കോവിഡ് മരണം;ആശങ്ക വേണ്ടെന്ന് അധികൃതര്‍

38
കോവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന് മരിച്ച മട്ടാഞ്ചേരി ചുള്ളിക്കല്‍ സ്വദേശി യാക്കൂബ് ഹുസൈന്‍ സേട്ടിന്റെ മൃതദേഹം ഖബറടക്കത്തിനായി കച്ചി മേമന്‍ ഹനഫി മസ്ജിദില്‍ എത്തിച്ചപ്പോള്‍

മട്ടാഞ്ചേരി ചുള്ളിക്കല്‍ പി.സി അഗസ്റ്റിന്‍ റോഡില്‍ സൂം റസിഡന്‍സി അപ്പാര്‍ട്ട്‌മെന്റിന്റെ  ഏറ്റവും മുകളിലത്തെ നിലയിലാണ് യാക്കൂബ് ഹുസൈന്‍ സേട്ടും ഭാര്യയും രണ്ട് മക്കളും താമസിച്ചിരുന്നത്. മൂന്നു മാസം കൂടുമ്പോഴാണ് പ്രവാസി ബിസിനസുകാരനായിരുന്ന യാക്കൂബ് സേട്ട് ദുബായില്‍ നിന്ന് നാട്ടിലെത്തിയിരുന്നത്.  താഴത്തെ നിലയില്‍ ഇവരുടെ മകളും കുടുംബവും താമസിക്കുന്നുണ്ട്. ഇവരെല്ലാം നിലവില്‍ നിരീക്ഷണത്തിലാണ്.  ഇവരുടെ വീട്ടില്‍ ജോലിക്ക് വന്ന സ്ത്രീയും സമ്പര്‍ക്ക വിലക്കിലാണ്.
#ാറ്റില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ആരോഗ്യ പ്രവര്‍ത്തകര്‍ ഭക്ഷണം എത്തിച്ചു നല്‍കുന്നുണ്ട്. താഴെ ഭക്ഷണം വച്ച ശേഷം ഫോണില്‍ വിളിച്ചറിയിക്കുകയാണ് പതിവ്. ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സും താലൂക്ക് അധികൃതരും ചേര്‍ന്ന് ഫ്‌ളാറ്റും പരിസര പ്രദേശങ്ങളും വഴിയും അണുവിമുക്തമാക്കുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിച്ചു. യാക്കൂബ് ഹുസൈന്റെ ഭാര്യയ്ക്കും ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതോടെ ഇരുവരും കളമശേരി മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ഐസലോഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്. എമിറേറ്റ്‌സ് വിമാനത്തില്‍ സഞ്ചരിച്ച 40 യാത്രക്കാരോടും ചുള്ളിക്കല്‍ ഫ്‌ളാറ്റിലെ പത്തു കുടുംബങ്ങളോടും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ടാക്‌സി ഡ്രൈവറുടെ റൂട്ട് മാപ്പും തയാറാക്കി. എറണാകുളം ബ്രോഡ്‌വേയിലെ ഒരു കടയിലെ ജീവനക്കാരിയായ ഡ്രൈവറുടെ ഭാര്യയും നിരീക്ഷണത്തിലാണ്.
വൈപ്പിനിലെ ഒരു സഹകരണ ബാങ്കിലും എസ്ബിഐ ശാഖയിലും ഡ്രൈവര്‍ എത്തിയതായി കണ്ടെത്തി. ഈ സ്ഥാപനങ്ങളിലെ ജീവനക്കാരോടും നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. സഹകരണ ബാങ്ക് താല്‍ക്കാലികമായി പൂട്ടി.  അതേസമയം കേരളത്തിലെ ആദ്യ കോവിഡ് 19 മരണം കൊച്ചിയില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. ഗള്‍ഫില്‍ നിന്നെത്തിയ  69കാരനാണ് ഇന്നലെ കോവിഡ് മൂലം മരണമടഞ്ഞത്. മാര്‍ച്ച് 22 മുതല്‍ കളമശേരി മെഡിക്കല്‍ കോളേജ് ഐസൊലേഷന്‍  വാര്‍ഡില്‍ ചികിത്സയിലായിരുന്നു. നേരത്തെ തന്നെ ഹൃദ്രോഗവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഉള്ളയാളാണ് മരണമടഞ്ഞ വ്യക്തിയെന്നും പൊതുജനങ്ങള്‍ ആശങ്കാകുലരാകേണ്ടെന്നും  മന്ത്രി പറഞ്ഞു. കോവിഡ് ബാധിച്ച് ചികിത്സയില്‍ ഉള്ള മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം  വ്യക്തമാക്കി.