‘ജീവിതത്തിലേക്ക് തിരികെ വരാമെന്ന് കരുതിയില്ല’

7
കോവിഡ് 19 ഭേദമായ റോബിനും ഭാര്യ റീനയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ജീവനക്കാര്‍ക്കൊപ്പം

കോവിഡ് ഭേദമായ ചെങ്ങളം സ്വദേശികള്‍ ആശുപത്രി വിട്ടു

കോട്ടയം: കോവിഡ് രോഗബാധ സ്ഥിരീകരിച്ചപ്പോള്‍ ഉണ്ടായിരുന്നത് മരണഭയമായിരുന്നുവെന്ന് രോഗം ഭേദമായ ചെങ്ങളത്തെ യുവ ദമ്പതികള്‍. തുടക്കത്തില്‍ വളരെയേറെ ബുദ്ധിമുട്ട് അനുഭവിച്ചു. എന്നാല്‍ ആരോഗ്യവകുപ്പില്‍ നിന്ന് മികച്ച പിന്തുണയാണ് ലഭിച്ചതെന്നും ആശുപത്രി വിട്ട റോബിനും ഭാര്യ റീനയും പറഞ്ഞു.
വളരെയധികം സന്തോഷമുണ്ട് ഇപ്പോള്‍. തുടക്കത്തില്‍ വളരെയധികം ബുദ്ധിമുട്ടായിരുന്നു. ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ സാധിക്കുമോയെന്ന് പേടിയുണ്ടായിരുന്നു. മരണഭയമായിരുന്നു. അതിന് കാരണം ആദ്യം കേട്ട മരണത്തിന്റെ കണക്കുകളായിരുന്നു. എന്നാല്‍ എല്ലാവരുടെ ഭാഗത്ത് നിന്നും ആത്മധൈര്യം കിട്ടി. എല്ലാവരും ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കണം. കേരളത്തിന് ഈ രോഗത്തെ പ്രതിരോധിക്കാനാവും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളെ കുറിച്ച് മുമ്പുണ്ടായിരുന്ന ധാരണ തീര്‍ത്തും മാറി. കോട്ടയം മെഡിക്കല്‍ കോളജില്‍ ഏറ്റവും മികച്ച ചികിത്സ ലഭിച്ചു. അവിടെയുണ്ടായിരുന്നവര്‍ മാനസികമായ പിന്തുണ നല്ല രീതിയില്‍ തന്നു. പല പല വകുപ്പുകളില്‍ നിന്നായി പേരറിയാത്ത പലരും ഇപ്പോഴും വിളിച്ച് മാനസികമായ പ്രശ്‌നങ്ങള്‍ ഉണ്ടോയെന്ന് ചോദിക്കുന്നു.
രോഗം സ്ഥിരീകരിച്ച സമയത്ത് ഞങ്ങള്‍ക്കും കുടുംബത്തിനുമെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളെല്ലാം തുടക്കം മുതലേ അറിഞ്ഞിരുന്നു. വാട്‌സ്ആപ്പിലും ഫെയ്‌സ്ബുക്കിലും പ്രചരിച്ച കാര്യങ്ങള്‍ അറിഞ്ഞിരുന്നു. ഞങ്ങളുടെ അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാണത്. ആളുകള്‍ക്ക് എല്ലാം കാര്യങ്ങള്‍ മനസിലായിട്ടുണ്ട് എന്ന് മനസിലാകുന്നു. ഇനി കുറച്ചുനാള്‍ നാട്ടില്‍ തന്നെയുണ്ടാകും. മാതാപിതാക്കള്‍ക്കൊപ്പം കഴിയാനാണ് തീരുമാനം – റോബിനും ഭാര്യ റീനയും പറഞ്ഞു.
രോഗമുക്തരായി 21 ദിവസങ്ങള്‍ക്കു ശേഷം കോട്ടയം മെഡിക്കല്‍ കോളേജ്  ആശുപത്രി വിട്ട റോബിനും ഭാര്യ റീനക്കും മകള്‍ റിയന്നക്കും വികാര നിര്‍ഭരമായ യാത്രയയപ്പാണ് ആശുപത്രി ജീവനക്കാര്‍ നല്‍കിയത്. മൂന്നാഴ്ച കൊണ്ട് റിയന്ന ആശുപത്രി ജീവനക്കാരുടെ പൊന്നോമനയായി മാറി. തൂവെള്ള  ടെഡി ബെയര്‍ സമ്മാനിച്ചാണ് റിയന്നയെ ഡോ. കെ. ഹരികൃഷ്ണന്‍ യാത്രയാക്കിയത്. ആര്‍എംഒ ഡോ. ആര്‍.പി. രഞ്ചിന്‍ അടക്കം ജീവനക്കാര്‍ യാത്ര പറയാന്‍ എത്തി. നഴ്‌സുമാരില്‍ ചിലര്‍ കരഞ്ഞു. ശനിയാഴ്ച വൈകിട്ട് നാലിനു  റോബിനും കുടുംബവും ചെങ്ങളത്തെ വീട്ടില്‍ എത്തി.
ഇറ്റലിയില്‍ നിന്ന് റാന്നിയിലെത്തി രോഗം സ്ഥിരീകരിച്ച ദമ്പതികളുടെ മകനും മരുമകളുമാണ് ഇവര്‍.  വീട്ടിലേക്ക് പറഞ്ഞ് വിട്ട ഇരുവരും കുറച്ച് നാള്‍ കൂടി നിരീക്ഷണത്തില്‍ കഴിയും.   അച്ഛനും അമ്മയും മകനും അടങ്ങുന്ന കുടുംബമാണ് ഇറ്റയില്‍ നിന്ന് റാന്നിലേക്ക് വന്നതും രോഗം സ്ഥിരീകരിച്ചതും. ഇവരുടെ പ്രായമായ അച്ഛനും അമ്മയും ഇപ്പോഴും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരെ കൂട്ടാന്‍ നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് പോയ മകനും മരുമകള്‍ക്കുമാണ് ദിവസങ്ങള്‍ക്ക് ശേഷം രോഗ ബാധ സ്ഥിരീകരിച്ചത്.