മാട്ടൂലിന്റെ വത്തക്കപ്പെരുമ തിരിച്ചു പിടിക്കാന്‍ പ്രവാസിയുടെ യത്‌നം

വിളവെടുത്ത തണ്ണിമത്തനും മറ്റു പച്ചക്കറികളുമായി എ.പി സകരിയ്യ

മാട്ടൂല്‍/ഷാര്‍ജ: മാട്ടൂലിന്റെ തണ്ണി മത്തന്‍ (വത്തക്ക) പെരുമ തിരിച്ചു കൊണ്ടുവരാന്‍ പ്രവാസി നടത്തുന്ന യത്‌നം വിജയം. ഷാര്‍ജയില്‍ ജോലി ചെയ്യുന്ന മാട്ടൂല്‍ കൂട്ടായ്മ പ്രസിഡന്റായ എ.പി സകരിയ്യയാണ് മാട്ടൂല്‍ തണ്ണി മത്തന്‍ കൃഷി ചെയ്ത് വിജയിപ്പിച്ചിരിക്കുന്നത്. ഇതിനായി മൂന്നു മാസത്തെ ലീവെടുത്ത് നാട്ടില്‍ പോവുകയായിരുന്നു സകരിയ്യ.
ഒരു കാലത്ത് തണ്ണി മത്തന്‍ കൃഷിക്ക് പേരു കേട്ട സ്ഥലമായിരുന്നു കണ്ണൂര്‍ ജില്ലയിലെ മാട്ടൂല്‍. എന്നാല്‍, ഈ കൃഷി തീര്‍ത്തും ഇല്ലാതായിട്ട് ഏറെ കാലമായി. ’90കള്‍ വരെ വളരെ വ്യാപകമായി നടന്നിരുന്ന തണ്ണി മത്തന്‍ കൃഷി കാലക്രമേണ അന്യം നിന്നു പോയി. വയലുകള്‍ നികന്ന് വീടുകളായതും ജോലിക്ക് ആളുകളെ ലഭിക്കാതായതും ഒരു കാരണമാണ്.
മാട്ടൂല്‍ തണ്ണി മത്തന്‍ ഗുണത്തിലും രുചിയിലും വേറിട്ടതാണ്. വടക്കെ മലബാറില്‍ വളരെ പ്രശസ്തമായിരുന്നു മാട്ടൂല്‍ തണ്ണി മത്തന്‍.
ജോലിയോടൊപ്പം കൃഷിയെയും സ്‌നേഹിക്കുന്ന സകരിയ്യ ഷാര്‍ജയിലെ താമസ സ്ഥലത്തും കൃഷി ചെയ്യുന്നുണ്ട്. മാട്ടൂലില്‍ തീര്‍ത്തും ജൈവ രീതിയിലാണ് കൃഷി ചെയ്തത്. കൃഷിയില്‍ സകരിയ്യയെ സഹായിക്കുന്നത് സഹോദരങ്ങളും മക്കളുമാണ്. വിഷ രഹിത കൃഷി മനസ്സിലാക്കാന്‍ സമീപത്തെ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ഈ കൃഷിയിടം സന്ദര്‍ശിക്കാറുണ്ട്. തന്റെ ഈ ശ്രമം മറ്റുള്ളവര്‍ക്ക് കൃഷിയിലേക്ക് മടങ്ങാന്‍ ഒരു പ്രചോദനമാവട്ടെയെന്നാണ് സകരിയ്യ ആഗ്രഹിക്കുന്നത്. വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ വിപുലമായി കൃഷി ചെയ്യണമെന്നാണ് സകരിയ്യയുടെ ആഗ്രഹം.