ന്യൂഡല്‍ഹി: ഡല്‍ഹി കലാപം ഇന്ത്യയുടെ യശസ്സിനേറ്റ കളങ്കമെന്ന് രാഹുല്‍ ഗാന്ധി. പര്‍ട്ടി നേതാക്കള്‍ക്കൊപ്പം വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കലാപത്തില്‍ തകര്‍ന്ന ബ്രിജ്പുരിയിലെ സ്കൂള്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. ഈ വിദ്യാലയം ഇന്ത്യയുടെ ഭാവിയാണ്. വിദ്വേഷവും അക്രമവും അതിനെ തകര്‍ത്തു. ഭാരതമാതാവിന് ഈ അക്രമംകൊണ്ട് ഒരു ഗുണവുമില്ല. എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ഇന്ത്യയെ മുന്നോട്ട് കൊണ്ടുപോകുകയും വേണം രാഹുല്‍ ഗാന്ധി പറഞ്ഞു.
49 പേര്‍ക്ക് ജീവന് നഷ്ടമാകുകയും 200ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കലാപം അരങ്ങേറിയ പ്രദേശത്ത് രാഹുലിനൊപ്പം പാര്‍ട്ടി ലോക്സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി, കെ.സി. വേണുഗോപാല്‍, ഷെല്‍ജ കുമാരി എന്നിവരും ഉണ്ടായിരുന്നു.
നേരത്തെ, ഡല്‍ഹി കലാപത്തില്‍ കേന്ദ്രത്തെയും നരേന്ദ്ര മോദി സര്‍ക്കാരിനെയും കുറ്റപ്പെടുത്തിയ കോണ്‍ഗ്രസ് ആഭ്യന്തരമന്ത്രി അമിത് ഷാ സ്ഥാനമൊഴിയണമെന്നും ആവശ്യപ്പെട്ടിരുന്നു.
അക്രമങ്ങള്‍ നടക്കുമ്പോള്‍ രാജ്യത്ത് ഇല്ലാതിരുന്ന രാഹുല്‍, കലാപത്തിനെതിരെ ചൊവ്വാഴ്ച പാര്‍ലമെന്റിന് പുറത്തു നടന്ന പ്രതിഷേധത്തിന് നേതൃത്വം നല്‍കിയിരുന്നു.