കുവൈത്ത് പൊതുമാപ്പ് : കേന്ദ്ര സര്‍ക്കാര്‍ അടിയന്തിര യാത്രാ സൗകര്യമൊരുക്കണമെന്ന് സംഘടനകള്‍

 

മുഷ്താഖ് ടി.നിറമരുതൂര്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ താമസ-നിയമ ലംഘകര്‍ക്ക് ഏപ്രില്‍ ഒന്നു മുതല്‍ 30 വരെ പിഴ കൂടാതെ രാജ്യം വിടാന്‍ കുവൈത്ത് സര്‍ക്കാര്‍ ഒരു മാസത്തെ പൊതുമാപ്പ് അനുവദിച്ച സാഹചര്യത്തില്‍, അത് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് തിരിച്ചു വരാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആവശ്യമായ യാത്രാ സൗകര്യമൊരുക്കണമെന്ന് വിവിധ പ്രവാസി സംഘടനകള്‍ ആവശ്യപ്പെട്ടു. കുവൈത്ത് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പൊതുമാപ്പ് ഉപയോഗപ്പെടുത്താനാഗ്രഹിക്കുന്ന പതിനായിരക്കണക്കിന് ഇന്ത്യക്കാര്‍ നിലവിലെ സാഹചര്യങ്ങളില്‍ കടുത്ത നിരാശയിലാണ്. ഏപ്രില്‍ 14 വരെ ഇന്ത്യ വാണിജ്യ വിമാന സര്‍വീസുകള്‍ക്കുള്ള അനുമതി നിഷേധിച്ചതാണ് നാട്ടിലേക്ക് മടങ്ങാനുള്ള ഇവരുടെ അവസരത്തിന് തടസ്സമാകുന്നത്. അതേസമയം, കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി അനധികൃതമായി രാജ്യത്ത് താമസിക്കുന്ന പ്രവാസികളെ സ്വന്തം നാട്ടിലേക്ക് പോകാന്‍ പ്രോത്സാഹിപ്പിക്കുന്ന നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനാണ് കുവൈത്ത് ശ്രമിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ എംബസി കഴിഞ്ഞ ദിവസം മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. കൊറോണയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കുവൈത്ത് സ്വീകരിച്ച വിവിധ മുന്‍കരുതലുകളുടെ പശ്ചാത്തലത്തില്‍ പൊതുമാപ്പുമായി ബന്ധപ്പെട്ട് സ്വീകരിക്കാന്‍ കഴിയുന്ന നടപടികളെ കുറിച്ച് എംബസി കൂടിയാലോചനകള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും നാട്ടിലേക്ക് മടങ്ങാന്‍ സാധുവായ പാസ്‌പോര്‍ട്ടുകള്‍ കൈവശമില്ലാത്തവര്‍ക്കുള്ള യാത്രാ രേഖകയായ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് (ഇസി) വിതരണം ചെയ്യുന്നത് സംബന്ധിച്ച മാര്‍ഗ രേഖകള്‍ എംബസി ഉടന്‍ നല്‍കുമെന്നും വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. പൊതുമാപ്പുമായി ബന്ധപ്പെട്ട് എംബസിയുടെ മാര്‍ഗ രേഖകള്‍ പുറത്തു വരുന്നതു വരെ കുവൈത്ത് സര്‍ക്കാറിന്റെ കൊറോണ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും
എമര്‍ജന്‍സി യാത്രാ സര്‍ട്ടിഫിക്കറ്റിനായി എംബസിയിലേക്ക് വരേണ്ടതില്ലെന്നും എംബസി അഭ്യര്‍ത്ഥിച്ചു. ഇതുമായി ബന്ധപ്പെട്ട് കുവൈത്ത് കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഷറഫുദ്ദീന്‍ കണ്ണേത്ത് കുവൈത്തിലെ ഇന്ത്യന്‍ അംബാസഡറുമായും മറ്റു ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ടു വരികയാണെന്നും അറിയിച്ചിട്ടുണ്ട്. കെഎംസിസി വളണ്ടിയര്‍മാര്‍ കഴിഞ്ഞ പൊതുമാപ്പില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ പോലെ കുറച്ച് വളണ്ടിയര്‍മാര്‍ക്ക് സേവനം ചെയ്യാനുള്ള അവസരവും അത് എങ്ങനെ എയെന്നതിനെ കുറിച്ചും ചര്‍ച്ച നടത്തി വരുന്നതായും അദ്ദേഹം പറഞ്ഞു. അതോടൊപ്പം, വിമാന സര്‍വീസ് പുനരാരംഭിക്കുന്നതിന് നാട്ടിലെ വിദേശ കാര്യ മന്ത്രിയുമായി ചര്‍ച്ച ചെയ്യണമെന്നഭ്യര്‍ത്ഥിച്ച് പി.കെ കുഞ്ഞാലിക്കുട്ടി എംപിയുമായും ബന്ധപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി. ഇതുസംബന്ധിച്ച് വിദേശ കാര്യ മന്ത്രി ഡോ. ജയശങ്കര്‍, സഹ മന്ത്രി വി.മുരളീധരന്‍, വകുപ്പ് സെക്രട്ടറി എന്നിവര്‍ക്ക് നിവേദനം സമര്‍പ്പിച്ചതായി പ്രവാസി ലീഗല്‍ സെല്‍ കുവൈത്ത് ചാപ്റ്റര്‍ പ്രസിഡണ്ട് ബാബു ഫ്രാന്‍സിസും അറിയിച്ചു. ഇന്ത്യയിലും കുവൈത്തിലും നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന അന്താരാഷ്ട്ര-ആഭ്യന്തര വിമാന യാത്രകള്‍ക്കുള്ള നിരോധം മൂലം ഈ ആനുകൂല്യം പ്രയോജനപ്പെടുത്തുന്നതിന് ഇന്ത്യന്‍ പ്രവാസികള്‍ക്ക് പ്രത്യേക പരിഗണന നല്‍കി 2020 ഏപ്രില്‍ 1 മുതല്‍ ഏപ്രില്‍ 30 വരെയുള്ള കാലയളവില്‍ പ്രത്യേക വിമാനങ്ങള്‍ അനുവദിച്ച് നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ പ്രവാസികളെ സ്വദേശത്ത് എത്തിക്കണമെന്ന് പ്രവാസി ലീഗല്‍ സെല്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.