മോദിയെ കാത്തിരിക്കുന്നത് ഹിറ്റ്‌ലറുടെ ഗതി: കല്‍പ്പറ്റ നാരായണന്‍

30
മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി നടത്തുന്ന ഷാഹിന്‍ ബാഗ് സ്‌ക്വയറില്‍ മുപ്പത്തിനാലാം ദിനം കല്‍പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്യുന്നു. പി ഇസ്മായില്‍, പി.കെ ഫിറോസ്, നജീബ് കാന്തപുരം, നാസര്‍ എസ്‌റ്റേറ്റ്മുക്ക്, അഹമ്മദ്കുട്ടി ഉണ്ണിക്കുളം, സാജിദ് കോറോത്ത്, ഡോ. സരിന്‍ സമീപം

കോടതിയലക്ഷ്യക്കുറ്റം ചുമത്തേണ്ടത് കേന്ദ്ര ഭരണകൂടത്തിനെതിരെ

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിക്കുന്ന ഷാഹിന്‍ ബാഗ് സ്‌ക്വയര്‍ അനിശ്ചിതകാല സമരം മുപ്പത്തിനാല് ദിവസം പൂര്‍ത്തിയായി. കോഴിക്കോട് കടപ്പുറത്തെ ഷാഹിന്‍ബാഗ് സ്‌ക്വയറിനെ ബാലുശ്ശേരി മണ്ഡലത്തിലെ യുവപോരാളികളാണ് ഇന്നലെ സര്‍ഗാത്മകമാക്കിയാത്. ഡല്‍ഹി കലാപത്തില്‍ ഏര്‍പ്പെട്ടവര്‍ക്കെതിരെ വിരല്‍ ചൂണ്ടിയ ന്യായാധിപനെ ഒറ്റ രാത്രി കൊണ്ട് മാറ്റിയ ഭരണകൂടത്തിനെതിരായിട്ടാണ് കോടതിയലക്ഷ്യ കുറ്റം ചുമത്തേണ്ടതെന്ന് പ്രമുഖ എഴുത്തുകാരന്‍ കല്‍പ്പറ്റ നാരായണന്‍ അഭിപ്രായപ്പെട്ടു. ഷാഹിന്‍ ബാഗ് സ്‌ക്വയര്‍ മുപ്പത്തിനാലാം ദിന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാശ്മീരിന്റെ പ്രത്യേക പദവിയെന്നത് ബൈബിളില്‍ യഹോവ മോശ പ്രവാചകന് നന്മയുടെ മഴവില്ല് വാഗ്ദാനം ചെയ്തതുപോലുള്ള ഉറപ്പായിരുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്തതിലൂടെ ഭരണകൂടം ഒരു ജനതക്ക് നല്‍കിയ ഉറപ്പാണ് ലംഘിക്കപ്പെട്ടത്. നുണകള്‍ കൊണ്ട് രാജ്യം കെട്ടി പൊക്കാനിറങ്ങിയ ഹിറ്റ്‌ലര്‍ക്കും ഗീബല്‍സിനുമുണ്ടായ ദുരനുഭവങ്ങളാണ് മോഡിയെയും ഫാസിസത്തെയും കാത്തിരിക്കുന്നത്. ബി.ജെ.പി ജയിക്കാതിരിക്കാന്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് കെജ്രിവാളിന് വോട്ടുകള്‍ നല്‍കി രാഷ്ട്രീയ ധര്‍മം കാട്ടിയിട്ടുണ്ട്. തങ്ങളുടെ സംരക്ഷണത്തിനാണ് ന്യൂനപക്ഷങ്ങള്‍ കെജ്‌രിവാളിനെ സഹായിച്ചത്. എന്നാല്‍ അദ്ദേഹം അക്കാര്യത്തില്‍  പരാജിതനായിരിക്കുകയാണ്.
അപേക്ഷാ ഫോറങ്ങളില്‍ പൗരത്വ നിയമത്തിന് മുമ്പ് നാഷണാലിറ്റിയെ കുറിച്ചുള്ള ചോദ്യത്തിന് ഉദാസീനതയോടെയാണ് ഇന്ത്യക്കാര്‍ ഉത്തരം നല്‍കിയിരുന്നതെങ്കില്‍ അതേ ചോദ്യം ഭാരതീയരെ തുറിച്ചു നോക്കുന്ന അവസ്ഥയാണ്. ബാബരി മസ്ജിദിന്റെ തകര്‍ച്ചയെ തുടര്‍ന്നുള്ള കലാപം തടയാന്‍ ലീഗിന് കഴിഞ്ഞത് മതേതര പാര്‍ട്ടി ആയതു കൊണ്ട് മാത്രമല്ല, ബി.ജെ.പിയില്‍ നിന്ന് വിഭിന്നമായി സ്വാതന്ത്ര്യ പോരാട്ടത്തില്‍ പങ്കാളികളായവരുടെ പാരമ്പര്യത്തിന്റെ അവകാശികളായത് കൊണ്ട് കൂടിയാണ്. രണ്ടാം സ്വതന്ത്ര്യ സമരത്തില്‍ സമാധാനമാര്‍ഗത്തില്‍ സര്‍വസന്നാഹങ്ങളോടുകൂടിയ യൂത്ത്‌ലീഗിന്റെ ഷാഹിന്‍ ബാഗ് പോരാട്ടത്തില്‍ അഭിമാനമുണ്ടെന്നും കല്‍പ്പറ്റ നാരായണന്‍ കൂട്ടിച്ചേര്‍ത്തു.
ബാലുശ്ശേരി മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ് പി.എച്ച് ഷമീര്‍ അധ്യക്ഷത വഹിച്ചു. ഡോ.സരിന്‍ മുഖ്യപ്രഭാഷണം നടത്തി. എം ഗീതാനന്ദന്‍ മുഖ്യാതിഥിയായി പങ്കെടുത്തു. എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് അഹമ്മദ്കുട്ടി ഉണ്ണിക്കുളം, മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം, കെ.പി.സി.സി എക്‌സിക്യൂട്ടീവ് മെമ്പര്‍ കെ. രാമചന്ദ്രന്‍ മാസ്റ്റര്‍, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി. ഇസ്മായില്‍, സെക്രട്ടറി ആഷിഖ് ചെലവൂര്‍, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, മുസ്‌ലിം ലീഗ് കേ്ാഴിക്കോട് ജില്ല സെക്രട്ടറി നാസര്‍ എസ്‌റ്റേറ്റ്മുക്ക്, , ബാലുശ്ശേരി മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് സാജിദ് കോറോത്ത്, ജനറല്‍ സെക്രട്ടറി ഷാഹുല്‍ ഹമീദ് നടുവണ്ണൂര്‍ പ്രസംഗിച്ചു.
ബാലുശ്ശേരി മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി സി.കെ ഷക്കീര്‍ സ്വാഗതവും ട്രഷറര്‍ ലത്തീഫ് നടുവണ്ണൂര്‍ നന്ദിയും പറഞ്ഞു.