അബുദാബി: സര്‍ക്കസിന്റെ പ്രതാപകാല സ്മരണകളും ഗതകാല പ്രാരബ്ധങ്ങളും അയവിറക്കി സര്‍ക്കസ് രാജാവ് എന്ന് വിശേഷിപ്പിക്കാവുന്ന ജെമിനി ശങ്കരേട്ടന് അബുദാബിയിലുമെത്തി. സര്ക്കസുമായിട്ടല്ല, ഒരു സന്ദര്ശകനായിമാത്രം. എന്നാല്‍, അദ്ദേഹത്തിന്റെ സര്‍ക്കസ് ജീവിതത്തിന്റെ വ്യത്യസ്തമാര്‍ന്ന അനുഭവങ്ങള്‍ പുതിയ തലമുറക്കായി പങ്കു വെച്ചപ്പോള്‍ പോയ കാലത്തിന്റെ മധുര സ്മരണയുടെ പൊന്കിരണങ്ങള് മുഖത്ത് മിന്നി മറഞ്ഞു. അബുദാബിയില്‍ മിഡില്‍ ഈസ്റ്റ് ചന്ദ്രികക്ക് വേണ്ടി അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പതിറ്റാണ്ടുകള്‍ക്കപ്പുറത്തേക്ക് സഞ്ചരിച്ചു.
ബാല്യ കാലത്ത് സര്‍ക്കസിനോട് തോന്നിയ കമ്പം ശങ്കരേട്ടനെ പിന്നീട് ഈ രംഗത്തെ രാജാവാക്കി മാറ്റുകയായിരുന്നു. നാലാം ക്ളാസ്സില്‍ പഠിക്കുമ്പോള്‍ ആദ്യമായി സര്‍ക്കസ് കാണാനെത്തിയതാണ് സര്‍ക്കസിലേക്ക് ജീവിതംതന്നെ മാറ്റി മറിച്ചത്. ഒരിക്കല്‍ ടിക്കറ്റെടുക്കാതെ സര്‍ക്കസ് കാണാന്‍ കയറിയ ശങ്കരന് എന്ന കുട്ടിയെ സര്‍ക്കസ് നടത്തിപ്പുകാര്‍ പിടിച്ചു പുറത്താക്കി. ഏഴാം ക്ളാസില്‍ പഠനം നിര്‍ത്തി കീലേരി കുഞ്ഞിക്കണ്ണന് മാസ്റ്ററുടെ കീഴില്‍ സര്‍ക്കസ് പഠിക്കാന്‍ പോയി. വളര്‍ന്നപ്പോള്‍ പട്ടാളത്തില്‍ ചേര്‍ന്നുവെങ്കിലും പിന്നീട് പിരിച്ചു വിടപ്പെട്ടു. സ്വാതന്ത്ര്യ സമരം കൊടുമ്പിരിക്കൊണ്ട 1947ല്‍ കൊല്‍ക്കത്തയിലേക്ക് വണ്ടി കയറി. അവിടെ ഒരു സര്‍ക്കസ് കൂടാരത്തിലെ കളിക്കാരനായി മാറി.
പിന്നീട് തലശ്ശേരിയില്‍ നിന്നും വടക്കേ ഇന്ത്യയിലേക്ക് പോയി സ്വന്തമായി ഒരു സര്‍ക്കസ് കമ്പനി വിലക്കു വാങ്ങിയാണ് കേരളത്തിലേക്ക് തിരിച്ചു പോന്നത്. 1951 ആഗസ്ത് 11ന് തന്റെ 27-ാം വയസ്സില്‍ ഗുജറാത്തില്‍ നിന്നും 6,000 രൂപക്കാണ് ശങ്കരന് എന്ന യുവാവ് സര്‍ക്കസ് കമ്പനി സ്വന്തമാക്കിയത്. 75 സര്‍ക്കസ് കലാകാരന്മാരും പിന്നെ ആനയും സിംഹവും ഉള്‍പ്പെടെയുള്ള വന്യ മൃഗങ്ങളും ഉള്‍പ്പെടെയുള്ള സര്‍ക്കസ് കമ്പനി സ്വന്തമാക്കിയപ്പോള്‍ ജീവിതത്തിലെ ഏറ്റവും വലിയ ആശയാണ് നിറവേറിയത്. കുട്ടിക്കാലത്തെ വലിയ മോഹം താമസംവിനാ സഫലമായപ്പോള്‍ ലോക രാജ്യങ്ങളില്‍ പോയി സര്‍ക്കസ് അവതരിപ്പിക്കാന്‍ സൗഭാഗ്യം ലഭിച്ച ഇന്ത്യക്കാരന് എന്ന ബഹുമതി ശങ്കരന് സ്വന്തമായി.
