പാര്‍ലിമെന്റില്‍ ഡല്‍ഹി കലാപത്തെക്കുറിച്ച് ചര്‍ച്ചയില്ല

8

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും രാജി ആവശ്യപ്പെട്ട് പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ ബഹളം. പ്രധാനമന്ത്രി രാജി വെക്കണമെന്ന് ആവശ്യപ്പെടുന്ന പോസ്റ്ററുകള്‍ ഉയര്‍ത്തിക്കാണിച്ചായിരുന്നു ലോക്സഭയില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ബഹളത്തെ തുടര്‍ന്ന് രാജ്യസഭയും ലോക്സഭയും ഇന്നത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷത്തോട് ശാന്തത പാലിക്കാന്‍ സ്പീക്കര്‍ ഓം ബിര്‍ള ആവശ്യപ്പെട്ടുവെങ്കിലും പ്രതിപക്ഷ അംഗങ്ങള്‍ വഴങ്ങിയില്ല. തുടര്‍ന്ന് അദ്ദേഹം സഭ നിര്‍ത്തിവെച്ചു. കോണ്‍ഗ്രസ്, ഇടത്, ടി.എം.സി, എസ്.പി., ബി.എസ്.പി., ഡി.എം.കെ. അംഗങ്ങളാണ് രാജ്യസഭയില്‍ പ്രതിഷേധം ഉയര്‍ത്തിയത്. തുടര്‍ന്ന് രാജ്യസഭ അധ്യക്ഷന്‍ എം. വെങ്കയ്യ നായിഡു സഭ ഇന്നത്തേക്ക് നിര്‍ത്തിവെച്ചു. 46പേരുടെ മരണത്തിനിടയാക്കിയ ഡല്‍ഹി കലാപത്തെ കുറിച്ച് ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയിലെയും രാജ്യസഭയിലെയും പ്രതിപക്ഷാംഗങ്ങള്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ചര്‍ച്ചക്ക് അനുകൂലമായ സാഹചര്യമല്ല ഇപ്പോഴുള്ളതെന്ന് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞു. സാഹചര്യം മെച്ചപ്പെടാന്‍ നമുക്ക് കാത്തിരിക്കാമെന്നും തുടര്‍ന്ന് ചര്‍ച്ചയാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ മൂന്നുദിവസം കലാപം നടന്നപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഉറങ്ങുകയായിരുന്നുവെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് ആരോപിച്ചു. പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേ സമയം പ്രതിഷേധത്തിനിടെ ലോക്‌സഭയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറി. ബിജെപി-കോണ്‍ഗ്രസ് അംഗങ്ങള്‍ തമ്മില്‍ സഭയില്‍ ഉന്തും തള്ളുമുണ്ടായി. ഡല്‍ഹി കലാപത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധിച്ചപ്പോള്‍ ബിജെപി എം.പിമാര്‍ എതിര്‍പ്പുമായി രംഗത്തെത്തിയതോടെയാണ് രംഗം വഷളായത്. പ്രതിഷേധത്തിനിടെ ബിജെപി എം.പിമാര്‍ തന്നെ കൈയേറ്റം ചെയ്തെന്ന് ആലത്തൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പി. രമ്യ ഹരിദാസ് ആരോപിച്ചു. ബിജെപി എം.പി. ജസ്‌കൗണ്‍ മീണ, ശോഭ കരന്തലജെ എന്നിവരുടെ നേതൃത്വത്തില്‍ തന്നെ കൈയേറ്റം ചെയ്തെന്നാണ് രമ്യ ഹരിദാസിന്റെ ആരോപണം. ഇക്കാര്യത്തില്‍ രമ്യ ഹരിദാസ് സ്പീക്കര്‍ക്ക് രേഖാമൂലം പരാതി നല്‍കുകയും സ്പീക്കറുടെ മുന്നില്‍ പൊട്ടിക്കരയുകയും ചെയ്തു. ഉച്ചക്ക് രണ്ട് മണിക്ക് സഭ വീണ്ടും സമ്മേളിച്ചപ്പോഴാണ് നാടകീയരംഗങ്ങള്‍ അരങ്ങേറിയത്. പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങിയ കോണ്‍ഗ്രസ് അംഗങ്ങള്‍ക്കെതിരേ ബിജെപി എംപിമാരും പ്രതിഷേധിച്ചു. കേന്ദ്രമന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെട്ടായിരുന്നു കോണ്‍ഗ്രസ് എംപിമാരുടെ പ്രതിഷേധം. ഇതിനിടെയാണ് സ്പീക്കറുടെ ഡയസിലേക്ക് കുതിച്ച രമ്യ ഹരിദാസിനെ ബിജെപി എംപിമാര്‍ ചേര്‍ന്ന് തടഞ്ഞത്. നാടകീയരംഗങ്ങള്‍ക്ക് പിന്നാലെ മൂന്ന് മണിക്ക് സഭ വീണ്ടും ചേര്‍ന്നെങ്കിലും പ്രതിഷേധം തുടരുകയായിരുന്നു.