
ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് രാജ്യമെങ്ങും കുടിയേറ്റ തൊഴിലാളികളുടെ പലയാനം തുടരുന്നു. കോവിഡ് 19 വ്യാപനം സംബന്ധിച്ച ആശങ്കകളെയെല്ലാം അവഗണിച്ചാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പതിനായിരങ്ങള്‍ സ്വന്തം നാടുകളിലേക്ക്പലായനം തുടരുന്നത്. അതേസമയം ഇത്തരത്തില്‍ പലായനം ചെയ്യുന്ന കുടിയേറ്റ തൊഴിലാളികളെ പ്രത്യേക കേന്ദ്രങ്ങള്‍ സജ്ജീകരിച്ച് 14 ദിവസത്തേക്ക് ക്വാറന്റൈന്‍ ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിര്‍ദേശം നല്‍കി. ഇത്തരം സംഘങ്ങളില്‍ രോഗവാഹകര്‍ ഉണ്ടാകാമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് നിരീക്ഷണത്തില്‍ പാര്‍പ്പിക്കാനുള്ള നിര്‍ദേശം. കുടിയേറ്റ കുടുംബങ്ങളുടെ പലയാനം തടയാന്‍ സംസ്ഥാന അതിര്‍ത്തികള്‍ അടക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു. നഗരങ്ങളില്‍ പലായനം ചെയ്യുന്നവരെ തടയാന്‍ സംവിധാനം ഏര്‍പ്പെടുത്തണം. പലായനക്കാരെ പാര്‍പ്പിക്കാന്‍ സര്‍ക്കാര്‍ സംവിധാനത്തില്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ ഒരുക്കണം. ഭക്ഷണവും മരുന്നും ഉള്‍പ്പെടെ എല്ലാ അവശ്യ സൗകര്യങ്ങളും ഇവിടെ ഒരുക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. കോവിഡ് വ്യാപനം തടയാന്‍ സമ്പൂര്‍ണ അടച്ചിടല്‍ വേണ്ടിവരുമെന്ന് ദിവസങ്ങള്‍ക്കു മുമ്പേ അറിയാമായിരുന്നിട്ടും കേന്ദ്രസര്‍ക്കാര്‍ വേണ്ടത്ര മുന്നൊരുക്കം നടത്താതിരുന്നതാണ് സ്ഥിതി വഷളാക്കിയതെന്ന് പരക്കെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. അടച്ചിടല്‍ പ്രഖ്യാപിച്ചതോടെ തൊഴില്‍ മേഖല ഒന്നാകെ സ്തംഭിച്ചു. വരുമാനോപാധികള്‍ നിലച്ചതോടെ കുടിയേറ്റ തൊഴിലാളികള്‍ പട്ടിണിയിലായി. അന്നന്നത്തെ അന്നത്തിനുള്ള വക മാത്രം കരുതിവെക്കുന്ന ഇത്തരക്കാര്‍ പെട്ടെന്ന് തൊഴിലും കൂലിയും ഇല്ലാതായതോടെ കടുത്ത ദാരിദ്ര്യത്തെയാണ് അഭിമുഖീകരിക്കേണ്ടി വരുന്നത്. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍നിന്നും വ്യവസായ തലസ്ഥാനമായ മുംബൈയില്‍ നിന്നുമെല്ലാം ആയിരക്കണക്കിന് കിലോമീറ്ററുകള്‍ കാല്‍നടയായാണ് ബിഹാറിലേയും ഉത്തര്‍പ്രദേശിലേയും അസമിലേയും പശ്ചിമബംഗാളിലേയുമെല്ലാം സ്വന്തം നാടുകളിലേക്ക് ഇക്കൂട്ടര്‍ പലായനം ചെയ്യുന്നത്. അതും കൂട്ടം കൂട്ടമായി. കോവിഡ് വ്യാപനം തടയാന്‍ എല്ലാവരും വീടിനുള്ളില്‍ തന്നെ കഴിയണമെന്ന പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥനയെ വിഫലമാക്കുന്നതാണ് ഈ കൂട്ടപ്പലായനം. സംഘത്തില്‍ ഒരാള്‍ക്ക് വൈറസ് ബാധയുണ്ടെങ്കില്‍പോലും ആയിരക്കണക്കിന് പേരിലേക്ക് രോഗം പടരുമെന്നിരിക്കെ, രാജ്യം മുഴുവന്‍ അടച്ചിട്ടിട്ടിട്ടെന്ത് കാര്യം എന്നതാണ് പ്രധാനമായും ഉയരുന്ന ചോദ്യം. മാത്രമല്ല, പോകുന്ന വഴികളിലെല്ലാം ഇത്തരം സംഘങ്ങള്‍ രോഗവാഹകരായി മാറുകയും മഹാമാരിയുടെ കെട്ടു പൊട്ടിക്കുകയും ചെയ്യും.അസംഘടിത മേഖലയില്‍ ഉള്‍പ്പെടെ കൂലി നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് ആരും ചെവിക്കൊണ്ടിട്ടില്ല. നിത്യേന ഒരേ തൊഴിലുടമക്ക് കീഴില്‍ ജോലി ചെയ്യുന്നവരല്ല ഇവര്‍ എന്നതുകൊണ്ടുതന്നെ സംരക്ഷണചുമതല ആര് വഹിക്കും എന്നതാണ് പ്രശ്‌നം. ലക്ഷക്കണക്കിന് വരുന്ന കുടിയേറ്റ തൊഴിലാളികളുടെ സംരക്ഷണം ഏറ്റെടുക്കല്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് മുന്നില്‍ വലിയവെല്ലുവിളിയാണ്. ഇത്രയധികംപേരെ പാര്‍പ്പിക്കുന്നതിനും ഭക്ഷണവും അവശ്യ വസ്തുക്കളും നല്‍കുന്നതിനും സൗകര്യം ഒരുക്കല്‍ അതിനേക്കാള്‍ വലിയ വെല്ലുവിളിയും. അതുകൊണ്ടുതന്നെ സംസ്ഥാന സര്‍ക്കാറുകളും കൂട്ടപ്പലായനത്തെ കണ്ടില്ലെന്ന് നടിക്കുകയാണ്. കുടിയേറ്റ തൊഴിലാളികള്‍