ജവഹര്‍ലാല്‍ നെഹ്റു, ഡോ. സാക്കിര്‍ ഹുസൈന്, ഇന്ദിരാ ഗാന്ധി, ലാല്‍ ബഹദൂര്‍ ശാസ്ത്രി, മൊറാര്‍ജി ദേശായി, ഡോ. രാധാകൃഷ്ണന്, വി.കെ കൃഷ്ണ മേനോന് തുടങ്ങിയ ദേശീയ പ്രമുഖരും മാര്ട്ടിന് ലൂഥര്‍ കിംഗ് ഉള്‍പ്പെടെയുള്ള അന്തര്‍ദേശീയ പ്രമുഖരും ഈ തലശ്ശേരിക്കാരന്റെ സര്‍ക്കസില്‍ ആകൃഷ്ടരായി നേരിട്ട് അഭിനന്ദനമറിയിച്ചിട്ടുണ്ട്. ‘മേരാ നാം ജോക്കര്‍’ എന്ന പ്രശസ്തമായ ഹിന്ദി സിനിമക്ക് വേദിയൊരുങ്ങിയതും ജെമിനി സര്‍ക്കസ് കൂടാരത്തിലായിരുന്നു. ഇന്ത്യയുടെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് തേടിയെത്തിയതുള്പ്പെടെയുള്ള നിരവധി സംഭവങ്ങള്‍ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങളാണ്.
പിന്നീട്, ഈ മേഖലയില്‍ പതിറ്റാണ്ടുകളോളം ഹീറോയായി തിളങ്ങിയെങ്കിലും കാലങ്ങള്‍ പിന്നിട്ടപ്പോള്‍ കനത്ത ബാധ്യതയുടെ ആള്‍രൂപമായി സര്‍ക്കസ് കൂടാരങ്ങളും മാറുകയായിരുന്നു. ഇന്ന് 400ല്‍ പരം കലാകാരന്മാരുള്ള രാജ്യത്തെ മികച്ച സര്‍ക്കസ് കമ്പനികളിലൊന്നാണെങ്കിലും പ്രാരബ്ധത്തിന്റെ കൊടുംപ്രയാസത്തില് പിടിച്ചു നില്ക്കാന് പെടാപ്പാട് പെടുകയാണ്. ഓരോ ദിവസവും കടന്നു പോകണമെങ്കില്‍ ഒരു ലക്ഷം രൂപ കൈയില്‍ വേണമെന്നതാണ് അവസ്ഥ. ഓരോ ദിവസവും ബാധ്യതയേറി വരുമ്പോഴും വരുമാന മാര്‍ഗങ്ങള്‍ കുറഞ്ഞു കൊണ്ടിരിക്കുകയാണ് ചെയ്യുന്നത്. വന്യ മൃഗങ്ങള്‍ക്ക് സര്‍ക്കസ് കൂടാരങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയതോടെയാണ് സര്‍ക്കസ് കലാകാരന്മാരുടെ വയറ്റിപ്പിഴപ്പും അവതാളത്തിലായിത്തുടങ്ങിയത്.
മനേക ഗാന്ധിയുടെ തീരുമാനം തങ്ങളുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുക മാത്രമല്ല, നിരവധി കുടുംബങ്ങളെ അരപ്പട്ടിണിയിലേക്കും മുഴുപ്പട്ടിണിയിലേക്കും തള്ളി വിടുകയാണ് ചെയ്തതെന്ന് ശങ്കരേട്ടന് ശങ്കക്കിടയില്ലാത്ത വിധം സങ്കടത്തോടെ പറയുന്നു. പ്രതാപ കാലത്ത് ആശ്വാസജീവിതം നയിച്ച കലാകാരന്മാരെയും അവരുടെ കുടുംബത്തെയും പോറ്റാന്‍ ഇന്ന് ഏറെ പ്രയാസമനുഭവിക്കുകയാണ്. പ്രതാപ കാലത്തെ വരുമാനവും കലാകാരന്മാര്ക്ക് മിച്ചം വെക്കാന്‍ കഴിയുന്നതായിരുന്നില്ല. പട്ടിണിയില്ലാതെ ജീവിച്ചു പോകാന്‍ കഴിയുന്ന വരുമാനം മാത്രമാണ് അന്നുമുണ്ടായിരുന്നതെങ്കിലും ഇന്ന് മൂന്നു നേരത്തെ ആഹാരം ഒപ്പിക്കാനുള്ള കഠിന പ്രയത്നത്തിലാണ്. പ്രായം വരുത്തിയ ശാരീരിക മാറ്റങ്ങള്‍ക്കിടയിലും സര്‍ക്കസ് കൂടാരത്തിലെ ചിന്തകളും കലാകാരന്മാരുടെ കഴിവുകളും ശങ്കരേട്ടന്റെ ചിന്തയില്‍ ആവേശമുയര്ത്തുകയാണ്.