പക്ഷിപ്പനി പ്രതിരോധ ശ്രമം: 1700 പക്ഷികളെ കൊന്നൊടുക്കി

28
പക്ഷി പ്പനി സ്ഥിരീകരിച്ച കോഴിക്കോട് ജില്ലയിലെ കൊടിയത്തൂരില്‍ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വീടുകളിലെ കോഴികളെയും വളര്‍ത്തുപക്ഷികളെയും ആരോഗ്യപ്രവര്‍ത്തകര്‍ കൊന്നൊടുക്കുന്നു

പ്രതിരോധ പ്രവര്‍ത്തനം ഇന്നും തുടരും

കോഴിക്കോട്: പക്ഷിപ്പനി സ്ഥിരീകരിച്ച കോര്‍പറേഷന്‍ പരിധിയിലെ വേങ്ങേരിയിലും കൊടിയത്തൂര്‍ വെസ്റ്റിലുമായി 1700 വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കി. 23 റാപിഡ് റെസ്‌പോണ്‍സ് ടീമുകളാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. അഞ്ച് അംഗങ്ങള്‍ അടങ്ങിയതായിരുന്നു ഓരോ ടീമും. രാവിലെ 9.30നാണ് വേങ്ങേരിയില്‍ വളര്‍ത്തുപക്ഷികളെ നശിപ്പിച്ചു തുടങ്ങിയത്. കൊടിയത്തൂരില്‍ 10.30നാണ് തുടങ്ങിയത്. ഉച്ചകഴിഞ്ഞ് രണ്ടരയോടെ കൊന്ന പക്ഷികളെ മുഴുവന്‍ തീയിട്ടു നശിപ്പിച്ചു. കൊടിയത്തൂരിലും വേങ്ങേരിയിലും രോഗം റിപ്പോര്‍ട്ട് ചെയ്ത സ്ഥലത്തിന് ഒരു കിലോമീറ്റര്‍ പരിധിയിലെ വീടുകളിലെ വളര്‍ത്തുപക്ഷികളെയാണ് കൊന്നൊടുക്കിയത്. കോഴിക്ക് പുറമെ താറാവ്, മറ്റു അലങ്കാരപക്ഷികള്‍ എന്നിവയെയും കൂട്ടത്തോടെ നശിപ്പിച്ചു. റാപ്പിഡ് റെസ്‌പോണ്‍സ് ടീമിലെ അംഗങ്ങള്‍ ശരീരം പൂര്‍ണമായി മറക്കുന്ന പ്രത്യേക വസ്ത്രവും മാസ്‌കും ധരിച്ചാണ് കോഴികളെ കൊല്ലാനെത്തിയത്.  തീയിട്ടു നശിപ്പിക്കുന്നതിന് ഐവര്‍മഠത്തില്‍ നിന്നുള്ള സംഘത്തിന്റെ സേവനവും പ്രയോജനപ്പെടുത്തി.
അവശേഷിക്കുന്നവയെ ഇന്ന് കൊന്നൊടുക്കും. പക്ഷിപ്പനി പ്രതിരോധത്തിന്റെ ഭാഗമായി കൊന്നൊടുക്കുന്ന വളര്‍ത്തുപക്ഷികളുടെ ഉടമകള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്ന് ജില്ലാ കലക്ടര്‍ സാംബശിവറാവു അറിയിച്ചു. മൃഗസംരക്ഷണവകുപ്പ് ഡയറക്ടര്‍ ഡോ.എം.കെ പ്രസാദ് നേതൃത്വം നല്‍കി.  പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കോര്‍പറേഷന്‍ പരിധിയില്‍ കോഴി വില്‍പനയും കോഴിമുട്ട വില്‍പനയും നിരോധിച്ചു. ജില്ലയുടെ മറ്റു സ്ഥലങ്ങളില്‍ വിലക്കില്ല. അതേസമയം കോഴിവാങ്ങാന്‍ ആളുകള്‍ എത്തുന്നില്ലെന്നും വ്യാപാരം ഗണ്യമായി കുറഞ്ഞതായും കോര്‍പറേഷന്‍ പരിധിക്ക് വെളിയിലുള്ള വ്യാപാരികള്‍ പറഞ്ഞു.