രാജ്യത്ത് കോവിഡ് 19 ബാധിച്ച രോഗികളുടെ എണ്ണം 151 ആയി ഉയര്‍ന്നു. ഇതില്‍ 126 പേര് ഇന്ത്യക്കാരും 25 വിദേശികളുമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്ധന് അറിയിച്ചു. 42 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കേരളം (24), യു.പി (16), കര്‍ണാടക (11), ഡല്‍ഹി (10) എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ കോവിഡ് രോഗം സ്ഥിരീകരിക്കപ്പെട്ടത്. കോവിഡ് ബാധിച്ചവരുമായി നേരിട്ട് ബന്ധപ്പെട്ട 5700 പേരെ സമ്പര്‍ക്ക വിലക്ക്് ഏര്‍പ്പെടുത്തി നിരീക്ഷണത്തിലാക്കിയതായും അദ്ദേഹം അറിയിച്ചു.
കോവിഡിനെതിരെ നിരീക്ഷണം ശക്തമാക്കണമെന്നും നിരീക്ഷണ കേന്ദ്രങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര സംഘമെത്തുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ മൂന്നു പേരടക്കം 14 പേര് കോവിഡ് രോഗം ഭേദമായി ആശുപത്രി വിട്ടതായും സര്‍ക്കാര്‍ വ്യക്തമാക്കി.
കോവിഡ് പടര്‍ന്നു പിടിക്കുന്ന പശ്ചാതലത്തില്‍ പല സംസ്ഥാനങ്ങളും കര്‍ശന നിരീക്ഷണവും നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ മദ്യഷാപ്പുകള്‍, പാന്‍ ഷോപ്പുകള്‍, റസ്റ്റാറന്റ് എന്നിവ ഈ മാസം 31 വരെ അടച്ചിടാന്‍ നിര്‍ദേശം നല്കി. പൂനെയിലും പിംപ്രി ചിന്ഞ്ച്വാഡിലും മദ്യഷോപ്പുകള്‍ അടച്ചിടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജനക്കൂട്ടത്തെ നിയന്ത്രിക്കാനായില്ലെങ്കില്‍ സബര്‍ബന്‍ ലോക്കല്‍ തീവണ്ടികളും മെട്രോയും അടച്ചിടുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി മുന്നറിയിപ്പ് നല്കി.
സൈനികന് കോവിഡ് ബാധ സ്ഥിരീകരിച്ച പശ്ചാതലത്തില്‍ ജമ്മുകശ്മീരിലെ അനന്തനാഗില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് വീടുകളില്‍ നിന്നും ജോലി ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനം വിലക്കുകയും ചെയ്തിട്ടുണ്ട്. പശ്ചിമ ബംഗാളിലും ഗോവയിലുമാണ് ഇന്നലെ പുതുതായി രോഗം റിപ്പോര്‍ട്ട് ചെയ്തത്.
അതേ സമയം ലോകത്താകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 8270 ആയി ഉയര്‍ന്നു. കൂടുതല്‍ മരണം യൂറോപ്പിലാണ് റിപ്പോര്‍ട്ട് ചെയ്തത് 3422 ഇതില്‍ ഇറ്റലിയില്‍ മാത്രം 2503 പേര് മരിച്ചു. ഏഷ്യയില്‍ 3384 പേരും മരിച്ചു. കഴിഞ്ഞ ഒരു ദിവസത്തിനിടെ 684 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.