മലപ്പുറം: കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാതലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി പ്രഖ്യാപിച്ച വ്യക്തിഗത മെഡിക്കല്‍ ഇന്‍ഷൂറന്‍സ് പരിരക്ഷയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ സജീവ പങ്കാളികളായ റവന്യൂ, പൊലീസ്, തദ്ദേശ സ്വയം ഭരണ വകുപ്പ് ജീവനക്കാരെയും ഉള്‍പ്പെടുത്തണമെന്നു ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ധന കാര്യ വകുപ്പ് മന്ത്രി നിര്‍മ്മല സീതാ രാമന്‍ എന്നിവര്‍ക്കു അദ്ദേഹം കത്തയച്ചു. ഈ മാരകമായ വൈറസിനെതിരായ പോരാട്ടത്തില്‍ മുന്‍പന്തിയിലുള്ളവര്‍ക്ക് ഇത് ഒരു വലിയ പ്രചോദനമാണെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.
ലോക്ക്ഡൗണ്‍ ഉള്‍പ്പെടെ നടപ്പാക്കുന്നതിന് വേണ്ടി മുഴുസമയം തെരുവിലിറങ്ങേണ്ട പൊലീസ് ഉദ്യോഗസ്ഥരും റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ശരിയായ സംരക്ഷണ ഉപകരണങ്ങള്‍ പോലുമില്ലാതെ ധാരാളം ആളുകളുമായി ദിനേനെ സമ്പര്‍ക്കം പുലര്‍ത്തേണ്ടി വരുന്നുണ്ട്.
ആരോഗ്യ, അപകട സാധ്യതാ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ഇവരെക്കൂടി ഉള്‍പ്പെടുത്തണമെന്ന് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന്, പ്രത്യേകിച്ച് കേരളത്തില്‍ നിന്ന് വ്യാപകമായ ആവശ്യമുണ്ട്. അതിനാല്‍ ഇത് പരിഗണിച്ച് പൊലീസ്, റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ക്കു കൂടി ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കണമെന്ന് ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി ആവശ്യപ്പെട്ടു.