‘ക്ഷമിക്കണം; അവിവേകമല്ല അറിവില്ലായ്മ’

21
ഇറ്റലിയില്‍ നിന്നുവന്ന റാന്നി സ്വദേശികള്‍ ഉള്‍പ്പെടുന്ന കുടുംബം കോവിഡ് 19 ഭേദമായതിനെ തുടര്‍ന്ന് റാന്നി ഐത്തലയിലെ വീട്ടിലേക്കു മടങ്ങുമ്പോള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സിച്ച ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും ചേര്‍ന്നുനല്‍കിയ യാത്രയയപ്പ്‌
കോവിഡ് മുക്തരായ റാന്നി കുടുംബം ആശുപത്രി വിട്ടു
പത്തനംതിട്ട: അശാന്തമായ മനസ്. അറിയാതെ സംഭവിച്ച പിഴവ്. കുറ്റബോധത്തിന്റെ 24 ദിനങ്ങള്‍. കോവിഡ് 19-ല്‍ നിന്നു മുക്തിനേടി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഐസലേഷന്‍ വാര്‍ഡില്‍നിന്നു പുറത്തിറങ്ങിയ ഇറ്റലിയില്‍ നിന്നെത്തിയ റാന്നി ഐത്തല സ്വദേശികളും ബന്ധുക്കളും ഉള്‍പ്പെടുന്ന കുടുംബത്തിനു വികാരനിര്‍ഭരമായ യാത്രയയപ്പ്. ഇറ്റലിയില്‍ നിന്നെത്തിയ മൂന്നംഗ കുടുംബവും ഇവരുടെ സഹോദരനും ഭാര്യയുമാണ് ഡിസ്ചാര്‍ജ് ആയത്.
പത്തനംതിട്ട ജനറല്‍ ആശുപത്രി ആര്‍.എം.ഒ. ഡോ. ആശിഷ് മോഹന്‍ കുമാര്‍, ഡോ.ശരത് തോമസ് റോയി, ഡോ. നസ്ലിന്‍ എം സലാം, ഡോ. ജയശ്രി, പരിചരിച്ച നഴ്സുമാര്‍, ആശുപത്രിയിലെ മറ്റു ജീവനക്കാര്‍ എല്ലാവരും ചേര്‍ന്നു  കയ്യടിച്ചാണ് ഇവരെ പുറത്തേക്കുകൊണ്ടുവന്നത്. ജില്ലാ കലക്ടര്‍ പി.ബി നൂഹിന്റെ നിര്‍ദ്ദേശപ്രകാരം ആദ്യം മധുരംനല്‍കി. അത്താഴത്തിനുള്ള ഭക്ഷണവും ജനറല്‍ ആശുപത്രി സ്റ്റാഫ് കൗണ്‍സിലിന്റെ വകയായി ഒരു ദിവസത്തേക്കുള്ള അരിയും പലവ്യഞ്ജനങ്ങളും പച്ചക്കറിയും ഉള്‍പ്പെടെ നല്‍കിയാണ് ഇവരെ  വീട്ടിലേക്കു യാത്രയാക്കിയത്.
”അറിയാതെ സംഭവിച്ച പിഴവാണ്, എല്ലാവരും മനസിലാക്കണം…” കുടുംബാംഗം നിറകണ്ണുകളോടെ പറഞ്ഞു. ഒപ്പം ചികില്‍സിച്ച ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാരുള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കും കൂപ്പുകൈയോടെ കണ്ണീരില്‍ കുതിര്‍ന്ന നന്ദി പ്രകടിപ്പിച്ചു.
ഒരിക്കലും വീട്ടിലേക്കു തിരിച്ചുപോകാമെന്നു ഞങ്ങള്‍ കരുതിയിരുന്നില്ല. സര്‍ക്കാരും കലക്ടറും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും നടത്തിയ അവസരോചിതമായ ഇടപെടലുകള്‍ ഞങ്ങളുടെ ജീവന്‍ രക്ഷിച്ചു. ഒപ്പം ഈശ്വരന്റെ തുണയും. ഞങ്ങള്‍ക്ക് ഇവിടെ വീട്ടിലേക്കാള്‍ സുഖമായിരുന്നു. ഒന്നിനും ഒരുകുറവും ഉണ്ടായില്ല. രാത്രി സമയങ്ങളില്‍ പോലും ഡോക്ടര്‍മാരുള്‍പ്പെടെയുള്ളവര്‍ ആരോഗ്യനില അറിയുന്നതിനായി നിരവധി തവണ എത്തിയിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. 14 ദിവസം കൂടി ഇവര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണം. അതിനുശേഷം ഒരു പരിശോധന കൂടി ഉണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു.
തങ്ങളുടെ പ്രയത്‌നത്തിനു ഫലമുണ്ടായതിന്റെ സന്തോഷത്തിലാണ് ജീവനക്കാര്‍. നിറകണ്ണുകളോടെയാണ് ആശുപത്രി ജീവനക്കാര്‍ കുടുംബത്തെ യാത്രയാക്കിയത്.