കുവൈത്തില്‍ കെറോണ ബാധിതരുടെ എണ്ണം 61ആയി; വിമാന സര്‍വീസുകള്‍ നിര്‍ത്തി, വൈറസ് ബാധയില്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി

കുവൈത്ത് സിറ്റി: കുവൈത്തില്‍ മൂന്ന് പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ, കൊറോണ ബാധിതരുടെ എണ്ണം 58ല്‍ നിന്നും 61ആയി. ഇറാനില്‍ നിന്നും കുവൈത്തിലേക്ക് കൊണ്ടുവന്ന് ക്യാമ്പില്‍ പാര്‍പ്പിച്ചിരുന്നവരിലാണ് വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത്.
അതിനിടെ, ഇന്ത്യയടക്കമുള്ള ഏഴ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ ഇന്നലെ മുതല്‍ ഒരാഴ്ചത്തേക്ക് താത്കാലികമായി നിര്‍ത്തി വെച്ച് കുവൈത്ത് ഉത്തരവിറക്കി. ഈജിപ്ത്, ഫിലിപ്പീന്‍സ്, സിറിയ, ലബനാന്‍, ശ്രീലങ്ക, ബംഗ്‌ളാദേശ് എന്നിവയാണ് മറ്റു രാജ്യങ്ങള്‍. കുവൈത്തിലേക്ക് വരുന്ന വിദേശികളിലൂടെ കൊറോണ വൈറസ് ബാധ പകരുന്നത് തടയുന്നതിന്റെ മുന്നോടിയായി, ആവശ്യമായ ഉപകരണങ്ങളും മറ്റു മുന്നൊരുക്കങ്ങളും വിമാനത്താവളത്തില്‍ സജ്ജീകരിക്കാനായാണ് സര്‍വീസ് നിര്‍ത്തി വെക്കുന്നതെന്നാണ് അധികൃതര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചത്. നേരത്തെ, ഇന്ത്യയടക്കമുള്ള 10 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇന്നു മുതല്‍ കൊറോണ വൈറസ് ബാധയില്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. എന്നാല്‍, കോറോണ ബാധ കണ്ടെത്താന്‍ സാധ്യമല്ലെന്ന് കുവൈത്ത് എംബസിയുടെ അംഗീകൃത മെഡിക്കല്‍ സെന്ററുകള്‍ അറിയിച്ചതനുസരിച്ച് ചേര്‍ന്ന മന്ത്രിസഭാ യോഗം ആ തീരുമാനം റദ്ദാക്കിയിരുന്നു. അതിനു ശേഷം നടന്ന മന്ത്രിസഭാ യോഗത്തിലാണ് പുതിയ തീരുമാനം. എന്നാല്‍, വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കാനുള്ള തീരുമാനം മണിക്കൂറുകള്‍ക്കുള്ളില്‍ നടപ്പിലാക്കിയത് ആയിരക്കണക്കിന് യാത്രക്കാരെ പ്രയാസത്തിലാക്കി. തലേന്ന് രാത്രി കണക്ഷന്‍ വിമാനങ്ങളില്‍ യാത്ര ആരംഭിച്ച നിരവധി പേര്‍ ദുബൈ, ദോഹ, മസ്‌കത്ത്, ഷാര്‍ജ, അബുദാബി തുടങ്ങിയ മറ്റു രാഷ്ട്രങ്ങളുടെ വിമാനത്താവളങ്ങളില്‍ കുടുങ്ങി. ഇവരില്‍ ചിലര്‍ കുവൈത്തിലെ സാമൂഹിക പ്രവര്‍ത്തകരുമായി ബന്ധപ്പെടുകയും അവര്‍ എംബസിയെ ബന്ധപ്പെട്ട് സഹായമഭ്യര്‍ത്ഥിക്കുകയും ചെയ്തു. കുവൈത്ത് കെഎംസിസി പ്രസിഡന്റ് ഷറഫുദ്ദീന്‍ കണ്ണേത്ത് പി.കെ കുഞ്ഞാലിക്കുട്ടി എംപിയുമായി ബന്ധപ്പെടുകയും അദ്ദേഹത്തെ വിവരങ്ങള്‍ ധരിപ്പിക്കുകയും ചെയ്തു. ഡല്‍ഹിയില്‍ അദ്ദേഹം വിദേശ കാര്യ സഹ മന്ത്രിയുമായി ചര്‍ച്ച നടത്തി.
എന്നാല്‍, തികച്ചും ആശ്ചര്യകരമായ ഒരു കാര്യം, നൂറോളം യാത്രക്കാരുമായി മുംബൈയിലേക്ക് പറന്ന ജസീറ എയര്‍വേസ് മുംബൈയില്‍ ഇറങ്ങുന്നതിന് തൊട്ട് മുന്‍പ് ആകാശത്ത് വെച്ച് കുവൈത്തിലേക്ക് തിരിച്ച് പറക്കുകയും ആളുകളെ കുവൈത്തില്‍ തിരിച്ചിറക്കുകയും ചെയ്തുവെന്നതാണ്. വിസിറ്റ് വിസയില്‍ വന്നവരും വിസ റദ്ദാക്കിയവരും ഔട്പാസ് വഴി പോയവരുമൊക്കെയായ യാത്രക്കാര്‍ തിരിച്ചിറങ്ങിയവരിലുണ്ട്. അവരുടെ കുവൈത്തിലെ താമസവും പ്രതിസന്ധിയിലാണ്. എന്നാല്‍, രാവിലെ നാല് മണിക്ക് കോഴിക്കോട് നിന്നും ബഹ്‌റൈന്‍ വഴി രാവിലെ 10 മണിക്ക് കുവൈത്തിലെത്തിയ ഗള്‍ഫ് എയര്‍ വിമാനം കുവൈത്തിലിറങ്ങുകയും യാത്രക്കാരെ കുവൈത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. അതേസമയം, 11 മണിക്ക് കണ്ണൂരില്‍ നിന്നെത്തിയ ഇന്‍ഡിഗോ എയറിനെ കുവൈത്തില്‍ ഇറങ്ങാന്‍ അനുവദിക്കാതെ തിരിച്ചയക്കുകയുമുണ്ടായി.