ടൂറിസത്തില്‍ കുതിക്കാനൊരുങ്ങി ഷാര്‍ജ; അടുത്ത വര്‍ഷം 10 ദശലക്ഷം സഞ്ചാരികള്‍

19

ഷാര്‍ജ: വിനോദ സഞ്ചാര രംഗത്ത് വന്‍ കുതിപ്പിന് ഒരുങ്ങുകയാണ് ഷാര്‍ജ. ആഗോള സഞ്ചാരികള്‍ക്ക് പുത്തന്‍ പറുദീസയൊരുക്കി ആകര്‍ഷിക്കുന്ന വിവിധ പദ്ധതികളാണ് നടന്നു വരുന്നത്. ഓരോ വര്‍ഷവും വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇക്കഴിഞ്ഞ വര്‍ഷം ഹോട്ടലുകളില്‍ മുറിയെടുത്തവരുടെ എണ്ണത്തില്‍ മൂന്ന് ശതമാനം വര്‍ധന രേഖപ്പെടുത്തിയതായി ഷാര്‍ജ കൊമേഴ്‌സ് ആന്റ് ടൂറിസം ഡെവലപ്‌മെന്റ് അഥോറിറ്റി വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം ഷാര്‍ജയിലെ ഹോട്ടലുകളില്‍ മുറിയെടുത്തവരില്‍ ഏറ്റവും കൂടുതല്‍ റഷ്യക്കാരായിരുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. രണ്ടാം സ്ഥാനത്ത് സഊദിയില്‍ നിന്നുള്ളവരും മൂന്നാം സ്ഥാനത്ത് ഒമാനില്‍ നിന്നുള്ളവരും തൊട്ടു പിന്നില്‍ ഇന്ത്യക്കാരുമാണ്. ഷാര്‍ജയില്‍ വിനോദ സഞ്ചാരികളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്ന് എസ്‌സിടിടിഎ ചെയര്‍മാന്‍ ഖാലിദ് ജാസിം അല്‍മിദ്ഫ അഭിപ്രായപ്പെട്ടു.
ഷാര്‍ജയില്‍ 10,000ത്തിലധികം ഹോട്ടല്‍ മുറികളുണ്ട്. ഇതില്‍ 1,331 മുറികള്‍ പഞ്ചനക്ഷത്ര ഹോട്ടലുകളിലും 2,733 മുറികള്‍ 21 ഫോര്‍സ്റ്റാര്‍ ഹോട്ടലുകളിലുമാണ്. ഒന്നു മുതല്‍ മൂന്നു വരെ നക്ഷത്രങ്ങളുള്ള 31 ഹോട്ടലുകള്‍, 40 ഹോട്ടല്‍ അപാര്‍ട്‌മെന്റുകളിലായി 2485 മുറികള്‍ എന്നിവയെല്ലാം ഷാര്‍ജയിലുണ്ട്. പുതിയ ആറു നക്ഷത്ര ഹോട്ടലുകള്‍ കഴിഞ്ഞ വര്‍ഷം തുറക്കുകയുണ്ടായി. ഏഴിലേറെ പുതിയ ഹോട്ടല്‍ പദ്ധതികള്‍ ഈ വര്‍ഷം പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്.
മനോഹരമായ കടലോരങ്ങള്‍, ചരിത്രപരമായ സ്ഥലങ്ങള്‍, ശാസ്ത്രീയമായി സജ്ജീകരിച്ച സാംസ്‌കാരിക കേന്ദ്രങ്ങള്‍, ഊഷ്മളമായ അനുഭവങ്ങള്‍ തുടങ്ങിയവ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങളാണ്. അന്താരാഷ്ട്ര വിനോദ സഞ്ചാരികള്‍ക്ക് അത്യാധുനിക സൗകര്യങ്ങളും മനോഹരമായ കാഴ്ചകളും സമ്മാനിക്കുന്ന വ്യത്യസ്ത ഇടങ്ങളുമുണ്ട്. ഖോര്‍ഫക്കാന്‍ പോലെയുള്ള മനോഹരമായ കടലോരങ്ങള്‍ എക്കാലവും വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളാണ്.