തീ കായുന്നതിനിടെ പൊള്ളലേറ്റ് മരിച്ച ശ്രീലങ്കന്‍സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

19
ജനിത മധുഷന്‍

ഉമ്മുല്‍ഖുവൈന്‍: തീ കായുന്നതിനിടെ പൊള്ളലേറ്റു മരിച്ച ശ്രീലങ്കന്‍ സ്വദേശി ജനിത മധുഷ(24)ന്റെ മൃതദേഹം നാട്ടിലേക്കെത്തിച്ചു. നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം കഴിഞ്ഞ ദിവസമാണ് കുടുംബാംഗങ്ങള്‍ക്ക് വിട്ടു കൊടുത്തത്. വിസിറ്റ് വിസയിലെത്തിയ ഇയാള്‍ഈയടുത്താണ് ഉമ്മുല്‍ഖുവൈനിലെ പ്രമുഖ കമ്പനിയില്‍ ജോലിക്ക് കയറുന്നത്. ഇയാളുടെ വിസക്കുള്ള നടപടിക്രമങ്ങള്‍ നടന്നു കൊണ്ടിരിക്കെയാണ് അപകടം സംഭവിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരി 2ന് ഉമ്മുല്‍ഖുവൈനിലെ താമസ സ്ഥലത്താണ് അപകടമുണ്ടായത്. അന്നേ ദിവസം കഠിന തണുപ്പായതിനാല്‍ മധുഷും സഹപ്രവര്‍ത്തകരും ചേര്‍ന്ന് റൂമിന് പുറത്ത് തീ കായുകയായിരുന്നു. കുറച്ചു സമയത്തിന് ശേഷം എല്ലാവരും തിരികെ റൂമിലേക്ക് പോയി. എന്നാല്‍, മധുഷന്‍ അവര്‍ക്കൊപ്പം പോയെങ്കിലും ഭാര്യയുടെ കോള്‍ വന്നതിനെ തുടര്‍ന്ന് തിരികെ തീ കായുന്നിടത്തേക്ക് വരികയായിരുന്നു. സംഭാഷണം തുടരുന്നതിനിടയില്‍ ഇദ്ദേഹം തീ കൂട്ടാന്‍ ശ്രമിച്ചു. എന്നാല്‍, കത്തിക്കാന്‍ഉപയോഗിച്ച ലായനി അമിതമായതിനെ തുടര്‍ന്ന് ദേഹത്തേക്ക് തീ ആളിപ്പിടിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ സഹപ്രവര്‍ത്തകര്‍ മധുഷനെ അബുദാബിയിലെ ശൈഖ് ശഖ്ബൂത് മെഡിക്കല്‍ സിറ്റിയില്‍ എത്തിച്ചു. 2 ദിവസം വെന്റിലേറ്ററില്‍ തുടര്‍ന്നെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
എന്ത് ചെയ്യണമെന്നറിയാതെ ദിവസങ്ങളോളം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള തുടര്‍ നടപടികള്‍ക്കായി കമ്പനിയിലെ ജീവനക്കാര്‍ നിയമ പ്രതിനിധിയും സാമൂഹിക പ്രവര്‍ത്തകനുമായ സലാം പാപ്പിനിശ്ശേരിയെ സമീപിക്കുകയായിരുന്നു. ശേഷം, അദ്ദേഹവും സാമൂഹിക പ്രവര്‍ത്തക ആബിദ അബ്ദുല്‍ ഗഫൂറും നടത്തിയ സംയോജിത ഇടപെടലുകളിലൂടെയാണ് 20 ദിവസത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോയത്.