ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്ക് സംരക്ഷണത്തിന്
മഴക്കോട്ടുകളും ഹെല്‍മെറ്റുകളും
ന്യൂഡല്‍ഹി: കൊവിഡ്-19 പടര്‍ന്നു പിടിക്കുമ്പോഴും രാജ്യത്തെ പൊതുജനാരോഗ്യ പരിപാലനത്തിന്റെ ദയനീയത വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. കോവിഡ് രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്ക് പോലും ശരിയായ രീതിയില്‍ സുരക്ഷാ ഉപകരണങ്ങള്‍ ലഭ്യമാകുന്നില്ലെന്നതിന്റെ തെളിവുകളാണ് പുറത്തു വന്നിട്ടുള്ളത്.
സുരക്ഷാ സാമഗ്രികളുടെ കുറവ് മൂലം ഇന്ത്യയില്‍ ചിലയിടങ്ങളിലെ ഡോക്ടര്‍മാര്‍ മഴക്കോട്ടുകളും, ഹെല്‍മെറ്റുകളും ആണ് സുരക്ഷയ്ക്കായി ഉപയോഗിക്കുന്നതെന്നാണ് വിവരം. വ്യക്തികള്‍ക്ക് സംരക്ഷണം നല്‍കുന്ന സാമഗ്രികളുടെ കുറവ് മൂലം ആഭ്യന്തര പര്‍ച്ചേസിന് പുറമെ ദക്ഷിണ കൊറിയ, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. രാജ്യത്ത് ഇതുവരെ 1251 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും 32 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്. ഡസനിലധികം ഡോക്ടര്‍മാര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്.
യു.പിയില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന 4700 ആംബുലന്‍സുകളുടെ ഡ്രൈവര്‍മാര്‍ മതിയായ സുരക്ഷാ ഉപാധികളും ആരോഗ്യ ഇന്‍ഷൂറന്‍സും ആവശ്യപ്പെട്ടാണ് ഇന്നലെ സമരം ചെയ്തത്. ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ തങ്ങളുടെ ജീവന്‍ വെച്ച് പന്താടാനില്ലെന്ന് ആംബുലന്‍സ് ഡ്രൈവര്‍മാരുടെ അസോസിയേഷന്‍ പ്രസിഡന്റ് ഹനുമാന്‍ പാണ്ഡേ പറഞ്ഞു. മെയ് മാസം പകുതിയോടെ ഇന്ത്യയില്‍ 100,000 പേര്‍ക്ക് കോവിഡ് പിടിപെടാമെന്നാണ് ചില ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഈ അവസരത്തിലാണ് ഇന്ത്യയിലെ ആരോഗ്യ വകുപ്പ് സംവിധാനത്തിന്റെ പോരായ്മകള്‍ പുറത്ത് വരുന്നത്. കിഴക്കന്‍ കൊല്‍ക്കത്തയില്‍ കോവിഡ് 19 വൈറസിനെതിരായ പ്രധാന ചികിത്സാ കേന്ദ്രമായ ബേലിയഗട്ട ആശുപത്രിയില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് രോഗികളെ പരിശോധിക്കുന്ന വേളയില്‍ പ്ലാസ്റ്റിക് മഴക്കോട്ടുകളാണ് നല്‍കിയിരിക്കുന്നത്. ആശുപത്രിയിലെ രണ്ടു ഡോക്ടര്‍മാരാണ് ഇതു സംബന്ധിച്ച വിവരങ്ങളും ചിത്രങ്ങളും കൈമാറിയിരിക്കുന്നത്. തങ്ങളുടെ ജീവന്‍ അപകടത്തിലാക്കി ഇത്തരത്തില്‍ ചികിത്സിക്കാനാവില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
അതേ സമയം ആശുപത്രിയുടെ സൂപ്രണ്ട് ഡോ. അസീസ് മന്ന പ്രതികരണം നടത്താന്‍ തയ്യാറായില്ല. ഹരിയാനയിലെ ഇ.എസ്.ഐ ആശുപത്രിയിലെ ഡോ. സന്ദീപ് ഗാര്‍ഗ് താന്‍ ബൈക്കിന്റെ ഹെല്‍മെറ്റാണ് സുരക്ഷയ്ക്കായി ഉപയോഗിക്കുന്നത് എന്നാണ് പറയുന്നത്. വൈറസ് പകര്‍ച്ച തടയുന്നതിനുള്ള എന്‍95 മാസ്‌കുകള്‍ ലഭ്യമല്ലാത്തിനാലാണ് ബൈക്കിന്റെ ഹെല്‍മെറ്റ് ഉപയോഗിക്കുന്നത്.
ഹരിയാനയിലെ നിരവധി സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ മതിയായ സുരക്ഷാ സാമഗ്രികളില്ലാതെ രോഗികളെ ചികിത്സിക്കില്ലെന്ന് പറയുന്നുണ്ട്. ചിലയിടങ്ങളിലെ ഡോക്ടര്‍മാര്‍ സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങാനായി 1000 രൂപ വീതം സംഭാവന നല്‍കി ധനസമാഹരണം തുടങ്ങിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ കോവിഡ് വ്യാപനത്തെ ചെറുക്കാന്‍ ഇന്ത്യയ്ക്ക് ഇനിയും ആവശ്യമുള്ളത് 38 ദശലക്ഷം മാസ്‌കുകളും 62 ലക്ഷം വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളുമെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു.