യുഎഇയില്‍ 5,000 ഭക്ഷ്യ ഉല്‍പന്നങ്ങള്‍ക്ക് 25 മുതല്‍ 60% വരെ വിലക്കുറവ് ; യൂണിയന്‍ കോഓപ്പില്‍ 300 ഉല്‍പന്നങ്ങള്‍ക്ക് 30% വരെ ഇളവ്

189

ദുബൈ: യുഎഇ സാമ്പത്തിക മന്ത്രാലയം രാജ്യത്തെ
5,000 ഭക്ഷ്യ, ഭക്ഷ്യ ഇതര ഉല്‍പന്നങ്ങള്‍ക്ക് വിലക്കുറവ്
പ്രഖ്യാപിച്ചു. സാമ്പത്തിക മന്ത്രാലയം 15-ാമത് ഗള്‍ഫ് ഉപയോക്തൃ സംരക്ഷണ ദിന ഭാഗമായി ഒരുക്കിയ സമ്മേളനത്തിലാണ് പദ്ധതിയുടെ സമാരംഭമായത്. ഇതനുസരിച്ച്, യുഎഇയിലെ വിവിധ ഭാഗങ്ങളിലുള്ള പ്രധാന റീടെയില്‍ ഷോപ്പുകള്‍ ഈ മാസം ഒന്നു മുതല്‍ 31 വരെ 25 മുതല്‍ 60% വരെ വിലക്കുറവ് ഏര്‍പ്പെടുത്താനാണ് തീരുമാനം.
ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള സാധനങ്ങള്‍ മുതല്‍ വിവിധ തരം ഉല്‍പന്നങ്ങള്‍ ഉപയോക്താക്കള്‍ക്ക് യഥേഷ്ടം തെരഞ്ഞെടുക്കാന്‍ ഈ പദ്ധതി കൊണ്ട് സാധിക്കുമെന്ന് സാമ്പത്തിക മന്ത്രാലയത്തിലെ മല്‍സര ക്ഷമതാ-ഉപയോക്തൃ സംരക്ഷണ വിഭാഗം മേധാവി ഡോ.ഹാഷിം അല്‍നുഐമി അറിയിച്ചു.
സമ്മേളനത്തോടനുബന്ധിച്ച് ‘ഉപയോക്താവിന് ഇലക്‌ട്രോണിക് ഷോപ്പിംഗ് അനുഭവം നേടാന്‍’ എന്ന പ്രമേയത്തില്‍ ചര്‍ച്ചയും നടത്തി. പദ്ധതിയുടെ പ്രാരംഭമായി റമദാനിന് മുന്‍പ് ഇളവുകള്‍ക്കായി പ്രാധാന്യപൂര്‍വം കാമ്പയിനുകള്‍ ഒരുക്കുമെന്ന് അല്‍നുഐമി വ്യക്തമാക്കി.
അതിനിടെ, കോവിഡ് ’19 യുഎഇയുടെ വിപണിയെ ബാധിച്ചിട്ടില്ലെന്ന് ഡോ. ഹാഷിം അല്‍ നുഐമി പറഞ്ഞു. വന്‍ തോതില്‍ ഉല്‍പന്നങ്ങള്‍ വിപണിയിലുണ്ട്. വിലയിലും മാറ്റമില്ലെന്നും ഒട്ടേറെ ഉല്‍പന്നങ്ങള്‍ക്ക് വിലക്കുറവ് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അല്‍നുഐമി വിശദീകരിച്ചു.
യൂണിയന്‍ കോഓപ്പില്‍ 300 ഉല്‍പന്നങ്ങള്‍ക്ക് 30% വരെ വിലക്കുറവ് ബാധകമാക്കിയതായി ഹാപിനസ് ആന്‍ഡ് മാര്‍ക്കറ്റിംഗ് വിഭാഗം മേധാവി ഡോ. സുഹൈല്‍ അല്‍ ബസ്തകി പറഞ്ഞു. കോഓപ് ബ്രാന്റുകള്‍ 921 ആയി വര്‍ധിച്ചു. ഇവ കോഓപ്പിന്റെ 17 ശാഖകളില്‍ ലഭ്യമാകും. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ 19 പുതിയ ശാഖകള്‍ തുറക്കുന്നതിന്റെ ഭാഗമായി 188 ശാഖകളായി വര്‍ധിക്കും. 2019ല്‍ യൂണിയന്‍ കോഓപ്പില്‍ 30,000 ഉല്‍പന്നങ്ങള്‍ വിറ്റ വകയില്‍ 30.8 ദശലക്ഷം ദിര്‍ഹമിന്റെ വ്യാപാരമുണ്ടായി.