‘തട്ടിക്കൂട്ട് പേപ്പറു’കളുമായി വിസക്ക് അപേക്ഷിച്ചാല്‍ പിടി വീഴും

177
ghjkl;lkljhgkgj

ദുബൈ: ‘തട്ടിക്കൂട്ട് പേപ്പറു’കളുമായി ദുബൈയില്‍ താമസ-സന്ദര്‍ശക വിസകള്‍ക്ക് അപേക്ഷിക്കാന്‍ നോക്കേണ്ട. അത്തരം കൃത്രിമങ്ങള്‍ പിടിക്കപ്പെടുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡെന്‍സ് ആന്റ് ഫോറീനേഴ്‌സ് അഫയേഴ്‌സ് (ദുബൈ എമിഗ്രേഷന്‍) മുന്നറിയിപ്പ് നല്‍കുന്നു.
എത്ര പഴക്കമുള്ള രേഖകളുടെയും സുതാര്യത പരിശോധിച്ചുറപ്പു വരുത്തുന്ന സംവിധാനങ്ങളും പരിശീലനം സിദ്ധിച്ച മിടുക്കരായ ജീവനക്കാരും ദുബൈ എമിഗ്രേഷനുണ്ട്. പഴുതടച്ച സംവിധാനങ്ങളിലൂടെയാണ് ദുബൈയില്‍ വിസാ അപേക്ഷകള്‍ പരിഗണിക്കുന്നതും അനുവദിക്കുന്നതും. മാത്രവുമല്ല, അപേക്ഷരുടെയും വിസ ലഭിക്കാനുള്ളവരുടെയും മുന്‍കാല ഇടപാടുകളും വ്യക്തിഗത വിവരങ്ങളും പരിശോധിച്ചുറപ്പു വരുത്തിയാണ് വിസകള്‍ അനുവദിച്ചു കൊടുക്കുന്നതെന്നും ഇതുമായി ബന്ധപ്പെട്ട് വകുപ്പിന്റെ ഓഡിറ്റ് പെര്‍ഫോമന്‍സ് വിഭാഗം തലവന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അല്‍മര്‍റി പറഞ്ഞു. പലരും വ്യാജ താമസ വാടക കരാറുകള്‍ തട്ടിക്കൂട്ടുന്നത് വകുപ്പിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. വിസ ലഭിക്കാന്‍ അത്തരത്തിലുള്ള രേഖകള്‍ സമര്‍പ്പിച്ച് അപേക്ഷിക്കുന്നത് ശിക്ഷാര്‍ഹമാണ്. അതിന്റെ പശ്ചാത്തലം എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞാലും തിരിച്ചറിയാന്‍ എമിഗ്രേഷന്‍ അധികൃതര്‍ക്ക് കഴിയും. ഇത്തരം രേഖകള്‍ സംഘടിപ്പിച്ചു നല്‍കുന്നവരുടെ വലയില്‍ ഒരിക്കലും കുടുങ്ങിപ്പോകരുതെന്നും അദ്ദേഹം പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ആളുകളുടെ മുന്‍കാല രേഖകളും അപേക്ഷകളും എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞാലും സിസ്റ്റത്തില്‍ നിലനിര്‍ത്താനും ഉടനടി പരിശോധിക്കാനും കഴിയുന്ന അത്യാധുനിക സംവിധാനങ്ങളാണ് എമിഗ്രേഷന്‍ ഡയറക്ടറേറ്റിനുള്ളത്. ദുബൈ എമിഗ്രേഷന് 5,000ത്തിലധികം ജീവനക്കാരുണ്ട്. അവര്‍ ആരും തന്നെ ഓഫീസുകളില്‍ സേവനങ്ങള്‍ക്ക് നേരിട്ട് പണം കൈകാര്യം ചെയ്യുന്നില്ല. തന്‍മൂലം തട്ടിപ്പ്, കൈക്കൂലി എന്നിവയുടെ പ്രാഥമിക സാധ്യത ഒഴിവാക്കാന്‍ കഴിയുമെന്നും ക്യാപ്റ്റന്‍ അല്‍ മര്‍റി വ്യക്തമാക്കി.
സംശയകരമായ ഇടപാടുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അതിന്റെ നിജസ്ഥിതി വിവിധ വിഭാഗങ്ങളില്‍ നിന്നും അതിദ്രുതം ശേഖരിക്കാനും പരിശോധിക്കാനും ദുബൈ എമിഗ്രേഷന് ഇന്ന് അത്യാധുനിക സൗകര്യങ്ങളുണ്ട്. ഈ രംഗത്ത് മികച്ച പരിശീലനം ലഭിച്ച ജീവനക്കാരുടെ വന്‍ നിര തന്നെ ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യാന്‍ ഡയറക്ടറേറ്റിലുണ്ടെന്നും ജിഡിആര്‍എഫ്എ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് റാഷിദ് അല്‍മര്‍റി പ്രസ്താവിച്ചു. വിസകള്‍ ലഭിക്കാന്‍ ന്‍ നിയമ വിരുദ്ധമായ ഒരു പ്രവൃത്തിയും അപേക്ഷകളില്‍ കാണിക്കരുതെന്ന് അദ്ദേഹം ഉണര്‍ത്തി.
എന്നാല്‍, സംശയാസ്പദമായ തട്ടിപ്പുകള്‍ എല്ലായ്‌പ്പോഴും മനഃപൂര്‍വമാവണമെന്നില്ല. ഉദാഹരണത്തിന്, ഒരു പാസ്‌പോര്‍ട്ട് കണ്‍ട്രോള്‍ ഓഫീസര്‍ ഒരു യാത്രക്കാരന്റെ പാസ്‌പോര്‍ട്ടില്‍ എന്‍ട്രി സ്റ്റാമ്പ് നല്‍കാന്‍ മറന്നാലും അത് ആവര്‍ത്തിക്കപ്പെട്ടാല്‍ സംശയാസ്പദമായി കണക്കാക്കുകയും അതിനനുസരിച്ച് അവരെ നിരന്തരം നിരീക്ഷിക്കുകയും നടപടിയെടുക്കുകയും ചെയ്യുമെന്നും ഡയറക്ടര്‍ ജനറല്‍ വിശദീകരിച്ചു.