ജലീല്‍ പട്ടാമ്പി
ദുബൈ: ആര്‍ടിഎ എക്സിക്യൂട്ടീവ് ഡയറക്ടേഴ്സ് ബോര്‍ഡ് ചെയര്‍മാനും ഡയറക്ടര്‍ ജനറലുമായ മത്താര്‍ അല്തായറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ‘ഫസ്റ്റ് ആന്റ് ലാസ്റ്റ് മൈല്‍’ സ്ട്രാറ്റജിക്ക് അംഗീകാരം നല്കി. മുഖ്യധാരാ പൊതുഗതാഗത ശൃംഖലയുമായി ബഹു സഞ്ചാര സൗകര്യങ്ങളെ സംയോജിതമായി ബന്ധിപ്പിക്കുന്നതിലൂടെ ആരോഗ്യപൂര്‍ണവും സജീവവുമായ ജീവിത ശൈലിയാണ് സ്ട്രാറ്റജി മുന്നോട്ടു വെക്കുന്നത്. മികച്ച ജീവിത ശൈലിയില്‍ ലോകാടിസ്ഥാനത്തില്‍ തന്നെ ഒന്നാം സ്ഥാനമാണ് ദുബൈക്കുള്ളത്.
‘ഫസ്റ്റ് ആന്റ് ലാസ്റ്റ് മൈല്‍’ യാത്രകളെ നിര്‍വചിച്ചിരിക്കുന്നത് ഒരു പൊതുഗതാഗത മാര്‍ഗത്തിലേക്ക് നയിക്കുന്ന, അല്ലെങ്കില്‍ ഏറ്റവും അടുത്തുള്ള ഒരു യാത്രയുടെ ആദ്യം അല്ലെങ്കില്‍ അവസാന ഭാഗമാണ്. അത് പൊതുവാണെങ്കിലും വ്യക്തിഗത ഉപാധിയാണെങ്കിലും ഒരേ രീതിയാണ്.
ഫസ്റ്റ് ആന്റ് ലാസ്റ്റ് മൈല്‍ നിരയില്‍ ബസ് ഓണ്‍ ഡിമാന്റ്, ടാക്സി, ലിമോ, സ്മാര്‍ട് റെന്റല്‍ കാറുകള്‍, ഷെയേര്‍ഡ് പൊതു/സ്വകാര്യ ഗതാഗത സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. സ്കൂട്ടറുകളും ഇലക്ട്രിക് ബൈക്കുകളും അടക്കമുള്ള വ്യക്തിഗത ഗതാഗത ഉപാധികളും വോക്കിംഗ്, ബൈക്കിംഗ് ഉള്‍പ്പെടെയുള്ള യാന്ത്രിക ഇതര ഉപാധികളും ഉള്‍പ്പെടുന്നു. മൂന്നു സ്തംഭങ്ങളെ അടിസ്ഥാനമാക്കിയാണ് ഫസ്റ്റ് ആന്റ് ലാസ്റ്റ് മൈല്‍ സ്ട്രാറ്റജിയുള്ളത്. സുസ്ഥിരത, പങ്കാളിത്ത സഞ്ചാര സൗകര്യം, ഉപയോക്താക്കളുടെ സുരക്ഷ എന്നിവയാണിവ. അപ്രകാരം, റോഡ് നിര്‍മിച്ച്, ഉപാധികള്‍ വഴി എല്ലാവരുമായും ബന്ധിപ്പിക്കുകയെന്ന ആര്‍ടിഎയുടെ ലക്ഷ്യങ്ങളുമായി ഫസ്റ്റ് ആന്റ് ലാസ്റ്റ് മൈല്‍ സ്ട്രാറ്റജി സമഞ്ജസമായി ഉള്‍ച്ചേര്‍ന്നിരിക്കുന്നു.
