രാജ്യത്ത് കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 341 ആയി ഉയർന്ന സാഹചര്യത്തിൽ അവശ്യ സേവനങ്ങൾ മാത്രമനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കാൻ സംസ്ഥാനസർക്കാരിനോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി.
കോവിഡ് 19 ബാധ സ്ഥിരീകരിച്ചതോ വൈറസ് ബാധയുമായി ബന്ധപ്പെട്ട അത്യാഹിതങ്ങൾ റിപ്പോർട്ട് ചെയ്തതോ ആയ 75 ജില്ലകളിൽ അവശ്യ സർവീസുകൾ മാത്രം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഇറക്കാനാണ് സംസ്ഥാന സർക്കാരുകളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.
സാഹചര്യങ്ങൾ വിലയിരുത്തി ആവശ്യമെങ്കിൽ സംസ്ഥാന സർക്കാരുകൾക്ക് മറ്റുജില്ലകളിൽ കൂടി ഈ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാകും.
വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മാർച്ച് 31 വരെയുള്ള എല്ലാ ട്രെയിൻ സർവീസുകളും നിർത്തി. വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂവിൽ രാജ്യം നിശ്ചലമായിരിക്കുകയാണ്.
എന്നാൽ ശനിയാഴ്ച തന്നെ ഡൽഹിയിലെ കൊണാട്ട് പ്ലേസ്, സരോജിനി നഗർ, മുംബൈയിലെ മറൈൻ ഡ്രൈവ്, ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് സ്റ്റേഷൻ, കൊൽക്കത്തയിലെ പുതിയ മാർക്കറ്റ് മേഖല തുടങ്ങി രാജ്യത്തെ തിരക്കേറിയ ഭാഗങ്ങളെല്ലാം വിജനമായിരുന്നു.
മെട്രോ സർവീസുകൾ ഉൾപ്പടെയുള്ള പൊതുഗതാഗതങ്ങൾ താല്ക്കാലികമായി നിർത്തലാക്കിയതുമുതൽ വീടുകളിൽ നിന്ന് ആളുകൾ പുറത്തിറങ്ങുന്നത് തടയുന്നതിനായി അധിക പോലീസുകാരെ വിവിധ സംസ്ഥാനങ്ങൾ വിന്യസിപ്പിച്ചിരുന്നു. വീട്ടിൽ നിന്നും പുറത്തിറങ്ങുന്നവരോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞ് തിരികെ വീട്ടിലെത്താനുള്ള നിർദേശങ്ങൾ പോലീസ് നൽകുന്നുണ്ട്.
ഡൽഹിയിൽ വീട്ടിൽ നിന്ന് സ്വകാര്യവാഹനങ്ങളുമായി പുറത്തിറങ്ങിയവരെ റോസാ പുഷ്പം നൽകി, സ്നേഹോപദേശം നൽകിയാണ് പോലീസുകാർ വീടുകളിലേക്ക് മടക്കിയത്. കേരളത്തിൽ വീടില്ലാത്ത തെരുവുകളിൽ കഴിയുന്നവർക്ക് ഭക്ഷണമെത്തിക്കാനും പോലീസ് ശ്രമിച്ചിരുന്നു.