കേന്ദ്രസര്‍ക്കാര്‍ ഇന്ന് സ്റ്റാറ്റസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം
കോടതി ഇടപെടല്‍ പൊതുതാല്പര്യഹര്ജിയില്
ഹര്‍ജി പരിഗണിച്ചത് വീഡിയോ കോണ്‍ഫറന്‍സ് വഴി
ന്യൂഡല്‍ഹി: കോവിഡ് 19 വ്യാപനം തടയുന്നതിനായി രാജ്യവ്യാപക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെ തുടങ്ങിയ കുടിയേറ്റ തൊഴിലാളികളുടെ കൂട്ടപ്പലായനത്തില്‍ കേന്ദ്രസര്‍ക്കാറിനോട് വിശദീകരണം തേടി സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ, ജസ്റ്റിസ് എല്‍ നാഗേശ്വര റാവു എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് റിപ്പോര്‍ട്ട്് ആവശ്യപ്പെട്ടത്. കുടിയേറ്റ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടതാണ് കൂട്ടപ്പലായനത്തിലേക്ക് നയിച്ചതെന്ന് ചൂണ്ടിക്കാട്ടി അഡ്വ. അലക് അലോക് ശ്രീവാസതവ, രശ്മി ബന്‍സാല്‍ എന്നിവര്‍ സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജികള്‍ പരിഗണിക്കവെയായിരുന്നു കോടതി ഇടപെടല്‍. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് കോടതി ഹര്‍ജി പരിഗണിച്ചത്.
കൊറോണ വൈറസിനേക്കാള്‍ ഭീതിജനകമായ എന്തോ ഒന്ന് വരാനിരിക്കുന്നുണ്ടെന്ന ആശങ്കയിലാണ് കുടിയേറ്റ തൊഴിലാളികളെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. വ്യാപകമായ ആശങ്കയും ഭീതിയുമാണ് കുടിയേറ്റക്കാര്‍ക്കിടയില്‍ നിലനില്‍ക്കുന്നതെന്നും അഡ്വ. രശ്മി ബന്‍സാല്‍ ചൂണ്ടിക്കാട്ടി. ആ ഭയവും ആശങ്കയും കൊറോണയേക്കാള്‍ അപകടകരമാണെന്നായിരുന്നു ഇതിനോട് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയുടെ പ്രതികരണം.
രോഗവ്യാപനം തടയുന്നതിന് കുടിയേറ്റ തൊഴിലാളികളുടെ പലായനം തടഞ്ഞേ തീരൂവെന്നും കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ ഇതിന് ശക്തമായ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും കേന്ദ്രസര്‍ക്കാറിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ ബോധിപ്പിച്ചു.
പലായനം ചെയ്യുന്ന തൊഴിലാളികളെ തടഞ്ഞുനിര്‍ത്തി 14 ദിവസത്തേക്ക് സര്‍ക്കാര്‍ സംവിധാനത്തില്‍ ക്വാറന്റൈനില്‍ പാര്‍പ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. നഗരങ്ങളില്‍ നിരീക്ഷണം കര്‍ശനമാക്കാനും സംസ്ഥാന അതിര്‍ത്തികള്‍ അടക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാനും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എസ്.ജി ബോധിപ്പിച്ചു.
പലായനക്കാരെ നിശ്ചിത കേന്ദ്രങ്ങളില്‍ അണു വിമുക്തമാക്കാന്‍ സംവിധാനം ഒരുക്കണമെന്ന് അഡ്വ. രശ്മ ബന്‍സാല്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. വഴി നീളെ പലായനക്കാര്‍ക്ക് ഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്യുന്നതിന് പ്രത്യേക സംഘത്തെ വിന്യസിക്കണം. കുടിയേറ്റ തൊഴിലാളികളുടെ ആശങ്കയും ഭയവും അകറ്റുന്നതിന് കൗണ്‍സിലര്‍മാരെ നിയമിക്കണമെന്നും രശ്മി ബന്‍സാല്‍ ആവശ്യപ്പെട്ടു. സര്‍ക്കാറുകള്‍ ഒന്നും ചെയ്യുന്നില്ലെന്നാണോ താങ്കള്‍ പറഞ്ഞതിന് അര്‍ത്ഥം എന്നായിരുന്നു ഇതിന് ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. നിര്‍ദേശങ്ങള്‍ നല്കാന് കോടതിക്ക് കഴിയും. എന്നാല്‍ സര്‍ക്കാര്‍ ചില നടപടികള്‍ സ്വീകരിക്കുന്നുണ്ട്. അത് എന്തെല്ലാമെന്ന് അറിയട്ടെ, അതിനു മുമ്പേ കോടതി നിര്‍ദേശങ്ങള്‍ നല്‍കുന്നത് ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. പലായനം തടയുന്നതിന് ഇതുവരെ സ്വീകരിച്ച നടപടികള്‍ ഉള്‍കൊള്ളിച്ച് ഇന്നുതന്നെ സ്റ്റാറ്റസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കേന്ദ്രത്തോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം ലോക്ക്ഡൗണ്‍ കേന്ദ്രസര്‍ക്കാര്‍ ദീര്‍ഘിപ്പിക്കാന്‍ ഇടയുണ്ടെന്ന മാധ്യമ വാര്‍ത്തകളാണ് കുടിയേറ്റ തൊഴിലാളികളുടെ കൂട്ടപ്പലായനത്തിലേക്ക് നയിച്ചതെന്ന് ആരോപണവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി. ഇത്തരം റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണ്. ലോക്ക്ഡൗണ്‍ ദീര്‍ഘിപ്പിക്കുന്നത് സംബന്ധിച്ച ഒരു തീരുമാനവും ഇതുവരെ കൈക്കൊണ്ടിട്ടില്ല. അത്തരമൊരു ആലോചനയേ ഇതുവരെ ഉണ്ടായിട്ടില്ല. മാധ്യമ വാര്‍ത്തകള്‍ അമ്പരിപ്പിക്കുന്നതാണെന്നും കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ പറഞ്ഞു. ലോക്ക്ഡൗണ്‍ ഏപ്രില്‍ 14നു തന്നെ അവസാനിക്കുമെന്ന് ഉന്നത സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് സ്വകാര്യ വാര്‍ത്താ ഏജന്‍സിയായ എ.എന്‍ഐയും റിപ്പോര്‍ട്ട് ചെയ്തു. ഏപ്രില്‍ മധ്യത്തോടെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ഇടയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി സൈന്യവും രംഗത്തെത്തി. സാമൂഹ്യമാധ്യമങ്ങള്‍ വഴി ഇതുസംബന്ധിച്ച് പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകളാണെന്ന് കരസേനാ വക്താവ് വ്യക്തമാക്കി.