അബുദാബി: വിവിധ രാജ്യങ്ങളില്‍ കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ അതീവ ആരോഗ്യ സുരക്ഷ ഉറപ്പാക്കി മാത്രമേ പരീക്ഷകള്‍ നടത്താന്‍ പാടുള്ളൂവെന്ന് യുഎഇ ആരോഗ്യ വിഭാഗവും വിദ്യാഭ്യാസ മന്ത്രാലയവും സ്‌കൂള്‍ അധികൃതര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
യുഎഇയില്‍ എല്ലാ സ്‌കൂളുകള്‍ക്കും അവധിയായിരിക്കെ പൊതുപരീക്ഷയെന്ന പ്രാധാന്യം കണക്കിലെടുത്താണ് ഈ സമയത്ത് പരീക്ഷ നടത്താന്‍ അനുമതി നല്‍കിയിട്ടുള്ളത്. ഇതനുസരിച്ച് പരീക്ഷാ കേന്ദ്രങ്ങളില്‍ വന്‍ ആരോഗ്യ പരിപാലന-ശുചിത്വ ക്രമീകരണങ്ങളാണ് സ്‌കൂളുകള്‍ നടത്തിയിട്ടുള്ളത്.
ഒരു ക്‌ളാസ് മുറിയില്‍ 15 കുട്ടികളെ മാത്രമേ ഇരുത്താന്‍ പാടുള്ളൂവെന്ന നിര്‍ദേശം പാലിച്ചു കൊണ്ടായിരിക്കും പരീക്ഷ നടക്കുക. കേരള സര്‍ക്കാര്‍ നേരത്തെ എസ്എസ്എല്‍സി, പ്‌ളസ് 1, പ്‌ളസ് 2 കുട്ടികളെ ഇടകലര്‍ത്തിയിരുത്തണമെന്ന് ഉത്തരവിറക്കിയിരുന്നു. എന്നാല്‍, യുഎഇയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഒരു ക്‌ളാസ് മുറിയില്‍ 15 പേര്‍ മാത്രമാണെന്നതു കൊണ്ട് ഇതില്‍ മാറ്റം വരുത്തിയിട്ടുണ്ട്.
കുട്ടികള്‍ കൂട്ടം കൂടരുതെന്നും പരീക്ഷയുടെ നിശ്ചിത സമയത്തിന് തൊട്ടു മുന്‍പു മാത്രമേ സ്‌കൂളില്‍ എത്താന്‍ പാടുള്ളൂവെന്നും കുട്ടികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്‌കൂള്‍ ബസുകളിലെ യാത്രയും ഒഴിവാക്കിയിട്ടുണ്ട്. കുട്ടികളോട് സ്വന്തം നിലയില്‍ എത്തിച്ചേരാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. കുട്ടികളുടെ ആരോഗ്യ സുരക്ഷക്കായി പ്രത്യേകം ഡോക്ടറെയും നഴ്‌സുമാരെയും നിയോഗിച്ചിട്ടുള്ളതായി അബുദാബി മോഡല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. അബ്ദുല്‍ ഖാദര്‍ മിഡില്‍ ഈസ്റ്റ് ചന്ദ്രികയോട് പറഞ്ഞു.