രണ്ടു മലയാളികളടക്കം നാലു പേര്‍ക്ക് പരിക്ക്
അഷ്റഫ് വേങ്ങാട്ട്
റിയാദ്: റിയാദില്‍ കെട്ടിടത്തിന്റെ പാരപ്പെറ്റ് തകര്‍ന്ന് റെസ്റ്റോറന്റിന് മുന്നില്‍ സംസാരിച്ചു കൊണ്ടുനിന്ന മലയാളിയടക്കം രണ്ട് പേര് തല്‍ക്ഷണം മരിച്ചു. രണ്ടു മലയാളികളടക്കം നാലു പേര്‍ക്ക് പരിക്കേറ്റു. ആലപ്പുഴ കായംകുളം വനിതാ പോളിടെക്നിക്കിന് സമീപം കീരിക്കാട് കുളങ്ങരേത്ത് കോയക്കുട്ടിയുടെ മകന് അബ്ദുല്‍ അസീസ് (59) ആണ് മരിച്ച മലയാളി. തമിഴ്നാട് സ്വദേശിയാണ് മരിച്ച രണ്ടാമത്തെയാള്‍. കൊച്ചി സ്വദേശി സലീം, ഓച്ചിറ പ്രയാര്‍ സ്വദേശി അജയന് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ഷിമേസി കിംഗ് സഊദ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
റിയാദ് നഗരത്തില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ എക്സിറ്റ്-30ല്‍ ഖലീജിലുളള മലാസ് ഹോട്ടലിന് മുന്‍വശത്താണ് ഇന്നലെ രാവിലെ 9 മണിയോടെ ദാരുണമായ അപകടമുണ്ടായത്. രാവിലെ പ്രാതല്‍ കഴിച്ച ശേഷം ഹോട്ടലിന് പുറത്ത് സംസാരിച്ചു കൊണ്ടു നില്‍ക്കെ, ഹോട്ടലിന്റെ മുകളില്‍ നിന്ന് പാരപ്പെറ്റ് തകര്‍ന്ന് നിലം പതിക്കുകയായിരുന്നു. പാരപ്പെറ്റിനോടൊപ്പം ഹോട്ടലിന്റെ സൈന്‍ ബോര്‍ഡും താഴേക്ക് പതിച്ചു. കാലപ്പഴക്കമുള്ള കെട്ടിടത്തില്‍ അറ്റകുറ്റ പണികള്‍ നടന്നു വരികയായിരുന്നു. കരുനാഗപ്പള്ളി സ്വദേശി നടത്തുന്ന ഹോട്ടലില്‍ നിന്നാണ് അസീസ് എല്ലാ ദിവസവും ഭക്ഷണം കഴിക്കാറുള്ളത്. ജോലിക്ക് പോകുന്നതിന് മുന്‍പ് പ്രാതല്‍ കഴിക്കാനെത്തിയതായിരുന്നു അസീസും സഹപ്രവര്‍ത്തകരും. മരിച്ച തമിഴ്നാട് നാഗര്‍കോവില്‍ സ്വദേശിയുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. അപകട സമയത്ത് ഹോട്ടലിനകത്ത് നിരവധി പേരുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കുകളില്ല. ഇരുവരുടെയും മൃതദേഹങ്ങള്‍ ഷിമേസി ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കേളി പ്രവര്‍ത്തകര്‍ രംഗത്തുണ്ട്. അല്‍ജസീറ ഫുഡ് കമ്പനിയില്‍ ഡ്രൈവറായിരുന്നു മരിച്ച അസീസ്. റിയാദിലെ സാംസ്കാരിക സംഘടനയായ കേളി കേന്ദ്ര കമ്മിറ്റിയംഗവും റൗദ ഏരിയ സെക്രട്ടറിയുമാണ്. ഭാര്യ: റഫിയ. മക്കള്‍: ആരിഫ്, ആശിന.