീരെ കുറവുള്ള സര്‍വീസുകള്‍ വെട്ടിച്ചുരുക്കി ഇതര റൂട്ടുകളിലേക്കുള്ളവയുമായി യോജിപ്പിച്ച് യാത്രക്കാര്‍ക്ക് സൗകര്യം ചെയ്തു കൊടുക്കുന്ന രീതിയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സ്വീകരിച്ചിട്ടുള്ളത്.
ഇന്നലെ അബുദാബിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോകാനിരുന്ന യാത്രക്കാരെ കൊച്ചി വിമാനത്തില്‍ കയറ്റിയയക്കുകയായിരുന്നു. അതേസമയം, ദുബൈ, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ നാട്ടിലേക്കുള്ള സര്‍വീസുകള്‍ പതിവു പോലെ നടത്തി. എന്നാല്‍, ഷാര്‍ജ-കൊച്ചി, ഷാര്‍ജ-മുംബൈ വിമാനങ്ങള്‍ സംയോജിപ്പിച്ചാണ് സര്‍വീസ് നടത്തിയത്.ഇന്നും നാളെയും ഇവിടെ നിന്നും നാട്ടിലേക്ക് പോകാനുള്ള യാത്രക്കാരുടെ തോതനുസരിച്ച് മാത്രമേ വിമാനങ്ങള്‍ നാട്ടില്‍ നിന്നും എത്തുകയുള്ളൂ. വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്ന വിമാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയ ഞായറാഴ്ച അര്‍ധരാത്രി വരെ ഈ നിലയാണ് തുടരുകയെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ വ്യക്തമാക്കി.
മറ്റന്നാള്‍ മുതല്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തുമെന്ന അറിയിപ്പ് വന്നതിനെ തുടര്‍ന്ന് ഇന്നലെ എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ഇവിടെ നിന്നും നിരവധി പേര്‍ യാത്ര ചെയ്യുകയുണ്ടായി.
അതിനിടെ, ഇന്നലെ ഉച്ചക്ക് ശേഷം കോഴിക്കോട് നിന്നും അല്‍ഐന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ യാത്രക്കാര്‍ക്ക് പുറത്തിറങ്ങാനായില്ല.
ഉച്ചക്ക് 12 മണിക്ക് ശേഷം യാത്രക്കാരെ അനുവദിക്കുകയില്ലെന്ന് യുഎഇ അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.ഇതിനെത്തുടര്‍ന്നാണ് യാത്രക്കാര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാതെ പോയത്. കോഴിക്കോട് നിന്നും 99 യാത്രക്കാരാണ് ഇന്നലെ അല്‍ ഐന്‍ എയര്‍പോര്‍ട്ടിലെത്തിയത്. ഇവരെ ഇതേ വിമാനത്തില്‍ കോഴിക്കോട്ടേക്ക് തിരികെ കൊണ്ടു പോയി.