ജീവിത സമ്പാദ്യം മുഴുവന്‍ കലാപകാരികള്‍ കൊള്ളയടിച്ചു: അവശേഷിക്കുന്നത് ആധാര്‍ മാത്രം

38
നഗ്മ സെയ്ഫിയുടെ കുടുംബം

ന്യൂഡല്‍ഹി: ഖജൂറി ഖാസ് സ്വദേശിനിയായ നഗ്മ സെയ്ഫി കഴിഞ്ഞ തിങ്കളാഴ്ച നടന്ന കലാപത്തെ കുറിച്ച് പറയുമ്പോ ള്‍ ഇടക്കിടെ മോഹാലസ്യപ്പെടുന്നുണ്ടായിരുന്നു. വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ കലാപകാരികള്‍ കൊള്ളയടിക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്ത മുസ്്‌ലിം ഭവനങ്ങളിലൊന്നായിരുന്നു സെയ്ഫിയുടേത്.
തിങ്കളാഴ്ച പുലര്‍ച്ചെ സുബഹി നമസ്‌കാരത്തിനു ശേഷം മാതാവും മൂന്നു സഹോദരിമാരുമടങ്ങുന്ന സെയ്ഫിയുടെ കുടുംബം വീട് ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. തലേ ദിവസം പ്രദേശത്ത് അക്രമങ്ങള്‍ അരങ്ങേറുകയും പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുസ്്‌ലിംകള്‍ക്കു നേരെ ഉയര്‍ത്തുകയും വീടുകള്‍ക്ക് നേരെ കല്ലേറ് നടത്തുകയും ചെയ്തിരുന്നു. ഖജൂറിഖാസില്‍ 30ലധികം വീടുകളാണ് കലാപകാരികള്‍ അഗ്നിക്കിരയാക്കിയത്. ഇതിലൊന്നാണ് സെയ്ഫിയുടേത്.
തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ ഭീഷണികളും തെറിവിളികളുമാണ് കുടുംബത്തിന് നേരിടേണ്ടി വന്നത്. ഇസ് ഘര്‍ മേം മുസ്്‌ലിം ലഡ്കിയാ ഹൈ ( ഈ വീട്ടില്‍ മുസ്്‌ലിം സ്ത്രീകളുണ്ട്) എന്നായിരുന്നു കലാപകാരികളില്‍ ചിലര്‍ വിളിച്ചു പറഞ്ഞത്. ഇത് കേട്ടതോടെയാണ് ഇവര്‍ വീടുപേക്ഷിച്ച് ഓടാന്‍ തീരുമാനിച്ചത്. നഗ്മയുടെ മാതാവ് ഫര്‍സാന ഭര്‍ത്താവയ മുഹമ്മദ് ഇല്ല്യാസിനോട് വീടുപേക്ഷിച്ച് ഇവരോടൊപ്പം പോരാന്‍ വേണ്ടി യാചിച്ചുവെങ്കിലും വീടുപേക്ഷിച്ച് പോയാല്‍ കലാപകാരികള്‍ ഇത് അഗ്നിക്കിരയാക്കുമെന്നും താന്‍ എങ്ങോട്ടുമില്ലെന്നും പറഞ്ഞ് ഇല്ല്യാസ് വീട്ടില്‍ തന്നെ തുടരുകയായിരുന്നു. ഇല്ല്യാസും രണ്ട് ആണ്‍മക്കളും വീട്ടില്‍ തന്നെ തുടര്‍ന്നു. നഗ്മയും സഹോദരിമാരും ചാന്ദ്ബാഗിലുള്ള ഇവരുടെ ബന്ധുക്കളുടെ വീടുകളിലേക്ക് രക്ഷപ്പെടുകയായിരുന്നു. ഇവര്‍ വീട്ടില്‍ നിന്നും ഇറങ്ങിയതിന് പിന്നാലെ ഭയപ്പെടുത്തുന്ന വെടി ശബ്ദങ്ങളാണ് കേട്ടത്.
പൊലീസിലേക്ക് നിരന്തരം വിളിച്ചെങ്കിലും ഒന്നു പോലും അറ്റന്റ് ചെയ്തില്ല. ഒടുവില്‍ നഗ്മയുടെ ഇളയ സഹോദരിയായ ഫറാഹ് തന്റെ ബ്യൂട്ടീഷ്യന്‍ കോഴ്‌സിലെ ട്രെയ്‌നറായ പൂനം എന്ന യുവതിയെ സഹായത്തിനായി വിളിക്കുകയായിരുന്നു. ഇവര്‍ ഖജൂറി ഖാസിലെ ചിലരുടെ സഹായത്തോടെ ഇല്ല്യാസിനേയും മക്കളേയും വീട്ടില്‍ നിന്നും രക്ഷപ്പെടുത്തി.

