യുഎഇ വിസകള്‍ നിര്‍ത്തി; 17 മുതല്‍ പ്രാബല്യം

ജലീല്‍ പട്ടാമ്പി
ദുബൈ: യുഎഇ എല്ലാ തരം എന്‍ട്രി വിസകളും താല്‍ക്കാലികമായി നിര്‍ത്തിയതായി ഫെഡറല്‍ അഥോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ് (ഐസിഎ) ഇന്നലെ പ്രഖ്യാപിച്ചു. ഈ മാസം 17 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. എന്നാല്‍, ഡിപ്‌ളോമാറ്റിക് പാസ്‌പോര്‍ട്ടുകളിലെ വിസകള്‍ തുടരും. അതേസമയം, മാര്‍ച്ച് 17ന് മുന്‍പ് ഇഷ്യൂ ചെയ്ത വിസകളില്‍ ഈ തീരുമാനം ബാധകമായിരിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
നോവല്‍ കൊറോണ വൈറസ് മഹാവ്യാധിയായി ലോകാരോഗ്യ സംഘടന (ഡബ്‌ള്യുഎച്ച്ഒ) പ്രഖ്യാപിച്ചതിനാല്‍, അതിനനുസൃതമായി രാജ്യം സ്വീകരിക്കുന്ന നടപടികളുടെ ചുവടു പിടിച്ചാണ് മുന്‍കരുതലായി ഇത്തരമൊരു നീക്കമെന്നും ഐസിഎ അധികൃതര്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ വ്യക്തമാക്കി. അധിക നടപടിയായി, യാത്ര പുറപ്പെടുന്ന രാജ്യത്ത് മെഡിക്കല്‍ സ്‌ക്രീനിംഗിന് വിധേയമാവണം. ലോക രാഷ്ട്രങ്ങള്‍ക്കൊപ്പം ചേര്‍ന്ന് മാരക വൈറസിനെ നേരിടാന്‍ രാജ്യം സ്വീകരിച്ചിരിക്കുന്ന ഉത്തരവാദിത്തത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതാണീ തീരുമാനമെന്നും ബന്ധപ്പെട്ടവര്‍ വിശദീകരിച്ചു.
അബുദാബിയിലെ സുപ്രധാന വിനോദ സഞ്ചാര ഇടങ്ങള്‍ ഇന്നു മുതല്‍ അടക്കുമെന്ന അറിയിപ്പ് വന്നയുടനെയാണ് ഐസിഎ വിസ നിര്‍ത്തലാക്കുന്ന പ്രഖ്യാപനവുമുണ്ടായത്. കൊറോണ വൈറസ് മുന്‍കരുതലിന്റെ ഭാഗമായി ടൂറിസ്റ്റ് സ്‌പോട്ടുകള്‍ക്ക് പുറമെ, തീം പാര്‍ക്കുകളും സാംസ്‌കാരിക കേന്ദ്രങ്ങളും ഞായറാഴ്ച മുതല്‍ അടച്ചിടുമെന്നാണ് അബുദാബി ഭരണകൂടം അറിയിച്ചത്. ല്യൂവ്ര് അബുദാബി, ഫെറാറി വേള്‍ഡ്, യാസ് വാട്ടര്‍ വേള്‍ഡ്, മനാറത് അല്‍ സഅദിയാത്, ഖസ്ര്‍ അല്‍ ഹുസ്ന്‍ തുടങ്ങിയ എമിറേറ്റിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് ഇടങ്ങള്‍ ഇന്നു മുതല്‍ 31 വരെയാണ് അടച്ചിടുക.
കൊറോണ വൈറസിനെ നേരിടാനുള്ള പ്രവര്‍ത്തനങ്ങള്‍ ലോകമെങ്ങും വമ്പിച്ച നിലയില്‍ മുന്നേറുകയാണ്. അതിവേഗം പടരുന്ന കൊറോണ വൈറസിനെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ദേശീയ അടിയന്തിരാവസ്ഥ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. രോഗം നേരിടാനുള്ള നടപടികള്‍ക്കായി 50 ബില്യന്‍ ഡോളറിന്റെ ഫണ്ടും വകയിരുത്തി.
കൊറോണ വൈറസ് മഹാവ്യാധിയില്‍ ഇതുവരെയായി ലോകമെങ്ങും 5,000ത്തിലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായി. സ്‌പെയിനിലും ഇറാനിലും ഡസന്‍ കണക്കിന് കേസുകളാണ് ഏറ്റവും പുതുതായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആഗോള തലത്തില്‍ 149,369 കേസുകള്‍ ഇതിനകം റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 71,694 പേര്‍ക്ക് അസുഖം ഭേദമായി. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ ഹുബെയ് പ്രവിശ്യയില്‍ വെള്ളിയാഴ്ച അഞ്ചു കേസുകള്‍ മാത്രമാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തതെന്ന് ഇതുസംബന്ധിച്ച അറിയിപ്പില്‍ പറഞ്ഞിരുന്നു