കുവൈത്തില്‍ 10 മിനിട്ടിനകം കോവിഡ് സ്ഥിരീകരണ ഉപകരണം

കുവൈത്തില്‍ ഇന്നലെ പതിനൊന്ന് പുതിയ കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 123 ആയി. പുതുതായി രോഗബാധിതരായവര്‍ മുഴുവനും കുവൈത്ത് പൗരന്മാരാണ്. ഒന്‍പത് പേര്‍ക്ക് രോഗം ഭേദമായതായും ആരോഗ്യ മന്ത്രാലയം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നിലവില്‍ 123 പേരാണു ചികില്‍സയിലുള്ളത്. ഇതില്‍ 4 പേരുടെ നില ഗുരുതരമായി തുടരുകയാണ്. 504 പേര്‍ വിവിധ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തില്‍ കഴിയുന്നു.
പത്ത് മിനുട്ടുകള്‍ക്കുള്ളില്‍ കൊറോണ സ്ഥിരീകരിക്കുന്നതിനുള്ള ഉപകരണം വ്യാഴാഴ്ച കുവൈത്തിലെത്തും. ലോകത്തിലെ പല രാജ്യങ്ങളിലും കൊറോണ വൈറസ് സ്‌കാന്‍ അഞ്ച് മണിക്കൂറില്‍ കൂടുതല്‍ വേണ്ടി വരുമ്പോള്‍ പുതിയ സ്‌കാന്‍ ഉപകരണം ഉപയോഗിച്ച് 5 അല്ലെങ്കില്‍ 10 മിനുട്ടികനം രോഗം സ്ഥിരീകരിക്കാനാവും. ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഇത്തരം അഞ്ച് ലക്ഷം ഉപകരണങ്ങള്‍ (സ്ട്രിപ്പുകള്‍) ആരോഗ്യ വകുപ്പിന് കൈമാറുമെന്ന് അലി മുഹമ്മദ് അല്‍ ഗാനിം ആന്‍ഡ് സണ്‍സ് കമ്പനി പറഞ്ഞു. അടുത്ത ആഴ്ച തന്നെ ഉപകരണം രാജ്യത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്ല അല്‍ ബാദര്‍ അറിയിച്ചു.
അതിനിടെ കൊറോണ വൈറസ് ബാധിക്കാതിരിക്കാനുള്ള കൂടുതല്‍ സുരക്ഷ ഉറപ്പാക്കാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങളും മറ്റു മുന്‍കരുതല്‍ നടപടികളും ആഭ്യന്തര മന്ത്രാലയം സ്വീകരിച്ചതിനെത്തുടര്‍ന്ന് സെന്‍ട്രല്‍ ജയിലിലെ അന്തേവാസികള്‍ സുരക്ഷിതരാണെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ വെളിപ്പെടുത്തി.
പുതിയ തടവുകാരും പഴയ തടവുകാരും കൂട്ടിക്കലരുന്നില്ലെന്ന് ഉറപ്പ് വരുത്താന്‍ അവരെ വെവ്വേറെ സ്ഥലത്ത് പാര്‍പ്പിച്ചിട്ടുണ്ടെന്നും അവരുടെ ആരോഗ്യസ്ഥിതി ഇടയ്ക്കിടെ പരിശോധിക്കാറുണ്ടെന്നും ജയില്‍ വകുപ്പ് അറിയിച്ചു. ഫയലുകള്‍ പൂര്‍ത്തിയാക്കി രാജ്യത്തെ എംബസികളുമായി ഏകോപിപ്പിച്ച ശേഷം പ്രത്യേക വിമാനത്തില്‍ നിന്ന് എത്രയും വേഗം അഞ്ഞൂറോളം റസിഡന്‍സ് നിയമലംഘകരെ രാജ്യത്ത് നിന്ന് നാടുകടത്താനുള്ള തയ്യാറെടുപ്പിലാണ് ജയില്‍ അധികൃതര്‍. കൊറോണ വൈറസ് കാരണം ഒരു ജയില്‍ അന്തേവാസി മരിച്ചുവെന്ന വാര്‍ത്ത ആഭ്യന്തര മന്ത്രാലയം നിഷേധിച്ചു. ആരോഗ്യ വകുപ്പിലെ സമ്മര്‍ദ്ദം കുറയ്ക്കുന്നതിനായി വിദേശികളെ താല്‍ക്കാലികമായി തിരിച്ചയക്കണമെന്ന് ഒരു പര്‍ലമെന്റ് അംഗം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് പ്രവാസികളെ സ്വന്തം രാജ്യങ്ങളിലേക്ക് അയയ്ക്കാനുള്ള പദ്ധതികളുണ്ടെന്ന വാര്‍ത്ത കഴിഞ്ഞ ദിവസത്തെ മന്ത്രിസഭാ യോഗത്തിനു ശേഷം സര്‍ക്കാര്‍ തള്ളിക്കളഞ്ഞിരുന്നു.