കോട്ടയത്ത് ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ തെരുവില്‍

20
പായിപ്പാട് കവലയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ലോക്ഡൗണ്‍ ലംഘിച്ച് റോഡ് ഉപരോധിച്ചപ്പോള്‍

നാട്ടില്‍ പോകണമെന്നാവശ്യപ്പെട്ട് റോഡ് ഉപരോധം

ചങ്ങനാശേരി: കോട്ടയം പായിപ്പാട്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ ലോക്ഡൗണ്‍ ലംഘിച്ച് സംഘടിച്ച് മണികൂറുകളോളം റോഡ് ഉപരോധിച്ചു. ആയിരക്കണക്കിനു അതിഥി തൊഴിലാളികളാണ് പായിപ്പാട് കവലയില്‍ ഇന്ന ലെ ഉച്ചയോടെ സംഘടിച്ചത്.
ഭക്ഷണവും വെള്ളവം കിട്ടുന്നില്ല, നാട്ടിലേക്ക് മടങ്ങണം എന്നീ കാരണങ്ങള്‍ ഉന്നയിച്ചാണ് സംഘടിച്ചത്. കോട്ടയം ജില്ലാ കലക്ടര്‍ പി.കെ.സുധീര്‍ ബാബു,  ജില്ലാ പൊലീസ് മേധാവി ജി. ജയദേവ്, പത്തനംതിട്ട ജില്ലാ കലക്ടര്‍ പി.ബി. നൂഹ് എന്നിവരും സ്ഥലത്തെത്തി. കോട്ടയം ജില്ലാ കലക്ടര്‍ പി.കെ. സുധീര്‍ ബാബുവും പൊലീസ് മേധാവി ജി. ജയ്‌ദേവും തൊഴിലാളികളുമായി സംസാരിച്ച ശേഷം ഇവര്‍ പിരിഞ്ഞുപോകാന്‍ തയാറാകുകയായിരുന്നു. താമസവും ഭക്ഷണസൗകര്യങ്ങളും ജില്ലാ ഭരണകൂടം ഉറപ്പുനല്‍കി. തൊഴിലാളികള്‍ക്ക് അടുത്ത മാസം പകുതി വരെ ഭക്ഷണം നല്‍കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.  ചങ്ങനാശേരി ഡിവൈ.എസ്.പി എസ് സുരേഷ് കുമാറിന്റെ നേത്യത്വത്തിലുള്ള പൊലീസ് സംഘം, ചങ്ങനാശേരി തഹസില്‍ദാര്‍, പായിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ സ്ഥലത്തെത്തി മൈക്ക് ഉപയോഗിച്ച് കാര്യങ്ങള്‍ ഇവരെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും  ഇവര്‍ പിരിഞ്ഞു പോകുവാന്‍ ആദ്യം തയ്യാറായില്ല.   ചെറിയ രീതിയില്‍ പൊലീസുമായി ഉന്തും തള്ളും ഉണ്ടായി. വീണ്ടുമൊരു കൂട്ടം ചേരല്‍ ഉണ്ടാകാതിരിക്കുവാനായി പൊലീസിനെ വ്യന്യസിച്ചിട്ടുണ്ട്. പിന്നിട് ചങ്ങനാശേരി ടിബിയില്‍ ഉന്നതതലയോഗം കൂടി.  സ്വയം പാചകം ചെയ്ത് കഴിക്കുന്നതിനായി ആവശ്യമുള്ള ഭക്ഷ്യധാന്യങ്ങള്‍  എല്ലാ ക്യാമ്പുകളിലും എത്തിച്ചു കൊടുക്കാന്‍ തീരുമാനിച്ചു. അതിഥി തൊഴിലാളികള്‍ കൂട്ടമായി പ്രതിഷേധിക്കാനുണ്ടായ സാഹചര്യം ആസൂത്രിതമാണെന്ന് യോഗത്തിന് ശേഷം  മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു. 12000 തൊഴിലാളികളാണ് പായിപ്പാട്ടുള്ളത്. ഇതില്‍ 8200 പേര്‍ നാടുകളിലേക്ക് മടങ്ങി. 167 ക്യാമ്പുകളിലായി 3500 ഓളം പേര്‍ നിലവില്‍ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്.