രാജ്യത്ത് തൊഴില്‍ നഷ്ടം രൂക്ഷം തൊഴിലില്ലായ്മ നിരക്ക് 7.78 ശതമാനം

ന്യൂഡല്‍ഹി: സാമ്പത്തിക മാന്ദ്യം രൂക്ഷമായതിന് പിന്നാലെ രാജ്യത്ത് തൊഴില്‍ നഷ്ടവും തുടര്‍ക്കഥയാവുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തെ (2019-2020) അവസാന പാദത്തിലെ രണ്ടാം മാസവും ഇന്ത്യയിലെ തൊഴിലില്ലായ്മാ നിരക്ക് കൂടിയതായി റിപ്പോര്‍ട്ട്.
ഫെബ്രുവരി മാസത്തില്‍ കഴിഞ്ഞ നാല് മാസത്തിനിടയിലെ ഏറ്റവും വലിയ വര്‍ധനയാണ് രേഖപ്പെടുത്തിയത്. തൊഴിലില്ലായ്മാ നിരക്ക് 7.78 ശതമാനമായാണ് ഉയര്‍ന്നത്. 2019 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മയാണ് ഇതെന്ന് മുംബൈ ആസ്ഥാനമായ സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമി (സി. എം. ഐ.ഇ) റിപ്പോര്‍ട്ട് പറയുന്നു. രാജ്യത്തെ സാമ്പത്തിക മാന്ദ്യമാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തുന്നത്.
ജനുവരിയില്‍ തൊഴിലില്ലായ്മ നിരക്ക് 7.16 ശതമാനമായിരുന്നു. അതില്‍ നിന്നും ഫെബ്രുവരിയില്‍ വീണ്ടും കുത്തനെ കൂടുകയായിരുന്നു. ഗ്രാമീണ മേഖലയിലാണ് തൊഴിലില്ലായ്മയില്‍ ഗണ്യമായ വര്‍ധനവുണ്ടായത്. ജനുവരിയില്‍ ഗ്രാമീണ മേഖലയില്‍ 5.97 ശതമാനം ആയിരുന്നു തൊഴിലില്ലായ്മയെങ്കില്‍ ഫെബ്രുവരിയില്‍ അത് 7.37 ശതമാനം ആയി ഉയര്‍ന്നു.
ഇതേ സമയം, നഗരമേഖലയില്‍ ജനുവരിമാസത്തേക്കാള്‍ കുറവ് രേഖപ്പെടുത്തി. ജനുവരിയില്‍ 9.70 ശതമാനം ആയിരുന്ന തൊഴിലില്ലായ്മ 8.65 ശതമാനം ആയി കുറഞ്ഞുവെന്നും കണക്കുകള്‍ പറയുന്നു.
2018ലെ എന്‍.എസ്.ഒ റിപ്പോര്‍ട്ട് പ്രകാരം രാജ്യം കഴിഞ്ഞ 45 വര്‍ഷത്തെ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് നേരിട്ടത്. എന്നാല്‍ ആ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടിരുന്നില്ല.
ഉത്പാദനം കുറഞ്ഞതിനെ തുടര്‍ന്ന്  ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദന (ജി. ഡി. പി) വളര്‍ച്ച 2019-20 സാമ്പത്തിക വര്‍ഷത്തിലെ  മൂന്നാം പാദത്തില്‍ (ഒക്ടോബര്‍-ഡിസംബര്‍) കുത്തനെ കുറഞ്ഞിരുന്നു. 4.7 ശതമാനമായാണ് ജി.ഡി.പി കുറഞ്ഞത്. ഏഴ് വര്‍ഷത്തെ ഏറ്റവും വലിയ കുറവാണ് ഈ പാദത്തില്‍ രേഖപ്പെടുത്തിയത്.  നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍.എസ്.ഒ) പുറത്തുവിട്ട കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്.
രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് 2019 ലെ അവസാന മൂന്ന് മാസങ്ങള്‍ കടന്നുപോയത്. അതിന് പുറമെ ചൈനയില്‍ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുകയും അത് ലോകത്തെ വിവിധ സ്ഥലങ്ങളിലേക്ക് പടരുകയും ചെയ്ത സാഹചര്യത്തില്‍ സാമ്പത്തിക വളര്‍ച്ചയെ കൂടുതല്‍ തളര്‍ത്തുമെന്നാണ് സാമ്പത്തികരംഗത്തുള്ളവരുടെ വിലയിരുത്തല്‍.