ഡല്‍ഹി കലാപം: കോടതിക്ക് പരിമിതിയുണ്ടെന്ന് ചീഫ് ജസ്റ്റിസ്‌

7

ന്യൂഡല്‍ഹി: കലാപങ്ങള്‍ തടയാന്‍ കോടതികള്‍ക്ക് കഴിയില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ. ഇത്തരം സാഹചര്യങ്ങള്‍ നേരിടാന്‍ കോടതികള്‍ക്ക് പരിമിതി ഉണ്ട്. സുപ്രീം കോടതി സമാധാനമാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ ചില സാഹചര്യങ്ങള്‍ കോടതിയുടെ നിയന്ത്രണത്തിനും അപ്പുറത്താണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിദേഷ പ്രസംഗം നടത്തിയ ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികള്‍ അടിയന്തിരമായി പരിഗണിക്കണം എന്ന ആവശ്യം സീനിയര്‍ അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വസ് ഉന്നയിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. ആരെങ്കിലും മരിക്കണം എന്നല്ല പറയുന്നത്, ചിലര്‍ ഹര്‍ജികള്‍ ഫയല്‍ ചെയ്യുന്നത് കോടതികളാണ് ഉത്തരവാദികള്‍ എന്ന നിലയിലാണെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ഒരു സംഭവം നടന്ന ശേഷം മാത്രമാണ് കോടതിക്ക് രംഗ പ്രവേശം ചെയ്യാന്‍ കഴിയുന്നത്. കോടതികളെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള മാധ്യമ വാര്‍ത്തകള്‍ വായിക്കാറുണ്ടെന്നും അത് വലിയ സമ്മര്‍ദ്ദങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ പറഞ്ഞു. പത്ത് കലാപ ബാധിതര്‍ നല്‍കിയ റിട്ട് ഹര്‍ജി ബുധനാഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. തങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നെന്നും എന്നാല്‍ കേസില്‍ ഹൈക്കോടതി നോട്ടീസ് നല്‍കുകയും വ്യാഴാഴ്ചത്തേക്ക് കേസ് പരിഗണിക്കാനായി മാറ്റുകയുമായിരുന്നു. പിന്നാലെ കേസ് പരിഗണിച്ച ജഡ്ജിയെ സ്ഥലം മാറ്റുകയും കേസ് ആറാഴ്ചത്തേക്ക് മാറ്റുകയുമായിരുന്നെന്ന് ഗോണ്‍സാല്‍വസ് കോടതിയെ അറിയിച്ചു. ഡല്‍ഹിയില്‍ ഇപ്പോഴും ജനങ്ങള്‍ കലാപത്തിന്റെ ഭാഗമായി കൊല്ലപ്പെടുകയാണെന്നും ഹര്‍ഷ് മന്ദറും പത്ത് കലാപ ബാധിതരും നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കണമെന്നും അഭിഭാഷകന്‍ കോളിന്‍ ഗൊണ്‍സാല്‍വസ് ആവശ്യപ്പെട്ടു. ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ നിര്‍ദേശിക്കണമെന്ന ഹര്‍ജി പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി ഏപ്രില്‍ 13-ലേക്ക് മാറ്റിയിരുന്നു. ഇത് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കുന്നത്. ബി.ജെ.പി നേതാക്കളായ കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍, കപില്‍ മിശ്ര, പര്‍വേശ് വര്‍മ, അഭയ് വര്‍മ എന്നിവരുടെ വിദ്വേഷ പ്രസംഗങ്ങള്‍ക്ക് പിന്നാലെയാണ് വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ ആസൂത്രിത വര്‍ഗീയ കലാപം അരങ്ങേറിയത്. 46 പേര്‍ക്കാണ് കലാപത്തില്‍ ജീവന്‍ നഷ്ടമായത്.