ഡല്‍ഹി കലാപ ഇരകളെ സഹായിക്കാന്‍ മുസ്്‌ലിംലീഗ് കര്‍മ്മപദ്ധതി

14

ന്യൂഡല്‍ഹി: സംഘപരിവാറും പൊലീസും ചേര്‍ന്നു ഡല്‍ഹിയില്‍ നടത്തിയ കലാപത്തില്‍ ഇരയാക്കപ്പെട്ടവര്‍ക്ക് കൂടുതല്‍ ആശ്വാസമെത്തിക്കാനും പുനരധിവസിപ്പിക്കാനും മുസ്്‌ലിംലീഗ് പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കി. കലാപത്തിന്റെ ഇരകളുടെ സമ്പൂര്‍ണ വിവരശേഖരണം അടിയന്തിരമായി ആരംഭിക്കാനും ആശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ഡല്‍ഹിയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനം. ഭുരിതാശ്വസ പ്രവര്‍ത്തന രംഗത്ത് സജീവമായി ഇടപെടുന്ന വിവിധ സംഘടനകള്‍, എന്‍.ജി.ഒകള്‍ എന്നിവയുയുടെ ഏകോപനത്തിലൂടെ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടു പോകും. ഡല്‍ഹി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം കലാപത്തിന്റെ ഇരകള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഇടപെടലുകള്‍ നടത്തും. ദുരിതാശ്വാസ ക്യാമ്പുകളിലെത്താതെ ബന്ധുക്കളുടെ വീട്ടില്‍ താമസിക്കുന്ന കലാപബാധിതര്‍ക്കും സഹായങ്ങളെത്തിക്കാന്‍ തീരുമാനിച്ചു.
മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് കഴിഞ്ഞ ദിവസങ്ങളില്‍ പ്രവര്‍ത്തനം മുന്നോട്ട് പോയത്. തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മുസ്്‌ലിം ലീഗ് ദേശീയ സെക്രട്ടറി ഖുര്‍റം അനീസ് ഉമര്‍ കണ്‍വീനറായി കമ്മറ്റി രൂപികരിച്ചു. സാബിര്‍ ഗഫാര്‍, സി.കെ സുബൈര്‍, അഡ്വ.വി.കെ ഫൈസല്‍ ബാബു (മുസ്്‌ലിം യൂത്ത്‌ലീഗ്) മൗലാന നിസാര്‍ അഹമ്മദ്, ഫൈസല്‍ അഹമ്മദ്, ആസിഫ് അന്‍സാരി (ഡല്‍ഹി മുസ്‌ലിംലീഗ്) പി.വി അഹമ്മദ് സാജു, അതീബ് ഖാന്‍(എം.എസ്.എഫ്) എം.കെ നൗഷാദ്, എ ഷംസുദ്ദീന്‍ (എ.ഐ.കെ.എം.സി.സി) അഡ്വ. ഹാരിസ് ബീരാന്‍, മുഹമ്മദ് ഹലീം(ഡല്‍ഹി കെ.എം.സി.സി) എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍.
വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ കലാപ ബാധിത മേഖലയില്‍ മുസ്‌ലിംലീഗ് ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഉന്നതതല യോഗം വിലയിരുത്തി. ദേശീയ പ്രസിഡണ്ട് പ്രൊഫ. ഖാദര്‍ മൊയ്തീന്‍, ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ട്രഷറര്‍ പി.വി അബ്ദുല്‍വഹാബ് എം.പി, കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, നവാസ് ഗനി എം.പി എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് അവലോകന യോഗം ചേര്‍ന്നത്.
മുസ്്‌ലിം ലീഗ്, മുസ്്‌ലിം യൂത്ത്‌ലീഗ്, എം.എസ്.എഫ്, എ.ഐ. കെ. എം.സി.സി, ഡല്‍ഹി കെ.എം. സി.സി പ്രവര്‍ത്തകര്‍ കലാപബാധിത പ്രദേശങ്ങളില്‍ സജീവമാണ്. കൊല്ലപ്പെട്ടവരുടെ വീടുകളില്‍ സംഘം സന്ദര്‍ശനം നടത്തി അടിയന്തര ധനസഹായം നല്‍കി. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കു വേണ്ടി വിപുലമായ ധനസഹായം ഉടന്‍ അനുവദിക്കാന്‍ യോഗം തീരുമാനിച്ചു. ജി.ടി.ബി ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച് ചികിത്സാ ധനസഹായം നല്‍കി. മുസ്തഫാബാദ്, ശ്യാം വിഹാര്‍ തുടങ്ങിയ കലാപബാധിത പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളില്‍ അവശ്യ വസ്തുക്കളും ഭക്ഷണ സാധനങ്ങളും എത്തിച്ചു.
മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി ഖുര്‍റം അനീസ് ഉമര്‍, യൂത്ത് ലീഗ് ദേശീയ പ്രസിഡണ്ട് സാബിര്‍ എസ് ഗഫാര്‍, ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, വൈസ് പ്രസിഡണ്ടുമാരായ അഡ്വ. വി.കെ ഫൈസല്‍ ബാബു, ആസിഫ് അന്‍സാരി, എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡണ്ടുമാരായ പി.വി അഹമ്മദ് സാജു, സിറാജുദ്ദീന്‍ നദ്‌വി, സെക്രട്ടറി അതീബ് ഖാന്‍, എ.ഐ.കെ.എം.സി.സി ദേശീയ പ്രസിഡണ്ട് എം.കെ നൗഷാദ്, ജനറല്‍ സെക്രട്ടറി എ ഷംസുദീന്‍, ഡല്‍ഹി കെ.എം.സി.സി പ്രസിഡണ്ട് അഡ്വ. ഹാരിസ് ബീരാന്‍, ജനറല്‍ സെക്രട്ടറി മുഹമ്മദ് ഹലിം തുടങ്ങിയ നേതാക്കള്‍ ഇതുവരെ നടന്ന പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു.