കുവൈത്ത് സിറ്റി: കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ കുവൈത്തിലെ പ്രമുഖ ബാങ്കുകള്‍ എല്ലാവിധ ലോണുകളുടെയും തിരിച്ചടവിന് 6 മാസത്തെ ഇളവ് നല്‍കി. സ്വദേശി-വിദേശി വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഇളവ് ലഭ്യമാകും. ഇളവ് കാലയളവില്‍ പിഴയോ കൂടുതല്‍ പലിശയോ ഈടാക്കില്ലെന്നും പ്രമുഖ ബാങ്കുകള്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. രാജ്യത്ത് നിലനില്‍ക്കുന്ന കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി ജോലിയില്ലാതെ മുറികളില്‍ തന്നെ കഴിച്ചു കൂട്ടുന്ന ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള ലക്ഷക്കണക്കിന് വിദേശികള്‍ക്ക് ആശ്വാസം നല്‍കുന്നതാണ് ഈ ആനുകൂല്യം. എന്‍ബികെ, കൊമേഴ്‌സ്യല്‍, ഗള്‍ഫ്, അല്‍ അഹ്‌ലി, കെഎഫ്എച്ച് തുടങ്ങിയ പ്രമുഖ ബാങ്കുകളാണ് കഴിഞ്ഞ ദിവസം ഇളവുകള്‍ പ്രഖ്യാപിച്ചത്. ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള തിരിച്ചടവുകള്‍ക്കും ഈ ആനുകൂല്യം ബാധകമായിരിക്കും. വരുംദിവസങ്ങളില്‍ ബാക്കിയുള്ളബാങ്കുകളും പ്രഖ്യാപനം നടത്തുമെന്നാണ് ഈ രംഗത്തുള്ള വിദഗ്ധര്‍ അഭിപ്രായപ്പെട്ടത്.