മാസ്‌ക് ധരിക്കാത്തവര്‍ക്ക് പിഴ- വ്യാജ വാര്‍ത്തയെന്ന് ആര്‍ടിഎ

33

ദുബൈ: മെട്രോയും മറ്റു ഗതാഗത സംവിധാനം ഉപയോഗിക്കുന്നവരും മാസ്‌ക് ധരിച്ചില്ലെങ്കില്‍ 600 ദിര്‍ഹം പിഴ ഈടാക്കുമെന്ന പ്രചാരണം വ്യാജമാണെന്ന് ആര്‍ടിഎ വ്യക്തമാക്കി. സോഷ്യല്‍ മീഡിയയില്‍ ഇത്തരത്തില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങളെ ആര്‍ടിഎ തള്ളിക്കളഞ്ഞു. അതേസമയം
നോവല്‍ കൊറോണ വൈറസ് വ്യാപിക്കുന്നത് ലഘൂകരിക്കുന്നതിന് എല്ലാ പൊതുഗതാഗത സംവിധാനത്തിലും മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ ശക്തമാക്കിയിട്ടുണ്ടെന്ന് ദുബൈ റോഡ്സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി പൊതുജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി.
ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും ആരോഗ്യവും സുരക്ഷയും ഒരുപോലെ ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും ആര്‍ടിഎ സ്വീകരിച്ചിട്ടുണ്ടെന്നും അവരുടെ സുരക്ഷയാണ് മുന്‍ഗണനയെന്നും അധികൃതര്‍ വ്യക്തമാക്കി. ആര്‍ടിഎ മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്, കൂടാതെ സേവനങ്ങള്‍ സുഗമമായി നടപ്പാക്കുന്നതിന് ജീവനക്കാര്‍ക്ക് ബോധവത്കരണം നല്‍കിയിട്ടുണ്ട്.
യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം നിര്‍ദ്ദേശിക്കുന്ന ആരോഗ്യ, സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ യാത്രക്കാര്‍ തയ്യാറാവണമെന്നും ആര്‍ടിഎ ആവശ്യപ്പെട്ടു.