ന്യൂഡല്‍ഹി: ലോകമെങ്ങും മരണം വിതച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസിന്റെ ഇന്ത്യന്‍ പതിപ്പാണ് ഡല്‍ഹിയില്‍ അരങ്ങേറിയ മുസ്ലിം വിരുദ്ധ കലാപമെന്ന് വിഖ്യാത എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ അരുന്ധതി റോയ്. ജന്ദര്‍ മന്ദറില്‍ നടന്ന പ്രതിഷേധ കൂട്ടായ്മയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു അരുന്ധതിയുടെ വാക്കുകള്‍. നലു ദിവസം രാജ്യതലസ്ഥാനത്തെ നടുക്കിയ ഫാസിസ്റ്റ് കലാപം അരങ്ങേറുമ്പോള്‍ അതിനു പിന്നില്‍ ഭരണ കക്ഷി നേതാക്കളുടെ വിഷംതുപ്പുന്ന പ്രസംഗങ്ങളുണ്ടായിരുന്നു. ഡല്‍ഹി പൊലീസിന്റെ തികഞ്ഞ സഹായമുണ്ടായിരുന്നു.
ഇലക്ട്രോണിക് – മാസ് മീഡിയകളുടെ മുഴുസമയ പിന്തുണയുണ്ടായിരുന്നു. എല്ലാറ്റിനുമപ്പുറം എന്തു സംഭവിച്ചാലും ഒന്നും ചെയ്യില്ലെന്ന് ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്ന കോടതികളുണ്ടായിരുന്നു. ഇതെല്ലാംകൂടി ചേര്‍ന്നാണ് വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ സാധാരണക്കാരായ മുസ്ലിം തൊഴിലാഴിവര്‍ഗ കുടുംബങ്ങളെ മുച്ചൂടും തകര്‍ത്തു കളഞ്ഞത്. കടകള്‍, വ്യാപാര സ്ഥാപനങ്ങള്‍, വീടുകള്‍, പള്ളികള്‍, വാഹനങ്ങള്‍.., എല്ലാം ചുട്ടെരിക്കപ്പെട്ടു. മുറിവേറ്റവരെക്കൊണ്ട് ആസ്പത്രികള്‍ നിറഞ്ഞിരിക്കുന്നു. മരിച്ചവരെക്കൊണ്ട് മോര്‍ച്ചറികളും. ഹിന്ദുക്കളും മുസ്ലിംകളുമായ സാധാരണ മനുഷ്യര്‍ തൊട്ട് യുവ ഇന്റലിജന്‍സ് ഉദ്യോഗസ്ഥന് വരെ മരിച്ചവരുടെ കൂട്ടത്തിലുണ്ട്.
അവിശ്വസനീയമായ ധൈന്യവും ദയാവായ്പും കൊണ്ട് ഇത്തരം ഭീകരതകളെ മറികടക്കാമെന്ന് കാണിച്ചവരുമുണ്ടായിരുന്നു. ജെയ് ശ്രീറാം വിളികളോടെയായിരുന്നു ഫാസിസം നഗ്നമായ അഴിഞ്ഞാട്ടം നടത്തിയത്. ഹിന്ദു -മുസ്ലിം കലാപമെന്ന് ഇതിനെ മുദ്രകുത്താനാവില്ല. കാരണം ഇത് ഫാസിസ്റ്റുകളും ഫാസിസ്റ്റ് വിരുദ്ധരും തമ്മിലുള്ള പോരാട്ടമായിരുന്നു. ഫാസിസ്റ്റുകളുടെ ശത്രുക്കളില്‍ ഒന്നാം നിരയിലുള്ളവരാണ് മുസ്ലിംകള്. അതുകൊണ്ടാണ് കലാപകാരികള്‍ അവരെ തെരഞ്ഞുപിടിച്ച് ഉന്നം വെച്ചത്.
