കൊറോണ: സ്‌കൂള്‍ അവധിയില്‍ മാറ്റം; ഞായാറാഴ്ച മുതല്‍ നാലാഴ്ച

15

അബുദാബി: യുഎഇയില്‍ കൊറോണ ബാധക്കെതിരെയുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി സ്‌കൂളുകളുടെ ഇടക്കാല അവധിയില്‍ മാറ്റം വരുത്തിയതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഈ മാസം 29ന് ആരംഭിക്കാനിരുന്ന അവധി 9ന് ഞായറാഴ്ച മുതല്‍ തന്നെ ആരംഭിക്കുമെന്നാണ് മന്ത്രാലയം അറിയിപ്പില്‍ വ്യക്തമാക്കുന്നത്.
മാത്രമല്ല, ഇടക്കാല അവധി രണ്ടാഴ്ചക്കാലം മാത്രമായിരുന്നു. എന്നാല്‍, പുതിയ സാഹചര്യത്തില്‍ നാലാഴ്ചക്കാലത്തെ അവധിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കൊറോണ വൈറസ് കോവിഡ് ’19ന്റെ വ്യാപനം കുറക്കുകയെന്നതാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്.അവധിക്കാലത്തിന്റെ അവസാന രണ്ടാഴ്ചക്കുള്ളില്‍ വീട്ടിലിരുന്നുള്ള പഠന-പരിശീലനത്തോടുള്ള കുട്ടികളുടെ പ്രതിബദ്ധത ഉറപ്പു വരുത്തുന്നതിന് പിന്തുണയും പ്രോത്സാഹനവും നല്‍കാനും മന്ത്രാലയം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
മാതാപിതാക്കള്‍, വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ എന്നിവര്‍ പ്രതിനിധീകരിക്കുന്ന എല്ലാ ഗ്രൂപ്പുകള്‍ക്കും വിദൂര വിദ്യാഭ്യാസത്തെ കുറിച്ച് അവബോധ പരിപാടി നടപ്പാക്കാന്‍ മന്ത്രാലയം നിര്‍ദേശിച്ചു. അധ്യാപകര്‍ ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ കുട്ടികളുമായി പഠന-ആശയ വിനിമയം നടത്തുകയും വീട്ടിലിരുന്നുള്ള പഠനത്തിന് ആവശ്യമായ കാര്യങ്ങള്‍ ചെയ്തു കൊടുക്കുയും വേണം.