ദുബൈ: കോവിഡ് 19മായി ബന്ധപ്പെട്ട് ദുബൈ കെഎംസിസി നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ദുബൈ ഗവണ്‍മെന്റിന്റെ പിന്തുണയും അംഗീകാരവും. ദുബൈ ഗവണ്‍മെന്റിന് കീഴിലുള്ള ക്രൈസിസ് മാനേജ്‌മെന്റ് 50 വളണ്ടിയര്‍മാര്‍ക്ക് ബാഡ്ജും ജാക്കറ്റും അനുവദിച്ചു നല്‍കിയിരിക്കുകയാണ്. കോവിഡ് 19മായി ബന്ധപ്പെട്ടവര്‍ക്ക് സഹായമാവശ്യമാകുമ്പോള്‍ തടസ്സങ്ങളില്ലാതെ അവിടേക്ക് വേഗത്തില്‍ എത്താനും സേവനങ്ങള്‍ നല്‍കാനും ഇത് സഹായിക്കുന്നു.
കോവിഡ് 19മായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നാട്ടില്‍ നിന്നും അധികൃതരെ ബന്ധപ്പെട്ടും ആവശ്യമായ ഉപദേശ-നിര്‍ദേശങ്ങളിലൂടെയും ദുബൈ കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍ ഏകോപിപ്പിച്ചു വരുന്നു. ഇവിടെ നിന്നും പുത്തൂര്‍ റഹ്മാന്‍, ഷംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ദീന്‍, ഡോ. അന്‍വര്‍ അമീന്‍, പൊയില്‍ അബ്ദുല്ല, മുസ്തഫ ഖവാനീജ്, നിസാര്‍ തളങ്കര, മുസ്തഫ വേങ്ങര, മുസ്തഫ തിരൂര്‍, പി.കെ ഇസ്മായില്‍, ഹംസ തൊട്ടി, പി.കെ അന്‍വര്‍ നഹ, അഡ്വ. സാജിദ് അബൂബക്കര്‍ തുടങ്ങിയവരും ദുബൈ ഗവണ്‍മെന്റും കോണ്‍സുലേറ്റുമായും ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് അഡ്വ. ഇബ്രാഹിം ഖലീല്‍, ദുബൈ കെഎംസിസി ഹെല്‍പ് ഡെസ്‌കിന് ഷബീര്‍ കീഴൂര്‍ തുടങ്ങിയവരും നേതൃത്വം നല്‍കുന്നു.
മികച്ച പ്രവര്‍ത്തനങ്ങളാണ് ദുബൈ കെഎംസിസി കാഴ്ച വെക്കുന്നതെന്നും എല്ലാ പിന്തുണയും സഹകരണവും എപ്പോഴും ഉണ്ടാകുമെന്നും ദുബൈ ഗവണ്‍മെന്റ് ക്രൈസിസ് മാനേജ്‌മെന്റ് ഓഫീസര്‍മാരായ അബ്ദുല്ല അഹ്മദ്, ഈസാ അഹ്മദ് ഇബ്രാഹിം എന്നിവര്‍ അറിയിച്ചതായി അഡ്വ. ഇബ്രാഹിം ഖലീല്‍ പറഞ്ഞു.
ആദ്യ ഘട്ടത്തില്‍ കൂടുതല്‍ കേസുകള്‍ കാസര്‍കോട് ജില്ലയില്‍ നിന്നായിരുന്നതിനാല്‍ അവിടം കേന്ദ്രീകരിച്ചായിരുന്നു ഹെല്‍പ് ഡെസ്‌കിന്റെ പ്രവര്‍ത്തനങ്ങള്‍. ഇപ്പോള്‍ മറ്റു ജില്ലകളില്‍ നിന്നും കേസുകളുള്ളതിനാല്‍ അവിടങ്ങളില്‍ ഹെല്‍പ് ഡെസ്‌കുകള്‍ ആരംഭിക്കാനുള്ള ആലോചനയിലാണ് ദുബൈ കെഎംസിസി.
ആദ്യ ഘട്ടത്തില്‍ 50 റൂമുകളെ ക്വാറന്റീന്‍ ചെയ്തു. രണ്ടാം ഘട്ടത്തില്‍ 135 ഹോം ക്വാറന്റീനുകള്‍ സജ്ജമാക്കി. ഈ ക്വാറന്റീനുകളില്‍ അത്യാവശ്യക്കാര്‍ക്ക് ഭക്ഷണവും മറ്റു അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും നല്‍കുന്നു. അതോടൊപ്പം, കോവിഡ് 19 ബാധിച്ചവര്‍ക്ക് മാനസിക പിന്‍ബലവും ധൈര്യവും നല്‍കുന്ന പ്രവര്‍ത്തനവും നടന്നു വരുന്നുണ്ട്. ഹെല്‍പ് ഡെസ്‌കിന്റെ പ്രവര്‍ത്തനം 24 മണിക്കൂറാക്കി ദീര്‍ഘിപ്പിക്കാനുള്ള തീരുമാനവുമുണ്ട്.
ദുബൈ കെഎംസിസി നേതൃത്വത്തില്‍ കോവിഡ് 19 സ്ഥിരീകരിച്ച ആളുകളെ ആശുപത്രികളില്‍ പ്രവേശിപ്പിക്കാന്‍ ഹെല്‍പ് ഡെസ്‌ക് മുഖേന കഴിഞ്ഞിട്ടുണ്ട്. 150ഓളം റൂമുകളില്‍ ആവശ്യക്കാര്‍ക്ക് ഭക്ഷണവും അനുബന്ധ സാമഗ്രികളും അഷ്‌കര്‍ ചൂരി, സുഹൈല്‍ കോപ്പ എന്നിവരുടെ നേതൃത്വത്തില്‍ ഡിസ്ട്രിബ്യൂഷന്‍ സെന്റര്‍ വഴി മികച്ച രീതിയില്‍ നിര്‍വഹിക്കുന്നു. അല്‍മദീന ഹൈപര്‍ മാര്‍ക്കറ്റ്, ഇന്‍കാസ്, അക്കാഫ്, കെസെഫ്, എല്‍ബിഎസ് അലൂംനി, ദുബൈ റെസ്‌റ്റോറന്റ്‌സ് കൂട്ടായ്മ, യുവ കലാ സാഹിതി, ഷാര്‍ജ കെഎംസിസി, ടീം ഇന്ത്യ തുടങ്ങിയ സുമനസുകളുടെയും വിവിധ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും സഹകരണത്തിലാണിത്.
കോവിഡ് 19 ബാധ മൂലം ദുരിതത്തിലായ കുംബങ്ങള്‍ക്ക് ആശ്വാസവും പിന്തുണയും സഹായങ്ങളുമായി ദുബൈ വനിതാ കെഎംസിസിയും സജീവമായി രംഗത്തുണ്ട്.
ആസ്റ്ററുമായി സഹകരിച്ച് ഓരോ സ്ഥലങ്ങളിലും പരിശോധനകള്‍ നടത്തി വരുന്നു. വരുംദിവസങ്ങളിലും ആവശ്യമെങ്കില്‍ പരിശോധനകള്‍ നടക്കും. അതിന് വളണ്ടിയര്‍ സൗകര്യങ്ങള്‍ നല്‍കുന്നുണ്ട്. അല്‍വര്‍സാനില്‍ ആരംഭിക്കുന്ന ഐസൊലേഷന്‍ സെന്ററിലേക്കുള്ള വളണ്ടിയര്‍ സേവനങ്ങളും ദുബൈ കെഎംസിസി നല്‍കും.