അക്രമികള്‍ തെരുവില്‍ അഴിഞ്ഞാടുമ്പോള്‍ ചിലപ്പോള്‍ പൊലീസുകാര്‍ കാഴ്ചക്കാരായി നില്‍ക്കുന്നതിന്റെയും മറ്റു ചിലപ്പോള്‍ പൊലീസ് തന്നെ കലാപകാരികള്‍ക്കൊപ്പം കൂടുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ നാം കണ്ടു. സി.സി.ടി.വി ക്യാമറകള്‍ തകര്‍ക്കുന്നത് നാം കണ്ടു. വീണു കിടക്കുന്ന യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുന്നതും ജെയ്ശ്രീറാം വിളിക്കാനും ദേശീയ ഗാനം ചൊല്ലിക്കാനും പറയുന്നതും നാം കണ്ടു. നരേന്ദ്രമോദി നേതൃത്വം നല്കുന്ന ഈ ഫാസിസ്റ്റ് ഭരണകൂട അഴിഞ്ഞാട്ടത്തില്‍ ഇരകളാക്കപ്പെടുന്നത് മുസ്ലിംകള് മാത്രമല്ല, ഹിന്ദുക്കളും കൂടിയാണ്. കലാപത്തിന്റെ രീതികള്‍ പഠിച്ചു പുറത്തുവരാന്‍ വര്‍ഷങ്ങള്‍ വേണ്ടി വന്നേക്കും. പക്ഷേ തദ്ദേശീയര്‍ പറയുന്നതാണ് ചരിത്രം. രക്തരൂക്ഷിതമായ ഈ കലാപം പെട്ടെന്നുണ്ടായതല്ല. അതിന്റെ മണം നേരത്തെതന്നെയുണ്ടായിരുന്നു. ഉത്തര ഡല്‍ഹിയില്‍നിന്ന് ഗോലിമാരോ വിളികള്‍ ഇന്നലേയും നമ്മള് കേട്ടു.
കപില്‍ മിശ്രക്കെതിരെ ഡല്‍ഹി പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. അതേസമയം ജസ്റ്റിസ് മുരളീധര്‍ റാവുവിനെ പഞ്ചാബ് – ഹരിയാനാ ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റപ്പെട്ടു. ഇനിയൊരു നോട്ടീസുണ്ടാകും വരെ കേസുകള്‍ പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചു. ജഡ്ജിമാരുടെ തമാശക്കളികള്‍ ഇതാദ്യമല്ല നമ്മളറിയുന്നത്. ജസ്റ്റിസ് ലോയയുടെ കഥ നമുക്കോര്‍മ്മയുണ്ട്. ബാബു ബജ്റംഗിയുടേതും. 2002ലെ ഗുജറാത്ത് കലാപത്തിനിടെ നരോദാപാട്യയില്‍ 96 മുസ്ലിംകളെ കൂട്ടക്കൊല ചെയ്ത കേസിലെ കുറ്റവാളിയാണ് ബാബു ബജ്റംഗി. ജഡ്ജിയെ സെറ്റു ചെയ്ത് തന്നെ ജയിലില്‍നിന്ന് പുറത്തിറക്കിയത് നരേന്ദ്ര ഭായ് ആണെന്നാണ് ബാബു ബജ്റംഗി തന്നെ യൂട്യൂബ് വീഡിയോയില്‍ പറയുന്നത്.
തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഡല്‍ഹിയില്‍ ബി.ജെ.പി അഴിച്ചുവിട്ട കാടന്‍ വര്‍ഗീയ ധ്രുവീകരണ നീക്കങ്ങള്‍ നമ്മള് കണ്ടു. അതില്‍ അവിടുത്തെ ജനത വീണുപോയില്ല. നാണംകെട്ട തോല്‍വിയാണ് ബി.ജെ.പിക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. അതിനുള്ള പ്രതികാരമാണ് അവര്‍ ഇപ്പോള്‍ ചെയ്തിരിക്കുന്നത്. തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്ന ബിഹാറിനുള്ള അവരുടെ സന്ദേശം കൂടിയാണിത്. തങ്ങളെ തിരസ്കരിച്ചാല്‍ ഇതുപോലെ അനുഭവിക്കേണ്ടി വരുമെന്ന മുന്നറിയിപ്പെന്നും അരുന്ധതി പറഞ്ഞു.