പൂനം യഥാസമയത്ത് സഹായത്തിന് വന്നില്ലായിരുന്നുവെങ്കില്‍ കൊല്ലപ്പെട്ടവരുടെ കൂടെ മൂന്ന് പേര്‍ കൂടി വര്‍ധിക്കുമായിരുന്നു നഗ്മ പറയുന്നു.

തങ്ങളുടെ വീട് അക്രമികള്‍ ആദ്യം കൊള്ളയടിക്കുകയും പിന്നാലെ തീവെക്കുകയുമായിരുന്നു. എല്ലാവരും പുറത്ത് നിന്നും എത്തിയവരാണ്. ആദ്യം അവര്‍ സാധനങ്ങള്‍ റോഡിലേക്ക് വലിച്ചിട്ടു. പിന്നീട് ആവശ്യമുള്ള സാധനങ്ങളൊക്കെ എടുക്കാന്‍ കൂട്ടത്തിലുള്ളവര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. തങ്ങളുടെ തന്നെ ചില അയല്‍വാസികളും സാധനങ്ങള്‍ കൊള്ളയടിക്കാനെത്തിയതായും അവര്‍ പറയുന്നു. വീടിന്റെ മൂന്നാം നിലയില്‍ ലേഡീസ് ഷോപ്പ് നടത്തുകയായിരുന്നു നഗ്മയും മൂത്ത സഹോദരി നസ്‌റീനും. ഇതായിരുന്നു കുടുംബത്തിന്റെ പ്രധാന വരുമാന മാര്‍ഗം.
എന്നാല്‍ ഇത് പൂര്‍ണമായും കൊള്ളയടിക്കപ്പെട്ടു. ജീവിത സമ്പാദ്യങ്ങള്‍ നഷ്ടമായതിനൊപ്പം എല്ലാ രേഖകളും ഇവര്‍ക്ക് നഷ്ടമായി. ഇനി എട്ടംഗ കുടുംബത്തിന്റേതായി അവശേഷിക്കുന്നത് ആധാര്‍ കോപ്പി മാത്രമാണ്. മാര്‍ച്ച് 29ന് നസ്‌റീന്റെ വിവാഹം നിശ്ചയിച്ചിരുന്നതാണ്. എന്നാ ല്‍ വിവാഹത്തിന് ഒരുക്കി വെച്ചതെല്ലാം കൊള്ളയടിക്കപ്പെട്ട സാഹചര്യത്തില്‍ വിവാഹം മാറ്റി വെച്ചിരിക്കുകയാണ്. മാതാവിന്റെ ആധാര്‍ കോപ്പി മാത്രമാണ് ആകെ അവശേഷിക്കുന്നത്. ഇളയ സഹോദരി നൂര്‍ 10-ാം തരം പരീക്ഷ എഴുതുകയാണ്. പുസ്തകവും ബാഗും ഒന്നുമില്ലാതെ. നഗ്മ കണ്ണീര്‍ തുടച്ചു കൊണ്ട് പറഞ്ഞു.