ന്യൂഡല്‍ഹി: രാജ്യവ്യാപക ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയത് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമായ മുന്നൊരുക്കം നടത്താതെയാണെന്ന ആക്ഷേപവുമായി കോണ്‍ഗ്രസ് രംഗത്ത്. വ്യക്തമായ ആസൂത്രണത്തിന്റെ അഭാവംമൂലം നിരവധിപേര്‍ പട്ടിണിയിലായി.
ആയിരങ്ങള്‍ക്ക് വീടുകളില്‍ എത്താന്‍ കഴിഞ്ഞിട്ടില്ല. കുടിയേറ്റ തൊഴിലാളികളാണ് കടുത്ത ദുരിതം അനുഭവിക്കുന്നത്. അവരെയെല്ലാം സഹായിക്കുന്നതിനുള്ള പദ്ധതി ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിനു മുമ്പ് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കണമായിരുന്നുവെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ഫെബ്രുവരി മാസത്തില്‍ തന്നെ കേന്ദ്ര സര്‍ക്കാരിന് രാഹുല്‍ ഗാന്ധി ആദ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അത് ചെവികൊള്ളാതിരുന്ന സര്‍ക്കാര്‍ മുന്നൊരുക്കങ്ങള്‍ നടത്തുന്നതിനു വേണ്ട വിലയേറിയ സമയം പാഴാക്കി. കേന്ദ്ര സര്‍ക്കാര്‍ ഏറെ വൈകി പ്രഖ്യാപിച്ച 1.7 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് തീര്‍ത്തും അപര്യാപ്തമാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ലോക്ക് ഡൗണിനെത്തുടര്‍ന്ന് ആയിരക്കണക്കിനു പേര്‍ വിവിധ ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ കുടുങ്ങുകയും പലര്‍ക്കും സ്വന്തം നാട്ടിലെത്താന്‍ ഭക്ഷണം പോലും കഴിക്കാതെ ദീര്‍ഘദൂരം നടക്കേണ്ടി വരികയും ചെയ്തതിന് പിന്നാലെയാണ് കേന്ദ്രത്തിനെതിരെ വിമര്‍ശവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുള്ളത്. കുടിയേറ്റ തൊഴിലാളികളുടെ കൂട്ടപ്പലായനം നിയന്ത്രിക്കാന്‍ കേന്ദ്രത്തിന് കഴിഞ്ഞില്ലെന്ന ആരോപണവും കോണ്‍ഗ്രസ് ഉന്നയിച്ചു. സ്വന്തം വീടുകളിലെത്താന്‍ കൈക്കുഞ്ഞുങ്ങളുമായി 300 കിലോ മീറ്റര്‍വരെ നടക്കേണ്ടിവരുന്ന കുടിയേറ്റ തൊഴിലാളി കളുടെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.