കേന്ദ്ര സര്‍ക്കാറിനെ രാജ്യസഭയില്‍ വലിച്ചുകീറി കപില്‍ സിബല്‍
ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന കലാപത്തെ കുറിച്ച് നടന്ന ചര്‍ച്ചയില്‍ നരേന്ദ്ര മോദി സര്‍ക്കാറിനെ വലിച്ചു കീറി കപില്‍ സിബല്‍. കലാപം അമര്‍ച്ച ചെയ്യുന്നതില്‍ സര്‍ക്കാര്‍ അതിദയനീയമായി പരാജയപ്പെട്ടുവെന്ന് പറഞ്ഞ സിബല്‍ പശുവിന് വേണ്ടി എന്തും ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ മനുഷ്യനെ സംരക്ഷിക്കാന്‍ ഒന്നും ചെയ്യുന്നില്ലെന്നും ആരോപിച്ചു.
കലാപത്തിന് സഹായം നല്കിയ ചില പൊലീസുകാര്‍ക്കെതിരെ വ്യക്തമായ തെളിവുണ്ടായിട്ടും എന്തു കൊണ്ട് ഇവര്‍ക്കെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തില്ലെന്നും അമിത് ഷായെ ലക്ഷ്യമിട്ട് സിബല്‍ ചോദിച്ചു. നിങ്ങള്‍ (അമിത് ഷാ) ഇരിക്കുന്നത് ഇന്ത്യയുടെ ആദ്യ ആഭ്യന്തര മന്ത്രി സര്‍ദാര്‍ പട്ടേല്‍ ഇരുന്ന സീറ്റിലാണ്. നിരപരാധികളായ ആളുകള്‍ ബുദ്ധിമുട്ടുന്നതിനെ കുറിച്ച് ഒന്ന് ചിന്തിച്ചു നോക്കൂ, ബുദ്ധിമുട്ടുന്നവര്‍ ആരെയാണ് സഹായത്തിനായി നോക്കേണ്ടത് സിബല്‍ ചോദിച്ചു.
ഇത്രയും നിര്‍ണായകമായ ഒരു ചര്‍ച്ച നടക്കുമ്പോള്‍ സഭയില്‍ എത്താതെ മാറി നില്ക്കുന്ന ആഭ്യന്തര മന്ത്രിയേയും അദ്ദേഹം ചോദ്യം ചെയ്തു. കലാപത്തില്‍ പൊലീസുകാരുടെ സഹായമുണ്ടായിരുന്നുവെന്നത് വ്യക്തമാണ്. ഇതിന്റെ ഫലമായി നിരപരാധികളായ ആളുകള്‍ക്കാണ് ജീവന് നഷ്ടമായത്. ഈ വൈറസിനെ പിടിച്ചു നിര്‍ത്താനായില്ലെങ്കില്‍ യുവജനത നിങ്ങള്‍ക്കും ഞങ്ങള്‍ക്കുമെതിരെ തിരിയും. വര്‍ഗീയ കലാപത്തിന് കാരണക്കാരായവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മോഹന്‍ നഴ്സിങ് ഹോമിന്റെ മുകളില്‍ കയറിയ ഒരു സംഘം തോക്ക് ഉപയോഗിച്ച് വെടിവെക്കുന്ന ചിത്രം പുറത്ത് വന്നിട്ടുണ്ട്. നിങ്ങള്‍ അവര്‍ക്കെതിരെ എന്തെങ്കിലും നടപടി എടുത്തോ?. ഉജ്ജ്വല്‍ പദ്ധതി വഴി നിങ്ങള്‍ അനുവദിച്ച ഗ്യാസ് സിലിണ്ടറുകള്‍ ഉപയോഗിച്ചാണ് അക്രമികള്‍ പല വീടുകളിലും സ്ഫോടനം നടത്തിയത്. 72 മണിക്കൂര്‍ ഉരിയാടാതിരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഒരു പശുവിനെ രക്ഷിക്കാന്‍ വേണ്ടി നിങ്ങള്‍ ഏതറ്റം വരെയും പോകും എന്നാല്‍ മനുഷ്യരെ രക്ഷിക്കാന്‍ ഒന്നും ചെയ്യുന്നില്ലെന്നത് നിര്‍ഭാഗ്യകരമാണ് സിബല്‍ കൂട്ടിച്ചേര്‍ത്തു.കലാപത്തിന് കാരണമായത് ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങളാണ്. എന്ത് കൊണ്ട് ഇവര്‍ക്കെതിരെ നടപടി എടുത്തില്ലെന്നും സിബല്‍ ചോദിച്ചു.