സംയോജിത യാത്രകള്‍
ഫസ്റ്റ് ആന്റ് ലാസ്റ്റ് മൈല്‍ യാത്രകള്‍ക്ക് സ്ട്രാറ്റജി ചട്ടക്കൂട് ഒരുക്കുന്നു. പങ്കാളിത്ത-ലളിത സഞ്ചാര സൗകര്യങ്ങളെ പിന്തുണക്കുകയും ചെയ്യുന്നു. പുതിയ സഞ്ചാര ഉപാധികളുടെ ആവിഷ്കാരം എന്നതു കൊണ്ടര്‍ത്ഥമാക്കുന്നത്, എല്ലാവര്ക്കും സൗഹൃദപരമായ അടിസ്ഥാന സൗകര്യം വികസിപ്പിക്കുകയെന്നതാണ്.
വോക്കിംഗ്, ബൈക്കിംഗ്, ഇസ്കൂട്ടര്, ഓണ്‍ ഡിമാന്റ് ബസുകള്‍, ഷെയറിംഗ് മോബിലിറ്റി എന്നിങ്ങനെയുള്ള പാരമ്പര്യേതരമായ പ്രയാണ ഉപാധികളെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്നു. സംയോജിത ഗതാഗതത്തിന്റെ ഉപായങ്ങള്‍ നല്‍കുന്നതിന് പുറമെ, ആര്‍ടിഎ ദൃഢനിശ്ചയക്കാരുടെ ആവശ്യങ്ങള്‍ കൂടി നിവര്‍ത്തിക്കുകയും ചെയ്യുന്നു. സൈക്ളിംഗ് ലെയ്നുകള്‍, കാല്‍നട ഇടങ്ങള്‍/വിശ്രമ സ്ഥലങ്ങള്‍, തണല്‍ സ്ഥലങ്ങള്‍/റൂട്ടുകള്‍, ലാന്റ്സ്കേപിംഗ്, സ്വകാര്യ വാടക കാര്‍ പാര്‍ക്കിംഗുകള്‍, ബൈക് റാക്കുകള്‍, പിക്ക് അപ്/ഡ്രോപ് ഓഫ് പോയിന്റുകള്‍ എന്നിവയും ഇതിലടങ്ങുന്നു -അല്‍തായര്‍ വ്യക്തമാക്കി.
റോഡ് മാപ്
ഫസ്റ്റ് ആന്റ് ലാസ്റ്റ് മൈല്‍ സ്ട്രാറ്റജിക്ക് ആര്‍ടിഎ റോഡ് മാപ് സൃഷ്ടിച്ചിട്ടുണ്ട്. പുതിയ ഗതാഗത ഉപാധികളുടെ പഠനത്തിനും ആസൂത്രണത്തിനുമായി അടുത്ത അഞ്ച് വര്‍ഷത്തേക്കായി സംരംഭങ്ങള്‍ അത് മുന്നോട്ടു വെക്കുന്നു. ഓണ്‍ ഡിമാന്റ് ബസുകള്‍ ഷെയേര്‍ഡ് ബൈക്കുകള്‍, സോഫ്റ്റ് മോബിലിറ്റി പരിഷ്കാരങ്ങള്‍ എന്നീ ലക്ഷ്യ സേവനാര്‍ത്ഥം ആര്‍ടിഎ സംരംഭങ്ങള്‍ നടപ്പാക്കുന്നതിന് തുടക്കം കുറിച്ചിട്ടുണ്ട്.
സോഫ്റ്റ് മോബിലിറ്റി
കറാമ, മന്‍ഖൂല്‍, അല്‍ഖിസൈസ് 1 എന്നീവിടങ്ങളില് സോഫ്റ്റ് മോബിലിറ്റിക്കായി മാസ്റ്റര്‍ പ്ളാനിന്റെ പ്രാഥമിക ഘട്ടം ആര്‍ടിഎ മാര്‍ച്ചില്‍ പൂര്‍ത്തീകരിക്കും. വികസന പദ്ധതികളും ആകര്‍ഷക ഏരിയകളും പാരമ്പര്യേതര ഉപാധികളും തമ്മിലുള്ള ബന്ധം വര്‍ധിപ്പിക്കാന്‍ ഈ പദ്ധതി വിഭാവന ചെയ്യുന്നു.